Breaking News

Trending right now:
Description
 
Oct 21, 2014

രക്താര്‍ബുദ രോഗികള്‍ക്കു ഇനി ആശ്വസിക്കാം; പുതിയ ചികിത്സവരുന്നു

image മറ്റു ചികിത്സകളെല്ലാം പരാജയപ്പെട്ട രക്താര്‍ബുദ രോഗികള്‍ക്കു ആശ്വാസത്തിനുവക. ജനിതകമാറ്റം വരുത്തിയ രക്തകോശങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയുടെ വിജയമാണ്‌ ആശ്വാസത്തിനു വക നല്‍കിയിരിക്കുന്നത്‌. യൂണിവേഴ്‌സിറ്റി ഓഫ്‌ പെന്‍സില്‍വാനിയയുടെ പെറല്‍മാന്‍ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ പീഡിയാട്രിക്‌സ്‌ പ്രഫസര്‍ ഡോ. സ്റ്റീഫന്‍ ഗ്രുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. അക്യൂട്ട്‌ ലിംഫോബ്ലാസ്റ്റിക്‌ ല്യുക്കേമിയ (എഎല്‍എല്‍) ബാധിച്ചവരായിരുന്നു പരീക്ഷണത്തിനു വിധേയരായത്‌. രോഗിയില്‍നിന്ന്‌ എടുക്കുന്ന രക്തകോശത്തില്‍ ജനിതകമാറ്റം വരുത്തി അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നവയാക്കുന്നു. ഈ കോശങ്ങള്‍ വീണ്ടും രോഗിയുടെ ശരീരത്തില്‍ നല്‌കുന്നു. 25 കുട്ടികളടക്കം 30 രോഗികളില്‍ ഇതു പരീക്ഷിച്ചപ്പോള്‍ ഗണ്യമായ ആശ്വാസം കണ്ടു. ഒരു മാസം കഴിഞ്ഞപ്പോള്‍ 90 ശതമാനം പേര്‍ക്ക്‌ ആശ്വാസമായിരുന്നു. ആറു മാസം കഴിഞ്ഞപ്പോള്‍ 75 ശതമാനം പേര്‍ ആശ്വാസത്തോടെ ജീവിച്ചിരുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷത്തിനുശേഷം 19 പേര്‍ സുഖമായി കഴിയുന്നു-ഗവേഷകര്‍ വെളിപ്പെടുത്തി. രക്താര്‍ബുദ രോഗികള്‍ക്കു പ്രത്യാശ പകരുന്ന കണ്ടെത്തലിന്റെ വിവരം ന്യൂ ഇംഗ്ലണ്ട്‌ ജേര്‍ണല്‍ ഓഫ്‌ മെഡിസിനാണു പ്രസിദ്ധീകരിച്ചത്‌.

ശരീരത്തില്‍ രോഗപ്രതിരോധത്തിനുവേണ്ടി ആന്റിജന്‍ നിര്‍മിക്കുന്ന ബി ലിംഫോസൈറ്റ്‌ എന്നു പറയുന്ന രക്തകോശങ്ങളെയാണ്‌ ഈ അര്‍ബുദം ബാധിക്കുന്നത്‌. മജ്ജയില്‍നിന്നാണ്‌ ഈ കോശങ്ങള്‍ ഉണ്ടാകുന്നത്‌. രക്തത്തില്‍ തന്നെയുള്ള മറ്റൊരു രോഗപ്രതിരോധ കോശമായ ടി ലിംഫോസൈറ്റിനെ ഈ ഗവേഷണത്തില്‍ ജനിതകമാറ്റം വരുത്തി ഉപയോഗിക്കുകയായിരുന്നു. ഇപ്രകാരം കുത്തിവയ്‌ക്കുന്ന ജനിതകമാറ്റം വരുത്തിയ കോശങ്ങള്‍ നല്ല ബി കോശങ്ങളെ നശിപ്പിക്കുന്ന സാഹചര്യമുണ്ട്‌. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും ബി കോശ ഉത്‌പാദനം വര്‍ധിപ്പിക്കാനും ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവയ്‌പ്‌ ഈചികിത്സയ്‌ക്ക്‌ വേണ്ടിവരും. സ്വിസ്‌ ഔഷധ കമ്പനിയായ നൊവാര്‍ടിസ്‌ ആവിഷ്‌കരിച്ച കിമെറിക്‌ ആന്റിജന്‍ റിസപ്‌റ്റര്‍ (സിഎആര്‍) ഉപയോഗിച്ചാണു കോശങ്ങളില്‍ ജനിതക മാറ്റം വരുത്തുന്നത്‌. പരീക്ഷണം വിജയിച്ച നിലയ്‌ക്ക്‌ അമേരിക്കയിലെ നിരവധി ആശുപത്രികളിലേക്കു പരീക്ഷണം വ്യാപിപ്പിക്കുന്ന കാര്യം പരിഗണനിയിലുണ്ട്‌. അധികൃതരുടെ അനുമതി ലഭിച്ച്‌ ഈ രാസവസ്‌തു ഔഷധമായി വിപണിയിലെത്തിയാല്‍ വര്‍ഷം ആയിരം കോടി ഡോളറിന്റെ (60,000 കോടി രൂപ) വില്‌പന നൊവാര്‍ടിസിന്‌ ലഭിക്കും.