Breaking News

Trending right now:
Description
 
Oct 17, 2014

ആധൂനിക ദൃശ്യമാധ്യമസംസ്‌കാരം പുതുതലമുറയെ വഴിതെറ്റിക്കുന്നു: കാരൂര്‍ സോമന്‍

image ആധൂനിക ദൃശ്യമാധ്യമങ്ങള്‍ തീര്‍ക്കുന്ന സംസ്‌കാരം പുതിയ തലമുറയെ വഴിതെറ്റിക്കുന്നുവെന്ന്‌ പ്രശസ്‌ത സാഹിത്യകാരന്‍ കാരൂര്‍ സോമന്‍. സിനിമ, ടി.വി. എന്നീ മാധ്യമങ്ങള്‍ക്കു പുറമെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ചേര്‍ന്നു രൂപപ്പെടുത്തുന്ന ദൃശ്യമാധ്യമസംസ്‌കാരം പുതിയ തലമുറയെ വഴിതെറ്റിക്കുന്നു. ശാസ്‌ത്രസാങ്കേതിക നേട്ടങ്ങളില്‍ വഴിമരുന്നാകേണ്ട നമ്മുടെ കുട്ടികള്‍ ഉപഭോഗസംസ്‌കാരത്തിന്റെ നിലയില്ലാക്കയത്തില്‍ പെട്ട്‌ വഴിതെറ്റുകയാണെന്ന്‌ സോമന്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ശാസ്‌ത്രസാങ്കേതിക ഗ്രന്ഥമായ ചന്ദ്രയാന്‍, മീഡിയ ഹൗസ്‌ കോഴിക്കോട്‌ പ്രസിദ്ധീകരിച്ച കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍ (നോവല്‍) എന്നീ പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്‌ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കാരൂര്‍.

ചാരുംമൂട്‌ ചത്തിയറ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കാരൂര്‍ സോമന്‌ നല്‌കിയ അനുമോദനസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ രണ്ടു കൃതികളാണ്‌ പ്രകാശനം ചെയ്യപ്പെട്ടത്‌. ചടങ്ങില്‍ ആര്‍. രാജേഷ്‌ എം എല്‍ എ അദ്ധ്യക്ഷനായിരുന്നു. കവിയും കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടറുമായ ഡോ. നെടുമുടി ഹരികുമാര്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കാരൂര്‍ സോമന്റെ സാഹിത്യസംഭാവനകളെ മാനിച്ച്‌ സ്‌കൂള്‍ മാനേജര്‍ കെ.എ. രുക്‌മിണിയമ്മ ഫലകവും പൊന്നാടയുമണിയിച്ച്‌ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ ചേര്‍ന്ന സെമിനാറില്‍ സാമൂഹിക സാംസ്‌കാരികമണ്ഡലത്തിലെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മലയാളസാഹിത്യവും ദൃശ്യമാധ്യമങ്ങളും എന്ന വിഷയത്തിന്‌ അധികരിച്ച്‌ പ്രമുഖ നാടക കൃത്ത്‌ ഫ്രാന്‍സിസ്‌ ടി. മാവേലിക്കര, പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘം സെക്രട്ടറി എസ്‌. ജമാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എം. ഗോപാലകൃഷ്‌ണന്‍, പി റ്റി എ പ്രസിഡന്റ്‌ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

സാഹിത്യരംഗത്ത്‌ വായനയുടെ അഭാവം സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കുറിച്ച്‌ സെമിനാറില്‍ സംസാരിച്ചവര്‍ ആശങ്ക പങ്കിട്ടു. അറിവില്ലായ്‌മയിലൂടെ, പുതുമാധ്യമങ്ങളിലൂടെ വികസിക്കുന്ന വിനോദോപാധികള്‍ ഒരു തലമുറയെ എങ്ങിനെ തകര്‍ക്കുന്നു എന്നതാണ്‌ വായനയുടെ അഭാവം വെളിപ്പെടുത്തുന്നതെന്ന്‌ നെടുമുടി ഹരികുമാര്‍ അഭിപ്രായപ്പെട്ടു. നമ്മുടെ മാധ്യമങ്ങള്‍ ഒന്നുംതന്നെ പുസ്‌തകങ്ങളെക്കുറിച്ച്‌ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സമൂഹത്തോടും സംസ്‌കാരത്തോടും മുഖം തിരിച്ചു നില്‌ക്കുന്ന മാധ്യമ ഉപഭോഗത സമൂഹത്തില്‍ സൃഷ്ടിക്കുന്നത്‌ അരാജകത്വമാണ്‌. ഇത്‌ ജനാധിപത്യത്തില്‍ ജനങ്ങളെ വളര്‍ത്തുകയല്ല തളര്‍ത്തുകയാണെന്ന്‌ ഫ്രാന്‍സിസ്‌ ടി മാവേലിക്കര അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ അറിവു പകരുന്ന, പകരേണ്ടുന്ന മാധ്യമങ്ങള്‍ വഴിമാറി സഞ്ചരിക്കുന്നത്‌ പുതുതലമുറയ്‌ക്ക്‌ സമ്മാനിക്കുന്നത്‌ അറിവില്ലായ്‌മ എന്ന പ്രഹരമാണ്‌. സമൂഹത്തോടുള്ള കടമയും കര്‍ത്തവ്യവും വിസ്‌മരിക്കപ്പെടുന്ന ഇവര്‍ക്ക്‌ അധികം നിലനില്‌പില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യമെന്ന്‌ പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍ പറഞ്ഞു.

മലയാളഭാഷയെ ഹൃദയത്തോട്‌ ചേര്‍ത്തുനിര്‍ത്തി രചന നിര്‍വ്വഹിക്കുന്ന സാഹിത്യകാരന്‍ കാരൂര്‍ കേരളത്തിന്‌ പുറത്തിരുന്നു നിര്‍വഹിക്കുന്നത്‌ ചരിത്രപരമായ സാഹിത്യ നിര്‍വ്വഹമണമാണെന്ന്‌ ചത്തിയറ വി.എച്ച്‌.എസ്‌.എസ്‌. പ്രിന്‍സിപ്പല്‍ പറഞ്ഞു. കാരൂരിന്‌ പകരക്കാരനായി പകരക്കാരനായി മറ്റൊരാളില്ല. എഴുത്തിന്റെ എല്ലാ മേഖലകളിലും ഒരുപോലെ സര്‍ഗ്ഗസംഭാവനകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞ ഈ എഴുത്തുകാരനെ ചാരുംമൂടിന്‌ ലഭിച്ചത്‌ ഈ നാടിന്റെ പുണ്യം. ചടങ്ങില്‍ ചാരുംമൂട്‌, ചത്തിയറ മേഖലകളിലെ പ്രമുഖ വ്യക്തികളടക്കം നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു.