Breaking News

Trending right now:
Description
 
Oct 09, 2014

ഹെല്‍മറ്റ്: നെഞ്ചത്തു പൊങ്കാലയിടാന്‍ ജയിച്ചവരെ അനുവദിക്കൂ വോട്ടര്‍മാരെ!

വീലേഴ്‌സ് കേരള
image

കേരള സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വന്‍ ബാധ്യത വരുത്തും വിധം സേവനത്തുകകള്‍ വര്‍ധിപ്പിച്ചതിനോടൊപ്പം മോട്ടോര്‍വാഹന നിയമലംഘനങ്ങളുടെ പിഴത്തുകകളും അന്‍പതു ശതമാനത്തിനു മുകളിലോട്ട് വര്‍ധിപ്പിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2014 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും വിധമാണ് ഉത്തരവു പുറപ്പെടുവിച്ചിരുന്നതത്രേ. അതനുസരിച്ച് ഹെല്‍മറ്റ് ധരിക്കാതെ മുന്നിലിരിക്കുന്നയാള്‍ ഇരുചക്രവാഹനമോടിച്ചാല്‍ ഇതുവരെ 100 രൂപയായിരുന്നു മോട്ടോര്‍ വാഹന നിയമ പ്രകാരം പിഴയെങ്കില്‍ ഇനി മുതല്‍ 500 രൂപ നല്‌കേണ്ടിവരും. ഹെല്‍മറ്റ് ഇല്ല എന്ന കാരണത്തില്‍ റോഡില്‍ തടയുന്നവരില്‍ നിന്നു, നിന്ന നില്പ്പില്‍ ചെയ്തതും ചെയ്യാത്തതുമായ കുറ്റവകുപ്പുകള്‍ ചുമത്തി ആയിരം രൂപയിലെറെ വരെ പോലീസ് ഈടാക്കിയിരുന്നതായി വ്യാപകമായി പരാതികളുണ്ടായിരുന്നു. നിരക്കു കൂട്ടിയ സ്ഥിതിക്ക് വകുപ്പുകളും തുകയും ഇരട്ടിയാകാനാണ് സാധ്യത!


ആവശ്യമായ ചിന്തയോ നിയമഭേദഗതികളോ കൂടാതെ എങ്ങനെയും 'ഈസി മണി' ഉണ്ടാക്കാമെന്ന നടപടികളിലേക്കാണ് സര്‍ക്കാര്‍ ജനവിരുദ്ധമായി നീങ്ങുന്നത്. കൈനനയാതെ എങ്ങനെ മീന്‍ പിടിക്കാമെന്നു ഭരണക്കാര്‍ക്കറിയാം. മറ്റാരെയും ബാധിക്കാത്ത, ആര്‍ക്കും മാനസികമായോ ശാരീരികമായോ ക്ഷതമുണ്ടാക്കാത്ത കാര്യങ്ങളെ കുറ്റകൃത്യങ്ങളായി വ്യാഖ്യാനിച്ച്, നിയമം അനുശാസിക്കുന്ന ഒന്നും ചെയ്യാതെ റോഡില്‍ നിന്നു പിഴത്തുക അന്യായമായി പിരിക്കുന്നത് ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവുമാണ്. ഏറ്റുമൂട്ടാന്‍ പാങ്ങില്ലാത്തവരുടെ കീഴടങ്ങലിലൂടെ കാശുണ്ടാക്കി തോന്നിയപോലെ കട്ടുമുടിക്കുന്ന പ്രവണത ഏതായാലും വോട്ടര്‍മാരെ ഭരിക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ടതെന്നു തന്നെ പറയേണ്ടിവരും എന്നതു മറ്റൊരു വശം. ജനങ്ങള്‍ തെരെഞ്ഞെടുത്തു വിട്ട, അവരുടെ പ്രതിനിധികള്‍ തന്നെയാണല്ലോ നിയമമുണ്ടാക്കി വോട്ടുകുത്തിയവരുടെ നെഞ്ചത്തോട്ടു വച്ചുകൊടുക്കുന്നത്! എതിര്‍ക്കാന്‍ കെല്പ്പില്ലാത്ത അസംഘടിതരായ ഭൂരിപക്ഷം പേരെ ഊറ്റാന്‍ വളരെയെളുപ്പമാണ്!


നാട്ടിലെങ്ങും പട്ടാപ്പകല്‍-അര്‍ധരാത്രി ഭേദമെന്യേ പോലും ഹെല്‍മറ്റ് വച്ചവര്‍ വഴിയേ പോകുന്നവരെ വെട്ടിയും കുത്തിയും ചവിട്ടിയിട്ടും മാലയും പേഴ്‌സും കവരുന്ന കേസുകളുടെ എണ്ണം ദിവസേന കൂടിയിട്ടും അന്വേഷിക്കാനോ കുറ്റവാളികളെ കണ്ടുപിടിക്കാനോ സംവിധാനമില്ലാത്തവര്‍ സുരക്ഷിതത്വത്തിന്റെ പേരു പറഞ്ഞ് ആവശ്യമില്ലാത്ത നിയമമുണ്ടാക്കി വച്ച് സാധാരണക്കാരായാവരെയെല്ലാം ക്രിമിനല്‍ കുറ്റവാളികളാക്കി വഴിയില്‍ ഓടിച്ചിട്ടു പിടികൂടിയും ഭേദ്യം ചെയ്തും തെറിവിളിച്ചും കുത്തിപ്പിഴിയാനുള്ള ഏര്‍പ്പാടാണുണ്ടാക്കിയിരിക്കുന്നത്. ഹെല്‍മറ്റു വച്ചാല്‍ എല്ലാവരുടേയും എല്ലാം സുരക്ഷിതമാകും എന്ന കപടസന്ദേശമാണ് നിയമത്തിന്റെ ബലത്തില്‍ സര്‍ക്കാര്‍ പടര്‍ത്തുന്നത്. 'വ്യാജഹെല്‍മറ്റുകള്‍ പിടിച്ചെടുത്തു നശിപ്പിക്കൂ' എന്ന വര്‍ഷങ്ങളായുള്ള നിരന്തര ആവശ്യം ചെവിക്കൊള്ളാത്തവരുടെ ആത്മാര്‍ഥതയൊക്കെ എല്ലാവര്‍ക്കും മനസിലാകും. വോട്ടു ചെയ്തവര്‍ മണ്ടന്മാര്‍ തന്നെയെന്നു നെഞ്ചത്തു പൊങ്കാലയിടുന്നവര്‍ അരക്കിട്ടുറപ്പിക്കുന്നു! അവരെ അതു തുടര്‍ന്നു ചെയ്യാനും അനുവദിക്കൂ, വോട്ടര്‍മാരെ.


> ആത്മാര്‍ഥതയോ അന്തസാരമോയില്ലാത്ത ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ്, സണ്‍ഫിലിം, മിറര്‍ നിയമങ്ങള്‍ പിന്‍വലിച്ച് ജനപ്രതിനിധികള്‍ അന്തസ് കാട്ടുക. നാട്ടുകാരെ പിടിച്ചുപറിക്കാന്‍ ദയവായി കൂട്ടുനില്ക്കരുത്.