Breaking News

Trending right now:
Description
 
Nov 03, 2014

ബ്ലാക്ക്‌ബെറി മെസഞ്ചറിന്‌ കൂടുതല്‍ സുരക്ഷയും സ്വകാര്യതയും

image സ്‌മാര്‍ട്ട്‌ ഫോണുകള്‍ വഴിയുള്ള ആശയവിനിമയത്തിന്‌ കൂടുതല്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ട്‌ ബ്ലാക്ക്‌ബെറി മെസഞ്ചര്‍. സ്വകാര്യത, ഉപയോഗിക്കുന്ന ആള്‍ക്ക്‌ കൂടുതല്‍ നിയന്ത്രണം എന്നീ അടിസ്ഥാന സമീപനങ്ങളിലൂന്നിയാണ്‌ കമ്പനി ബിബിഎമ്മിനെ പരിഷ്‌കരിച്ചത്‌.

ടൈംഡ്‌ മെസേജസ്‌ എന്ന സവിശേഷതയാണ്‌ പുതുമകളില്‍ പ്രധാനപ്പെട്ടത്‌. അയക്കുന്ന ഒരു സന്ദേശം എത്രസമയം വരെ അത്‌ സ്വീകരിക്കുന്ന ആള്‍ക്ക്‌ കാണാന്‍ കഴിയും എന്നത്‌ നിശ്ചയിക്കാന്‍ അയക്കുന്ന ആള്‍ക്ക്‌ സൗകര്യം നല്‍കുന്നു ഈ ഫീച്ചര്‍. സ്വീകരിച്ച ആള്‍ ബിബിഎം തുറന്ന്‌ സന്ദേശം ടച്ച്‌ സങ്കേതമുപയോഗിച്ച്‌ വായിച്ച്‌ വിരലെടുത്താലോ, അല്ലെങ്കില്‍ അയച്ചയാള്‍ സെറ്റ്‌ ചെയ്‌ത സമയം കഴിഞ്ഞാലോ സന്ദേശം അപ്രത്യക്ഷമാകുന്നു. സ്വീകരിച്ചയാള്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്താല്‍ അയച്ച ആള്‍ക്ക്‌ അലര്‍ട്ട്‌ ലഭിക്കും.

അയച്ച സന്ദേശം തിരിച്ചെടുക്കാനുള്ള മെസേജ്‌ റിട്രാക്ഷന്‍ ആണ്‌ പുതുതായി ഏര്‍പ്പെടുത്തിയ മറ്റൊരു സവിശേഷത. സ്വീകരിച്ചയാള്‍ വായിച്ചതിനു ശേഷമോ മുമ്പോ സന്ദേശം ബിബിഎം ചാറ്റില്‍ നിന്ന്‌ തിരിച്ചെടുക്കാന്‍ ഈ സേവനം സഹായിക്കുന്നു.

ബിബിഎമ്മില്‍ ചിത്രങ്ങള്‍ ലഭിക്കുമ്പോള്‍ ഇനി ഉയര്‍ന്ന നിലവാരത്തിലുള്ള എച്ച്‌ഡി ചിത്രങ്ങള്‍ ആവശ്യപ്പെടാം. വളരെ വേഗത്തില്‍ തന്നെ കാണാം ചിത്രങ്ങള്‍. ഇനി കൂടുതല്‍ വേഗത്തില്‍ സ്റ്റിക്കറുകള്‍ തെരഞ്ഞെടുക്കാനും ചാറ്റിലൂടെ അയക്കാനും സാധിക്കും. ബിബിഎം കോണ്ടാക്‌ട്‌ ലിസ്റ്റിലെ ആളുകളെ നിങ്ങള്‍ കേള്‍ക്കുന്ന ഗാനങ്ങള്‍ ഏതാണെന്നറിയിക്കാനുള്ള സംവിധാനം തുടങ്ങിയവയും പുതിയ ബിബിഎമ്മിന്റെ സവിശേഷതകളാണ്‌.