Breaking News

Trending right now:
Description
 
Oct 20, 2014

ആലപ്പുഴ-ചങ്ങ​നാശേരി റോഡില്‍ അനധികൃത കൈയേറ്റം തുടരുന്നു

ഭാവിയിലെ പുനഃരധിവാസവും പുതിയ കടകളും ലക്ഷ്യം
image ആലപ്പുഴ: പട്ടണത്തിലെ അനധികൃത റോഡുകൈയേറ്റങ്ങള്‍ എങ്ങനെയും ഒഴിപ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കുമ്പോള്‍ ആലപ്പുഴ-ചങ്ങനാശേരി (എ,സി) റോഡില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൈയേറ്റം തുടരുന്നു. കുട്ടനാട് പാക്കേജില്‍പ്പെടുത്തി റോഡിലും സമീപ തോടുകളിലും സ്ഥാപിച്ചിട്ടുളള അനധികൃത കടകള്‍ക്ക് നിയമപരിരക്ഷ നല്കി നൂറുകണക്കിനു പുതിയ കടമുറികള്‍ നിര്‍മ്മിച്ച് അനധികൃത കച്ചവടക്കാരെ പുനഃരധിവസിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് കൂടുതല്‍ പേരെ റോഡുവക്കിലേക്ക് ആകര്‍ഷിച്ചിട്ടുള്ളത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു മുന്‍പായിരുന്നു പ്രഖ്യാപനം. പലയിടങ്ങളിലും ഭാവിയില്‍ അവകാശം ഉന്നയിക്കാന്‍ വേണ്ടി ഇപ്പോള്‍ കച്ചവടം നടത്താതെ വെറുതെ സ്ഥലം വളച്ചുകെട്ടി വച്ചിരിക്കുന്നവരുമുണ്ട്.

റോഡുവക്കില്‍ താത്കാലികമെന്നു തോന്നിപ്പിക്കും വിധം സ്ഥിരം കടകള്‍ സ്ഥാപിക്കുന്നതു വഴി എ.സി റോഡിലെ വാഹനാപകടസാധ്യത വര്‍ധിക്കുകയാണ്. കാല്‍നടക്കാര്‍ക്കുള്ള സ്ഥലത്ത് കടകള്‍ കെട്ടുന്നതു മൂലം കാല്‍നടയാത്രക്കാര്‍ റോഡിലേക്കിറങ്ങി നടക്കേണ്ടി വരുന്നതും വാഹനങ്ങള്‍ റോഡിലേക്കു കയറ്റി പാര്‍ക്കു ചെയ്യേണ്ടി വരുന്നതിനാലുമാണ് അപകടങ്ങള്‍ ഏറെയുമുണ്ടാകുന്നത്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ മുന്നിലേക്കാണ് പലരും ചെന്നുപെട്ട് അപകടത്തില്‍പ്പെടുക. റോഡുപുറമ്പോക്കിലും മറ്റും അനധികൃത സ്ഥിരനിര്‍മിതികള്‍ കെട്ടിയുയര്‍ത്തുന്നതിനാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു അവ നീക്കം ചെയ്യുക ദുഷ്‌കരമായിരിക്കും. ഇതുമൂലം റോഡിന്റെ വീതി കൂട്ടല്‍ സാധ്യത പോലും ഇല്ലാതാകും.

അനധികൃതമായി നാലു കാലു നാട്ടി കടതുടങ്ങിയ ശേഷം വിസ്തൃതമാക്കി പിന്നീടത് അവകാശമാക്കിയെടുക്കുകയാണ് രീതി. അവയില്‍ പലതും വാഹനങ്ങള്‍ ഇടിച്ചു തകര്‍ന്നിട്ടും അടുത്ത ദിവസം തന്നെ വീണ്ടും കെട്ടിയുയര്‍ത്തിയിട്ടുണ്ട്. വൈദ്യുതി അനധികൃതമായി ലൈന്‍വലിച്ചു പ്രകാശത്തിനും പാചകത്തിനും ഉപയോഗിക്കുന്ന ഇടങ്ങളുമുണ്ട്. അപകടസാധ്യതയേറിയ പ്രദേശമെന്നു സൂചനാ ബോര്‍ഡും ലൈറ്റുകളും സ്ഥാപിച്ചിട്ടുള്ള ഭാഗങ്ങളിലും വളവുകളിലും പോലും കൈയേറ്റമുണ്ട്.

മുഷ്ടിബലമുള്ള കുറേ അനധികൃത കൈയേറ്റക്കാരെയാണോ അതോ അംസഘടിതരായ ആയിരക്കണക്കിനു യാത്രക്കാരെയാണ് സംരക്ഷിക്കേണ്ടതെന്നാണ് നാട്ടുകാരുടെ ചോദ്യം. നിത്യവൃത്തി, മാനുഷികത്വം തുടങ്ങിയവ പറഞ്ഞാണ് അനധികൃത വഴിവാണിഭക്കാരെ പിന്തുണക്കുന്നവര്‍ എത്തുന്നത്. മര്യാദകെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കു നല്ല കട സ്വന്തമാക്കാം എന്നതാണ് നില.

എന്തായാലും പൊതുജനങ്ങള്‍ക്കു തടസ്സമായുളളതും നിയമവിരുദ്ധമായുള്ളതുമായ എല്ലാം നീക്കം ചെയ്‌തേ മതിയാകൂ എന്നതാണ് പൊതുവികാരം. അല്ലെങ്കില്‍ ഇപ്പോഴുള്ള രണ്ടുവരി എ.സി റോഡില്‍ വൈകാതെ യാത്ര ദുഷ്‌കരമാകും.