Breaking News

Trending right now:
Description
 
Nov 27, 2012

ഇന്ത്യയിലേക്ക്‌ എയര്‍ബസ്‌ എ-321 സര്‍വീസുമായി ഗള്‍ഫ്‌ എയര്‍

ഗള്‍ഫ്‌ എയറിന്റെ ന്യൂഡല്‍ഹി സര്‍വീസിന്‌ 31 വയസ്‌
image
ന്യൂഡല്‍ഹി: ബഹ്‌റിന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ്‌ എയര്‍ ഇന്ത്യന്‍ റൂട്ടുകളില്‍ അത്യാധുനിക എ-321 എയര്‍ബസ്‌ സേവനം ആരംഭിക്കുന്നു. ഗള്‍ഫ്‌ എയര്‍ ഇന്ത്യന്‍ തലസ്ഥാനത്തേക്കുള്ള സര്‍വീസ്‌ 31 വര്‍ഷം പിന്നിടുന്ന വേളയിലാണ്‌ കമ്പനി ഈ സേവനം ഇന്ത്യക്കാര്‍ക്കായി അവതരിപ്പിക്കുന്നത്‌. 

ഇന്ത്യയിലേക്ക്‌ സര്‍വീസ്‌ ആരംഭിക്കുന്ന ആദ്യ ഗള്‍ഫ്‌ വിമാനക്കമ്പനികളിലൊന്നാണ്‌ ഗള്‍ഫ്‌ എയര്‍. 1971 ലാണ്‌ കമ്പനി മുംബൈ സര്‍വീസിലൂടെ ഇന്ത്യയുമായുള്ള ബന്ധത്തിന്‌ തുടക്കം കുറിക്കുന്നത്‌. 1981 ല്‍ ന്യൂഡല്‍ഹി സര്‍വീസ്‌ ആരംഭിച്ചു. ചെന്നൈ, കൊച്ചി നഗരങ്ങളിലേക്കും പിന്നീട്‌ ഗള്‍ഫ്‌ എയര്‍ സേവനമാരംഭിച്ചു. ബഹ്‌റിനും ഇന്ത്യയ്‌ക്കുമിടയില്‍ പ്രതിവര്‍ഷം 16600 സീറ്റുകളാണ്‌ കമ്പനി നിലവില്‍ നല്‍കുന്നത്‌. ചെന്നൈ, ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്ന്‌ ദിവസേന രണ്ടു ഫ്‌ളൈറ്റുകള്‍ വീതമുണ്ട്‌ ഗള്‍ഫ്‌ എയറിന്‌. 

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ്‌ എ321 എയര്‍ബസ്‌ ഈ റൂട്ടുകളില്‍ അവതരിപ്പിക്കുന്നതെന്ന്‌ ഗള്‍ഫ്‌ എയര്‍ ചീഫ്‌ കൊമേഴ്‌സ്യല്‍ ഓഫീസര്‍ കരീം മക്‌ലൂഫ്‌ പറഞ്ഞു. ഫ്‌ളാറ്റ്‌ബെഡ്‌ സീറ്റുകളുള്ള ഈ വിമാനത്തില്‍ യാത്രക്കാരന്‌ തനിയെ പ്രവര്‍ത്തിപ്പിക്കാവുന്ന ഇന്‍സീറ്റ്‌ മസാജ്‌ സൗകര്യവുമുണ്ട്‌. ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും മികച്ച കണക്‌ടിവിറ്റി സൗകര്യം ഉറപ്പു നല്‍കുന്ന ഗള്‍ഫ്‌ എയര്‍ ഗള്‍ഫ്‌, മിഡില്‍ ഈസ്റ്റ്‌, നോര്‍ത്ത്‌ ആഫ്രിക്ക, യൂറോപ്പ്‌ ഇന്നിവിടങ്ങളിലേക്കായി ഫലത്തില്‍ 730 പ്രതിവാര സര്‍വീസുകളാണ്‌ ഇന്ത്യന്‍ യാത്രികര്‍ക്ക്‌ ലഭ്യമാക്കുന്നത്‌.

ഇന്ത്യന്‍ യാത്രികര്‍ക്കു വേണ്ടി ആകര്‍ഷകമായ പുതിയ പദ്ധതികളും ഗള്‍ഫ്‌ എയര്‍ അവതരിപ്പിച്ചു. കോര്‍പ്പറേറ്റ്‌ യാത്രക്കാര്‍ക്കായി ഫാല്‍ക്കണ്‍ കോര്‍പ്പറേറ്റ്‌ പ്ലസ്‌, ഇടത്തരം സ്ഥാപനങ്ങള്‍ക്കായി പ്രത്യേക ബോണസ്‌ പ്രോഗ്രാം, നവീകരിച്ച ഫാല്‍ക്കണ്‍ ഫ്‌ളയര്‍ ഫ്രീക്വന്റ്‌ ഫ്‌ളയര്‍ പ്രോഗ്രാം, കുടുംബാഗങ്ങള്‍ക്കായി ഫാമിലി ഫസ്റ്റ്‌ തുടങ്ങിയ സ്‌കീമുകള്‍ ഇതില്‍ പെടുന്നു. ദീര്‍ഘ ദൂര ഫ്‌ളൈറ്റുകളില്‍ ഹൈസ്‌പീഡ്‌ ഇന്റര്‍നെറ്റ്‌, 3ജി-4ജി മൊബൈല്‍ ഡാറ്റാ കണക്‌ടിവിറ്റി, സ്‌കൈപ്പ്‌ , വീഡിയോ സ്‌ട്രീമിംഗ്‌ തുടങ്ങിയ സേവനങ്ങള്‍ ഗള്‍ഫ്‌ എയര്‍ നല്‍കുന്നു.
ബഹ്‌റിനും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധത്തിന്‌ 5000 വര്‍ഷത്തെ പഴക്കമുണ്ട്‌. 4 ലക്ഷം ഇന്ത്യക്കാര്‍ നിലവില്‍ ബഹ്‌റിനില്‍ ജീവിക്കുന്നു. ഇരു രാജ്യവും തമ്മിലുള്ള മൊത്തം വ്യാപാരം 1.7 ബില്യണ്‍ ഡോളറിന്റെതാണ്‌.

1950 ല്‍ സ്ഥാപിതമായ ഗള്‍ഫ്‌ എയര്‍ ബഹ്‌റിന്റെ ദേശീയ എയര്‍ലൈനാണ്‌. 28 രാജ്യങ്ങളിലായി 48 നഗരങ്ങളിലേക്ക്‌ ഗള്‍ഫ്‌ എയര്‍ നിലവില്‍ സര്‍വീസ്‌ നടത്തുന്നു.