Breaking News

Trending right now:
Description
 
Nov 01, 2014

മുത്തു ഗൗ, മുത്തു ഗൗ, ചുംബനത്തിനുമുണ്ടോ അശ്ലീലത?

ജിജി മോള്‍ ഇ. എസ്‌.
image തേന്‍മാവിന്‍ കൊമ്പത്തെന്ന സിനിമയില്‍ ശോഭന ലാലിനെ വട്ടാക്കുവാന്‍ മുത്തു ഗൗ ചോദിക്കുന്നുണ്ട്‌.
മുത്തു ഗൗവിന്റെ അര്‍ത്ഥം തേടി ഒരു പാട്‌ അടി വാങ്ങി കൂട്ടുന്ന ലാലിന്റെ കഥാപാത്രത്തിന്‌ മുത്തു ഗൗവിന്റെ അര്‍ത്ഥം ലഭിക്കുന്നത്‌ പരിശുദ്ധമായ ചുംബനത്തിലൂടെയാണ്‌. അമ്മ തന്റെ കുഞ്ഞിനെ ചുംബിക്കുന്ന രംഗം. ചുംബനത്തിന്‌ ലൈംഗികതയുടെ പരിവേഷം മാത്രമല്ലെന്നു ഈ വിശുദ്ധ ചുംബനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മുത്തു ഗൗവെന്തെന്നു അറിയുമ്പോള്‍ പ്രക്ഷേകര്‍ക്കും ആ സന്തോഷമാണ്‌ തോന്നുന്നത്‌.
പ്രാര്‍ത്ഥക്കുവാന്‍ ദൈവങ്ങളുടെ അടുത്തു പോകുന്നവര്‍ ദൈവത്തെ ചുംബിക്കാറുണ്ട്‌. മനുഷ്യദൈവങ്ങളെയും നമ്മള്‍ ലിംഗ വ്യത്യസങ്ങള്‍ മറന്നു ചുംബിക്കാറുണ്ട്‌.
മാതാ അമൃതാനന്ദമയി എല്ലാ മനുഷ്യരെയും ലിംഗ പ്രായഭേദമന്യേ ചുംബനം നല്‌കി സ്വീകരിക്കുന്നു. അതില്‍ അശ്ലീലത കണ്ടെത്തി വിമര്‍ശിക്കുന്നവരെ അമൃതനന്ദമയി ഭക്തര്‍ തെറിവിളിച്ചോടിക്കുക തന്നെ ചെയ്യും. (അതില്‍ യുവമോര്‍ച്ചക്കാര്‍ പെടുമോയെന്നറിയില്ല.) 
ഭക്തിയുടെ, സനേഹത്തിന്റെ മൂര്‍ത്തിമത്‌ ഭാവമാണ്‌ ചുംബനം. ലൈംഗികതയുടെ പ്രത്യക്ഷ സ്‌നേഹപ്രകടനവും ചുംബനമാണ്‌. 
നവവധുവരന്മാരായ ( പത്തു വര്‍ഷം മുമ്പ്‌) ഞാനുമെന്റെ ഭര്‍ത്താവും ഒരിക്കല്‍ ആലപ്പുഴ കടപ്പുറത്ത്‌ എത്തി. പെട്ടെന്ന്‌ എവിടെ നിന്നോ വന്ന ചാറ്റല്‍ മഴ കടപ്പുറത്തെ നനച്ചു. കടലില്‍ തിരമാലകള്‍ ആര്‍ത്തു പൊങ്ങുന്നു.ചുവന്ന സന്ധ്യ മേഘങ്ങള്‍ വര്‍ണ കുട വിരിച്ച ആകാശം. ഏതു കഠിന ഹൃദയനെയും പ്രണയതുരനാക്കുവാന്‍ പ്രകൃതി നടത്തിയ ശ്രമം. ഈ മനോഹര തീരത്ത്‌ മലയാളികളായ നവ വധു വരന്‍മാര്‍ ആരും ചുംബിച്ചില്ല. പെട്ടെന്ന്‌ രണ്ടു വിദേശ ദമ്പതികള്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌ ചുംബിച്ചു പരിസരം മറന്ന്‌ ആലിംഗനബദ്ധരായി. അതവരുടെ സംസ്‌കാരമായതു കൊണ്ടാകാം എല്ലാവരും എറു കണ്ണിട്ടു നോക്കി അവരെ പുറമേ സംസ്‌കാര ശൂന്യര്‍ എന്നു അധിക്ഷേപിക്കുകയും ഉള്ളില്‍ അതിനായി ആഗ്രഹിക്കുകയും ചെയ്‌തത്‌. ഒരു മലയാളിക്കും പത്തു വര്‍ഷം മുമ്പ്‌ പരസ്യമായി ചുംബിക്കാന്‍ ധൈര്യമില്ലായിരുന്നു. അത്‌ ഭര്‍ത്താവാണെങ്കിലും ഭാര്യയാണെങ്കിലും. ( ന്യു ജനറേഷന്‍സിനും ഇല്ല)

ചുംബനം നല്‌കുന്ന കരുതല്‍ ലൈംഗികതയ്‌ക്കുള്ള മുന്നൊരുക്കം മാത്രമല്ല. പരസ്‌പരമുള്ള കരുതലും പിന്തുണയുമാണ്‌ ചുംബനത്തിലൂടെ നാം പങ്കുവയ്‌ക്കുന്നത്‌. 
വിദേശ യാത്രയ്‌ക്ക്‌ പോകുന്നവരെ ഭാര്യയും ഭര്‍ത്താവും ഒഴിച്ചുള്ള എല്ലാവര്‍ക്കും പരസ്യമായി ചുംബിക്കാം. ഭാര്യയോ ഭര്‍ത്താവോ പരസ്യമായി ചുംബിച്ചാല്‍ സദാചാര വിരുദ്ധമായി കാണുന്നവരാണ്‌ മലയാളികള്‍. ഇത്തിരി അശ്ലീലതയും. നാലു ചുമരിനുള്ളില്‍ ആരു കാണാതെ മാത്രമേ ഭാര്യയ്‌ക്കും ഭര്‍ത്താവിനും ചുംബിക്കാന്‍ നാം അനുവാദം നല്‌കുന്നൊള്ളു. ഇണകളിലൊരാള്‍ ശവമായി കിടക്കുമ്പോള്‍ നല്‌കുന്ന അന്ത്യചുംബനം മാത്രമാണ്‌ ഈ സംസ്‌കാരം അനുവദിക്കുന്ന പരസ്യ ചുംബനം. 

മൂന്നുവര്‍ഷം മുമ്പ്‌ എന്റെ നാലുവയസുകാരി മകളും കൂട്ടുകാരനും സ്‌കൂള്‍ ബസില്‍ വച്ചു ഒരുമ്മ വച്ചതിന്‌ ഉണ്ടായ പുകില്‍ ചില്ലറയൊന്നുമല്ല. കുട്ടികളുടെ കുട്ടിത്തത്തില്‍ കാമം കലര്‍ത്തി അവരെ സദാചാര വിരുദ്ധരായി ചിത്രീകരിച്ചു കൊച്ചു ഹൃദയങ്ങളെ വേദനപ്പിച്ചവരില്‍ മുതിര്‍ന്നവരുമുണ്ടായിരുന്നു. ആണിന്‌ പെണ്ണിനോട്‌ കാമം മാത്രമേ തോന്നുവാന്‍ പാടുള്ളുവെന്ന സദാചാരം നിയമം പുതിയ കാലഘട്ടത്തിന്റെതു മാത്രമല്ല. 

എന്നാല്‍ ഭിന്ന ലിംഗങ്ങളോട്‌ തോന്നുന്ന സൗഹൃദവും ഇഷ്ടവുമൊക്കൊ കാമത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നവരായി നാം അധപതിച്ചോയെന്ന്‌ സദാചാര പോലീസുകാരുടെ ഇടപെടല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ കിസ്‌ ഡേയും സദാചാര പോലീസിന്റെ ഇടപെടലുകളും സാമൂഹിക മാറ്റത്തിനുള്ള ചില മുന്നൊരുക്കങ്ങളാണ്‌. വലിഞ്ഞു മുറുകി പൊട്ടാന്‍ നില്‍ക്കുന്ന സാംസ്‌കാരിക ബോംബിന്റെ ആദ്യസ്‌ഫോടനമോ മുന്നൊരുക്കമോ ആകാം ഈ ഉമ്മ വയ്‌പ്പ്‌ സമരം.

ലൈംഗിക സ്വാതന്ത്ര്യത്തിനായുള്ള പുതുതലമുറയുടെ ആഹ്വാനത്തെ പക്വമായി സമീപിക്കുന്നതാവും നല്ലത്‌. മതിലുകളില്ലാതെ ചുംബിക്കാന്‍, കരുതല്‍ നല്‌കുവാന്‍ ഒരു സ്‌നേഹം ചുംബനം എല്ലാ ചുംബന വിരുദ്ധര്‍ക്കും എന്റെ വക.