Breaking News

Trending right now:
Description
 
Nov 01, 2014

ഗോവ ഫിലിം ഫെസ്റ്റിവല്‍: മലയാളത്തില്‍ നിന്ന് ഏഴ് സിനിമ ഇന്ത്യന്‍ പനോരമയില്‍

തോമസ് മത്തായി കരിക്കംപള്ളില്‍
image ഗോവയില്‍ 2014 നവംബര്‍ 20-നാരംഭിക്കുന്ന 45-ാമതു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഫീച്ചര്‍, നോണ്‍ഫീച്ചര്‍ ഫിലിമുകള്‍ അന്തിമമായി തെരഞ്ഞെടുത്തു. ഫീച്ചര്‍ ഫിലിമുകളില്‍ മലയാളത്തില്‍ നിന്ന് ഏഴെണ്ണമാണുള്ളത്. 1983 (എബ്രിഡ് ഷൈന്‍), നോര്‍ത്ത് 24 കാതം (അനില്‍ രാധാകൃഷ്ണന്‍ മേനോന്‍), ഞാന്‍ സ്റ്റീവ് ലോപസ് (രാജീവ് രവി), ദൃശ്യം (ജീത്തു ജോസഫ്), മുന്നറിയിപ്പ് (വേണു), സ്വാപാനം (ഷാജി എന്‍. കരുണ്‍), ഞാന്‍ (രഞ്ജിത്). പ്രമുഖ സിനിമാ നിര്‍മാതാവ് എ.കെ.ബിറിന്റെ നേതൃത്വത്തിലുള്ള 13 അംഗ ജൂറിയാണ് 181 എന്‍ട്രികളില്‍ നിന്ന് 26 എണ്ണം തെരഞ്ഞെടുത്തത്. ജൂറി അംഗങ്ങളില്‍ കേരളത്തില്‍ നിന്നുള്ള എഴുത്തുകാരനും നിരൂപകനുമായ എം.സി.രാജനാരായണയുണ്ടായിരുന്നു. സിനിമകള്‍ തെരഞ്ഞെടുക്കാന്‍ ജൂറി 23 ദിവസം ചെലവഴിച്ചു. ഇന്ത്യന്‍ പനോരമയുടെ ആരംഭചിത്രം എലിസബത്ത് ഏകാദശി (പരേഷ് മോകാഷി). മറാത്തി ചിത്രമാണിത്. നോണ്‍ ഫീച്ചര്‍ ഫിലിമുകളില്‍ മലയാളത്തില്‍ ഭൂമിയില്‍ ചുവടുറച്ച് (വിപിന്‍ വിജയ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറിയപ്പെടുന്ന സിനിമാ നിര്‍മാതാവ് മൈക് പാണ്ഡേ അധ്യക്ഷനായുള്ള ഏഴംഗ ജൂറി 100 എന്‍ട്രികളില്‍ നിന്ന് 15 എണ്ണമാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ തെരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നുള്ള നിര്‍മാതാവും ഡയറക്ടറുമായ ബാബു കാമ്പ്രത്ത് ജൂറി അംഗമായിരുന്നു. ലാസ്റ്റ് അദിയേ (ശബ്‌നം സുഖ്‌ദേവ്) ആണ് ഈ വിഭാഗത്തിലെ പ്രാരംഭ ചിത്രം. ഇംഗ്ലീഷിലുള്ളതാണിത്. 61-ാമതു നാഷണല്‍ ഫിലിം അവാര്‍ഡ്‌സ് 2013-ല്‍ മികച്ച ഫീച്ചര്‍ ഫിലിമായി തെരഞ്ഞെടുത്ത ശിപ് ഓഫ് തെസ്യൂസ് (ആനന്ദ് ഗാന്ധി), നോണ്‍ ഫീച്ചര്‍ ഫിലിമായി തെരഞ്ഞെടുത്ത രംഗഭൂമി (കമല്‍ സ്വരൂപ്) എന്നിവ ഇന്ത്യന്‍ പനോരമ 2014-ല്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ പനോരമ 2013-ല്‍ ഉണ്ടായിരുന്നതിനാല്‍ ഇന്ത്യന്‍ പനോരമ ചട്ട പ്രകാരമാണിത്.