Breaking News

Trending right now:
Description
 
Oct 22, 2014

ഇന്റര്‍നെറ്റ്‌ അപകീര്‍ത്തി: ജീവനൊടുക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന്‌ മോനിക്ക

image ഇന്റര്‍നെറ്റ്‌ വഴിയുള്ള അപകീര്‍ത്തിപ്പെടുത്തലിന്റെ ആദ്യത്തെ ഇരയാണ്‌ താനെന്ന്‌ വിവാദ നായിക മോനിക്ക ലെവിന്‍സ്‌കി. ഫിലഡല്‍ഫിയയില്‍ ഫോബ്‌സ്‌ ഉച്ചകോടിയില്‍ പ്രസംഗിക്കവേയാണ്‌ ഇന്റര്‍നെറ്റ്‌ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചു മോനിക്ക വാചാലയായത്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റന്റെ ഇംപീച്ച്‌മെന്റ്‌ വരെയെത്തിയ ലൈംഗികവിവാദത്തിലെ നായിക ഇപ്പോള്‍ തിരിച്ചുവരവിന്‌ തയാറെടുക്കുകയാണ്‌. ഫേസ്‌ബുക്കോ ട്വിറ്ററോ ഇല്ലാതിരുന്നകാലത്ത്‌ തനിക്കെതിരേ ഇന്റര്‍നെറ്റില്‍ പ്രചരിച്ച അപവാദം മാനസികമായി തളര്‍ത്തി. ജീവനൊടുക്കാന്‍ പലവട്ടം ആഗ്രഹിച്ചെന്നും അതിനെയെല്ലാം അതിജീവിച്ചതെങ്ങനെയെന്ന്‌ അറിയില്ലെന്നും മോനിക്ക പറഞ്ഞു. ഇന്റര്‍നെറ്റിലെ അപവാദ പ്രചാരണങ്ങള്‍മൂലം വിഷമിക്കുന്നവരെ സഹായിക്കാനാണ്‌ ഇനിയുള്ള കാലത്ത്‌ താന്‍ മുഖ്യമായും ശ്രമിക്കുകയെന്നും 41-കാരിയായ മോനിക്ക പറഞ്ഞു. മറ്റൊരാളെ ചുംബിക്കുന്നതിന്റെ വിഡിയോ സഹപാഠികള്‍ ഇന്റര്‍നെറ്റില്‍ ഇട്ടതിനെത്തുടര്‍ന്ന്‌ ജീവനൊടുക്കിയ ടെയ്‌ലര്‍ ക്ലിമെന്റ എന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയുടെ കാര്യം മോനിക്ക പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ബില്‍ ക്ലിന്റനുമായി താന്‍ അത്രയ്‌ക്കു പ്രണയത്തിലായിരുന്നുവെന്നും മോനിക്ക തുറന്നു സമ്മതിച്ചു. ഇക്കഴിഞ്ഞദിവസമാണ്‌ മോനിക്ക ട്വിറ്ററില്‍ അക്കൗണ്ട്‌ തുടങ്ങിയത്‌. ട്വിറ്റര്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം 18,000 ഫോളോവേഴ്‌സാണുണ്ടായത്‌.