Breaking News

Trending right now:
Description
 
Oct 21, 2014

മലയാളി നഴ്‌സുമാര്‍ക്ക്‌ നന്ദിയുമായി മന്ത്രി ജയ്‌റ്റ്‌ലി

image രോഗത്തിന്റെ നാളുകളില്‍ സ്‌നേഹ സാന്ത്വനം നല്‍കിയ മലയാളി നഴ്‌സുമാര്‍ക്ക്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയുടെ നന്ദി. അടുത്തിടെ ഡല്‍ഹിയിലെ എയിംസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജയ്‌റ്റ്‌ലി. തന്റെ രോഗം മാറാന്‍ അക്ഷിണം പ്രയത്‌നിച്ചവരാണ്‌ മലയാളി നഴ്‌സുമാരെന്നു അദ്ദേഹം പറഞ്ഞു. ചിരിച്ചുകൊണ്ടു കുത്തിവയ്‌ക്കും, മധുരം പകരും പോലെ മരുന്നും തരും. ഇങ്ങനെ കരുതലോടെയുള്ള പരിചരണം മനസില്‍ തട്ടിയപ്പോള്‍ മന്ത്രിയുടെ ഹൃദയം നന്ദികൊണ്ടു തുളുമ്പുകയായിരുന്നു. എയിംസ്‌ ആശുപത്രിയിലെ തന്നെ പരിചരിച്ച എല്ലാ നഴ്‌സുമാര്‍ക്കും വ്യക്തിപരമായി കത്തെഴുതിയാണു കേന്ദ്രമന്ത്രി നന്ദി പ്രകാശിപ്പിച്ചത്‌. പത്തോളം മലയാളി നഴ്‌സുമാര്‍ക്ക്‌ ജയ്‌റ്റ്‌ലിയുടെ ഒപ്പോടുകൂടിയ കത്ത്‌ കഴിഞ്ഞദിവസം ലഭിച്ചു. ഏതാനും ആഴ്‌ചകള്‍ക്കു മുമ്പു കടുത്ത പ്രമേഹബാധയെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവസങ്ങളില്‍ ജയ്‌റ്റ്‌ലിയുടെ പരിചരണത്തിനായി എത്തിവരില്‍ ഭൂരിഭാഗവും മലയാളി നഴ്‌സുമാരായിരുന്നു. ഓരോരുത്തരുടെയും പേരെടുത്ത്‌ പ്രത്യേകം പ്രത്യേകം തയാറാക്കിയ കത്തില്‍ നഴ്‌സുമാരുടെ പരിചരണം തന്നെ ഏറെ സ്‌പര്‍ശിച്ചുവെന്നും അവരുടെ ജോലിയിലുള്ള ആത്മാര്‍ഥത പ്രശംസനീയമാണെന്നും സൂചിപ്പിച്ചിട്ടുണ്ട്‌. പരിചരണത്തിലുള്ള താങ്കളുടെ ആത്മാര്‍ഥത എന്നെ വല്ലാതെ സ്‌പര്‍ശിച്ചിരിക്കുന്നു. രോഗിയെന്ന നിലയില്‍ എനിക്കു താങ്കള്‍ നല്‍കിയ മികച്ച പരിചരണത്തിന്‌ എക്കാലവും ഞാന്‍ നന്ദിയുള്ളവാനായിരിക്കും എന്നാണ്‌ കത്തില്‍ ്‌അവസാനം സൂചിപ്പിച്ചിരിക്കുന്നത്‌. എയിംസ്‌ അധികൃതര്‍ക്കു മന്ത്രാലയത്തില്‍ നിന്നയച്ച കത്ത്‌ പിന്നീടു നഴ്‌സുമാര്‍ക്കു കൈമാറുകയായിരുന്നു. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി മന്ത്രിയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറയരുതെന്ന്‌ എയിംസ്‌ അധികൃതര്‍ നഴ്‌സുമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. 

ചികിത്സകഴിഞ്ഞു മടങ്ങുന്ന വിഐപികള്‍ ധാരാളമുണ്ടെങ്കിലും നഴ്‌സുമാര്‍ക്ക്‌ ഇത്തരമൊരു പരിഗണന ലഭിക്കുന്നത്‌ ആദ്യമായാണ്‌. പലരും ഡോക്ടര്‍മാര്‍ക്ക്‌ നന്ദി അറിയിച്ചുകൊണ്ട്‌ കത്ത്‌ എഴുതിയിട്ടുണ്ട്‌. ഒരേസമയം രണ്ടുപേരുടെ സംഘമായാണ്‌ നഴ്‌സുമാര്‍ ജയ്‌റ്റ്‌ലിയെ പരിചരിച്ചത്‌. മന്ത്രിയില്‍നിന്നു ലഭിച്ച കത്ത്‌ തങ്ങള്‍ക്ക്‌ വലിയ പ്രോത്സാഹനമാണെന്നു മലയാളി നഴ്‌സുമാര്‍ പിന്നീട്‌ പ്രതികരിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെര ഞ്ഞെടുപ്പിനു മുമ്പ്‌ ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ കുമാര്‍ വിശ്വാസ്‌ മലയാളി നഴ്‌സുമാര്‍ക്കെതിരേ നടത്തിയ വംശീയ അധിക്ഷേപം ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഫേസ്‌ബുക്ക്‌ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയില്‍ ചില നഴ്‌സുമാര്‍ പോസ്റ്റ്‌ ചെയ്‌ത മന്ത്രിയുടെ കത്തിന്‌ ഊഷ്‌മള പ്രതികരണങ്ങളാണു ലഭിച്ചത്‌.