Breaking News

Trending right now:
Description
 
Nov 09, 2014

എഴുത്തുകാരി പ്രഫ.ബി.ഹൃദയകുമാരി അന്തരിച്ചു

image എഴുത്തുകാരിയും അധ്യാപികയുമായ പ്രഫ. ബി.ഹൃദയകുമാരി (84) അന്തരിച്ചു. തിരുവനന്തപുരത്ത്‌ ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. കഴിഞ്ഞ രണ്ടാഴ്‌ചയായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‌ രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്‌ ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. 38 വര്‍ഷക്കാലത്തോളം സംസ്ഥാനത്തെ വിവിധ കോളജുകളില്‍ ഇംഗ്ലീഷ്‌ അധ്യാപികയായി പ്രവര്‍ത്തിച്ചു. എഴുത്തുകാരി, പ്രഭാഷക, നിരൂപക, വിദ്യാഭ്യാസ വിചക്ഷണ, സാംസ്‌കാരിക പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്‌തയായിരുന്നു ഹൃദയകുമാരി ടീച്ചര്‍. വിമന്‍സ്‌ കോളജ്‌, യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളില്‍നിന്നായി ഇംഗ്ലീഷ്‌ ഭാഷയിലും സാഹിത്യത്തിലും എംഎ ബിരുദം നേടി. നന്ദിപൂര്‍വം എന്നപേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ലേഖനസമാഹാരമായ കാല്‍പനികതയ്‌ക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു. സോവിയറ്റ്‌ കള്‍ച്ചറല്‍ സൊസൈറ്റി, ഗുപ്‌തന്‍ നായര്‍ പുരസ്‌കാരം, ശങ്കരനാരായണന്‍തമ്പി അവാര്‍ഡ്‌, പ്രഫ.ഗുപ്‌തന്‍നായര്‍ സ്‌മാരക അവാര്‍ഡ്‌ എന്നിവയും ലഭിച്ചിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ വനിതാ രത്‌നം അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസപരിഷ്‌കരണ സമിതി അധ്യക്ഷയായിരുന്നു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കരിക്കുലം കമ്മിറ്റി അംഗമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ.കാര്‍ത്യായനിയമ്മയുടെയും മകളായി 1930 സെപ്‌റ്റംബറിലാണ്‌ ഹൃദയകുമാരി ജനിച്ചത്‌.