Breaking News

Trending right now:
Description
 
Oct 30, 2014

വഴിവാണിഭം: പുനഃരധിവാസ​മല്ല വേണ്ടത്; സൗകര്യങ്ങള്‍ വര്‍ധിപ്പിക്കു​ക മാത്രം

image
ആലപ്പുഴ: മുഷ്ടിബലം കാട്ടിയും ഗതാഗതം തടസ്സപ്പെടുത്തിയും അനധികൃത വഴിവാണിഭം നടത്തുന്നവരെ നിയമവിധേയമായി കുടിയിരുത്താനുള്ള ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ നീക്കം അത്ര നല്ല സന്ദേശമല്ല നിയമങ്ങള്‍ പാലിച്ചു ജീവിക്കുന്ന സാധാരണക്കാര്‍ക്കു നല്കുന്നതെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍.

അനധികൃത വഴിക്കച്ചവടക്കാരെ പുനഃരധിവസിപ്പിക്കുന്നതു ഏതായാലൂം വീണ്ടും റോഡിന്റെ വക്കിലാകരുത്. ഒഴിപ്പിക്കുന്നതിനു പിന്നാലെ തന്നെ അവിടെയിരിക്കാന്‍ അനുവദിക്കയുമരുത്. കാല്‍നടയാത്രയും വാഹനഗതാതവും തടസ്സപ്പെടുത്തുന്ന കച്ചവടക്കാരുടെ നിയന്ത്രണമില്ലാത്ത കടന്നുകയറ്റത്തെ ഒരു തരത്തിലും അനുകൂലിക്കാനാകില്ല. അതു ജീവിതസന്ധാരണത്തിനായിട്ടാണെന്നു പറഞ്ഞാല്‍പ്പോലും. നടപ്പാതയ്ക്കും റോഡിനും അതിന്റേതായ ആവശ്യകതകളുണ്ട്.

ആലപ്പുഴ പട്ടണത്തില്‍ ഏതായാലും അനധികൃത കച്ചവടക്കാരെ പുനഃരധിവസിപ്പിക്കുകയല്ല ചെയ്യേണ്ടത്. ജനങ്ങള്‍ക്കു തടസ്സങ്ങളുണ്ടാക്കാതെ കച്ചവടം നടത്താനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടത്.

 > പട്ടണത്തിലെ മീന്‍, ഇറച്ചി, പലചരക്ക്, പച്ചക്കറി മാര്‍ക്കറ്റ് വിപുലമായ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുക.

 > കോടതി, സ്‌കൂള്‍, മുനിസിപ്പാലിറ്റി, കളക്ടറേറ്റ് തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ മുറ്റം വൈകുന്നേരം അഞ്ചിനും രാത്രി പത്തിനുമിടയ്ക്ക് താത്കാലിക കച്ചവടക്കാര്‍ക്ക് ചെറു വാടകയില്‍ തുറന്നു കൊടുക്കുക. കച്ചടവടം കഴിഞ്ഞ് ചപ്പുചവറുകള്‍ അന്നന്നു നീക്കം ചെയ്ത് വൃത്തിയാക്കിയിടാനും ഏര്‍പ്പാടുണ്ടാക്കുക.

 > മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ഡസന്‍ കണക്കിനു പുതിയ കടമുറികള്‍ വലിയ ഡിപ്പോസിറ്റ് ആവശ്യപ്പെടാതെ ന്യായ വാടകയ്ക്കു നല്കുക. ഇപ്പോഴുള്ള കടമുറികള്‍ രണ്ടാക്കിയാല്‍ പോലും കുഴപ്പമില്ല.

റോഡുനീളെ കച്ചവടം നടത്തണമെന്നു അനധികൃത കച്ചവടക്കാരും ഉപഭോക്താക്കളും വാശിപിടിക്കരുത്. മീനും ഇറച്ചിയും പച്ചക്കറിയും പലചരക്കും വസ്ത്രങ്ങളും റോഡിലും കാണയ്ക്കു മുകളിലും വൃത്തികേടാക്കി നിരത്തിയിട്ടു വില്‌ക്കേണ്ട സാധനങ്ങളല്ല. പട്ടണത്തില്‍ ആവശ്യമായ മാര്‍ക്കറ്റുകള്‍ സൗകര്യങ്ങളോടെ ആരംഭിക്കണം. കോടതിയും കളക്ടറേറ്റും ആശുപത്രിയും ഓരോരുത്തരുടേയും വീട്ടുമുറ്റത്തു കാണില്ല. ആവശ്യക്കാര്‍ അതുള്ളയിടങ്ങിലേക്കു പോകണം.

വഴിവാണിഭക്കാരില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ഏതെങ്കിലും കുത്തകയുടെ ദിവസക്കൂലിക്കാര്‍ മാത്രമാണെന്നാണ് മനസ്സിലാക്കുന്നത്. വന്‍ മാളുകളുടെ റോഡില്‍ നിരത്തിയ ജനകീയ രൂപം! വ്യക്തികളാണ് വാണിഭം നടത്തുന്നതെങ്കില്‍ സാധനങ്ങള്‍ക്കു വിലവ്യത്യാസമുണ്ടായേനെ. കുറഞ്ഞും കൂടിയും ഇരിക്കും. എന്നാല്‍ ഒരേയിനം സാധനത്തിനു എല്ലായിടത്തും ഒറ്റവിലയാണ്. നികുതി കൊടുക്കാതെ, ഭക്ഷ്യസുരക്ഷ പാലിക്കാതെ കൊള്ളവിലയ്ക്കു സാധനങ്ങള്‍ വില്ക്കാന്‍ ആരേയും കൈയൂക്കിന്റെ പേരില്‍ അനുവദിക്കേണ്ട കാര്യമില്ല. അങ്ങനെ കീഴടങ്ങുന്ന രാഷ്ട്രീയക്കാര്‍ ഏതായാലും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കു വേണ്ടിയല്ല നിലകൊള്ളുന്നത്.

ഒരിടത്തും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനാകാത്ത വിധം 'നോ പാര്‍ക്കിംഗ്' ബോര്‍ഡുകള്‍ സ്ഥാപിച്ചും റോഡുകള്‍ നൂലുകെട്ടി തടഞ്ഞ് 'വണ്‍വേ'യാക്കിയും അവിടങ്ങളില്‍ അധികൃതര്‍ വഴിവാണിഭത്തിനു സൗകര്യമൊരുക്കുന്നതും പൊതുജനങ്ങളോടുള്ള നീതിനിഷേധമാണ്.