Breaking News

Trending right now:
Description
 
Nov 11, 2014

വിശുദ്ധ പ്രഖ്യാപനം 23ന്‌; മാന്നാനം ആശ്രമദേവലായം ഒരുങ്ങി

image ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനം വത്തിക്കാനില്‍ നവംബര്‍ 23നു നടക്കും. അതേസമയത്തു മാന്നാനത്തു ഭക്തിനിര്‍ഭരമായ കര്‍മങ്ങള്‍ ചാവറ പിതാവിന്റെ കര്‍മഭൂമിയായ മാന്നാനത്ത്‌ നടക്കും. ഇതിനായി മാന്നാനം ആശ്രമദേവാലയം ഒരുങ്ങി. പ്രഖ്യാപനത്തിനു മുന്നോടിയായി 22നു പ്രാര്‍ഥനാദിനമായി ആചരിക്കും. അന്നു വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പുകള്‍ വഹിച്ച്‌ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന ജപമാലറാലി ചാവറയച്ചന്റെ കബറിടത്തില്‍നിന്ന്‌ ആരംഭിക്കും. 23നു രാവിലെ 10.30നു കുടമാളൂര്‍, അതിരമ്പുഴ, കൈപ്പുഴ ഫൊറോനകളിലെ വൈദികരും മിഷന്‍ലീഗ്‌ അംഗങ്ങളും ജപമാല റാലിയായി മാന്നാനത്തെത്തി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ആര്‍ച്ച്‌ബിഷപ്‌ കുറിയാക്കോസ്‌ മാര്‍ സേവേറിയോസ്‌ സന്ദേശം നല്‍കും. ആരാധനയ്‌ക്കു ബ്രദര്‍ മാര്‍ട്ടിന്‍ പെരുമാലി നേതൃത്വം നല്‍കും. തുടര്‍ന്നു വത്തിക്കാനിലെ തിരുക്കര്‍മങ്ങളുടെ തത്സമയ സംപ്രേഷണം. 4.30ന്‌ 100 വൈദികരുടെ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലിയും നൊവേനയും നടക്കും. തിരുവല്ല ആര്‍ച്ച്‌ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ സന്ദേശം നല്‍കും. വൈകുന്നേരം ആറിനു പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിക്കും. ചാവറ ഭവനനിര്‍മാണ പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. മന്ത്രി രമേശ്‌ ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തും. വിശുദ്ധ പ്രഖ്യാപനദിവസം അരലക്ഷം തീര്‍ഥാടകരെയാണ്‌ ആശ്രമദേവാലയത്തില്‍ പ്രതീക്ഷിക്കുന്നത്‌. ഇതിനായുള്ള പന്തലുകളാണ്‌ ഉയരുന്നത്‌. വാഹന പാര്‍ക്കിങ്ങിനും സൗകര്യമുണ്ടായിരിക്കും. ദേവാലയത്തിലും പരിസരങ്ങളിലും പരിപാടികാണാന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സജ്ജീകരിക്കും. നിരീക്ഷണ ക്യാമറകളും ഉണ്ടാകും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ചാവരയച്ചന്റെയും പുതിയ ശില്‌പം ദേവാലയഅങ്കണത്തില്‍ ഒരുങ്ങുന്നുണ്ട്‌. ചങ്ങനാശേരി ക്ലാരിസ്‌റ്റ്‌ മഠത്തില്‍ അല്‍ഫോന്‍സാമ്മ രോഗിയായി കഴിയവേ ഏലിയാസച്ചന്‍ പ്രത്യക്ഷപ്പെട്ടു രോഗശാന്തി നല്‍കുന്നതിന്റെ ചിത്രീകരണമാണ്‌ ഈ ശില്‌പം.