Breaking News

Trending right now:
Description
 
Sep 19, 2012

ഈ പെണ്‍ പോരാട്ടം വിജയിക്കുമോ...

image ഇവള്‍ മരിച്ചാല്‍ നിങ്ങള്‍ക്കു വേദനിക്കേണ്ട കാര്യമില്ല,ഇവള്‍ മരിച്ചതു നിങ്ങള്‍ക്കു വേണ്ടിയല്ല. ഇവിടുത്തെ മനുഷ്യര്‍ നിങ്ങളുടെ ആരുമല്ല ഒരു സര്‍ക്കാര്‍ കാണിക്കാത്ത മനുഷത്വം സാധാരണക്കാരായ നിങ്ങളില്‍ നിന്ന്‌ പ്രതീക്ഷിക്കാനാവില്ല. എങ്കിലും മനസാക്ഷി മരവിച്ചിട്ടില്ലങ്കില്‍ നിങ്ങളിത്‌ വായിക്കണം ആളും ആരവവുമില്ലാതെ ഈ സ്‌ത്രീ നടത്തുന്ന സമരം ഏറ്റെടുക്കുവാന്‍ നിങ്ങളുടെ മനസാക്ഷിക്കാവും, നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാനാവില്ലങ്കിലും. ഇവള്‍ ഇറോം ഷാനു ഷര്‍മിള. മണിപ്പുരുകാരിയായ ഈസ്‌ത്രീ വാദിക്കുന്നത്‌ ആ നാട്ടിലെ പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യര്‍ക്കു വേണ്ടിയാണ്‌. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യനായി രൂപം കൊടുത്ത സായുധസേന പ്രത്യക നിയമത്തിനെതിരെയാണ്‌ [അഫ്‌സപ} യാണ്‌ ഇറോം ഷര്‍മിളയുടെ പോരാട്ടം. 1980 യില്‍ നിലവില്‍ വന്ന ഈ നിയമം സംശയം തോന്നിയാല്‍ ആരെ വേണമെങ്കിലും അറസ്‌റ്റ്‌ ചെയ്യാനും വെടി വെയ്‌ക്കാനും സേനയ്‌ക്ക്‌ പ്രത്യേക അധികാരം നല്‌കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ, സൈനികോദ്യോഗസ്ഥകര്‍ക്കെതിരെ നടപടി എടുക്കുന്നതിനെ അഫ്‌സഫ വിലക്കുകയും ചെയ്യുന്നു. ഈ നിയമം നിലവില്‍ വന്നതിനു ശേഷം ഇരുപതിനായിരത്തിലധികം മണിപ്പൂരികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. വെറും അഞ്ചായിരുന്ന തീവ്രവാദി സംഘടനകളുടെ എണ്ണം ഇരുപതായി വര്‍ദ്ധിച്ചു. ഇൗ സ്‌ത്രീ ഈ നിയമത്തിനെതിരെ എങ്ങനെയാണ്‌ സമരം നടത്തുന്നതെന്നു അറിഞ്ഞാല്‍ സാധാരണക്കാര്‍ക്ക്‌ വിശ്വസിക്കാനാവില്ല മരണം വരെ നിരാഹാര സമരം അതാണ്‌ ഈ സ്‌ത്രീ മുന്നോട്ടു വച്ച സമരമാര്‍ഗം. 2000നവംബര്‍ 02 തീയതിയായീരുന്നു ഇവര്‍ തന്റെ നിരാഹാര സമരം തുടങ്ങിയത്‌.അന്ന്‌ അവര്‍ക്കുപ്രായം വെറും ഇരുപത്തിയെട്ട്‌.എന്തൊക്കെ സമര്‍ദ്ധങ്ങള്‍ ഉണ്ടായിട്ടുംപതിനൊന്നു വര്‍ഷമായി അവര്‍ ഒരു തുള്ളി വെള്ളം കുടിച്ചിട്ട്‌. അഴിച്ചിട്ട മുടി പതിനൊന്ന്‌ വര്‍ഷമായി ചീകിയിട്ടില്ല. ഈ മുപ്പത്തിയൊന്‍പതുകാരി ഇന്നു ജീവിച്ചിരിക്കുന്നത്‌ മൂക്കിലെ ട്യൂബിലൂടെ ലഭിക്കുന്ന ആഹാരത്തിലൂടെയാണ്‌ . ഒരു ജനതയുടെ കണ്ണുനീര്‍ തുടയ്‌ക്കുന്നതിനായി തന്റെ ശരീരം തന്നെ നിരാഹാര സത്യാഗ്രഹത്തിനുള്ള യുദ്ധഭൂമിയാക്കിയ ഇവര്‍ വൈദ്യശാസ്‌ത്രത്തിനുപോലും അത്ഭുതമാണ്‌. ഇത്രയ്‌ക്കു തന്റേടം ഒരു സ്‌ത്രീ കാണിക്കണമെങ്കില്‍ അവരുടെ പിന്നില്‍ ആരെങ്കിലും കാണും ഇതാവും നിങ്ങളുടെ മനോഗതമെന്നറിയാം. അവരുടെ പിന്നില്‍ ആരൊക്കെ ഉണ്ടെന്നു കേട്ടോളു. ഇംഫാലിന്റെ പ്രാന്തപ്രദേശത്തമായ കോങ്‌പാല്‍ കോങ്ങഖാം ഗ്രാമത്തിലാണ്‌ ഇറോം ഷര്‍മിളയുടെ ജനനം. മൃഗാശുപത്രിയിലെ നാലാം ക്ലാസ്‌ ജീവനക്കാരനായ ഇറോം നന്ദയുടെയും വീട്ടു വേലക്കാരിയായ സഖിദേവിയുടെയും ഒന്‍പതു മക്കളില്‍ ഏറ്റവും ഇളയവള്‍. സാമ്പത്തിക പ്രയാസം മൂലം പ്ലസ്‌ടൂ കൊണ്ട്‌ പഠനം അവസാനിപ്പിച്ചു. കവിതയില്‍ കമ്പം ഉണ്ടായിരുന്ന ഇറോം ഷര്‍മിള കവയത്രി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്ങനെ സംസാരിക്കണം, ചര്‍ച്ചകളില്‍ ഇടപെടണം എന്നെന്നും അറിയാത്തതു കൊണ്ടാവാം ദേശിയ മാധ്യമങ്ങള്‍ ഈ സ്‌ത്രീയെ തമസ്‌ക്കരിക്കുന്നത്‌. മനുഷ്യാവകാശ ധ്വസനത്തിന്റെ കാഴ്‌ചകള്‍ മണിപ്പൂരുകാര്‍ക്കു പുതുമയുള്ളതല്ല. മാനഭംഗത്തിനു ഇരയായ സ്‌ത്രീകള്‍, വെടിയേറ്റു വീഴുന്ന യുവാക്കള്‍, ഇതെല്ലാം നിലനിറുത്തികൊണ്ട്‌ ഈ സമരത്തില്‍ നിന്ന്‌ ഇവര്‍ പിന്‍മാറണമെന്നാണ്‌ ഭരണകൂടം ആവശ്യപ്പെടുന്നത്‌. അഫ്‌സഫ പിന്‍വലിക്കാതെ യാതൊരു വിട്ടു വീഴ്‌ച്ചയ്‌ക്കും തയാറല്ലന്ന്‌ ഇവര്‍ പ്രവര്‍ത്തികൊണ്ട്‌ തെളിയിക്കുകയും ചെയ്‌തു. സമരം തുടങ്ങിയതിനു ശേഷം ഈ മകളെ കാണാന്‍ അമ്മ വന്നിട്ടില്ല. സമരം തീരുമെന്ന്‌ തന്നെയാണ്‌ ഈ അമ്മയുടെ പ്രതീക്ഷ. മനോരമാദേവി എന്ന സ്‌ത്രീയുടെ മരണത്തില്‍ പ്രതിഷേധിച്ചു 30 സാധാരണ സ്‌ത്രീകള്‍ ആസം റൈഫിള്‍സിന്‌ മുമ്പില്‍ വിവസ്‌ത്രയായി ശബ്ദമുയര്‍ത്തി. ഇല്ല ഈ സങ്കടങ്ങളൊന്നും ബധിര കര്‍ണങ്ങളില്‍ പതിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം. അഫ്‌സഫ നിരോധിക്കണമെന്നു തന്നെയാണ്‌ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടും. എന്തായാലും ഇറോം ഷര്‍മിളയുടെ സമരം ചരിത്രത്തിന്റ ഏടുകളില്‍ സ്ഥാനം പിടിക്കും. പക്ഷേ, യൗവനത്തിലെ വാര്‍ദ്ധക്യം ബാധിച്ച ഈ യുവതിയുടെ പ്രതിഷേധം ഫലം കാണുമോയെന്ന്‌ പറയാറായിട്ടില്ല. ഷര്‍മിളയുടെ അമ്മയെപ്പോലെ നമുക്കും പ്രതീക്ഷിക്കാം ഈസമരം വിജയകരമായി തീരുമെന്ന്‌.