Breaking News

Trending right now:
Description
 
Oct 07, 2014

ക്രിസ്തു ഇല്ലാത്ത കുരിശും, കുരിശില്ലാ​ത്ത ക്രിസ്തുവും ?

Johnson Punchakkonam
image
ക്രിസ്തു ഇല്ലാത്ത കുരിശ് 

ക്രിസ്തു ഇല്ലാത്ത കുരിശും കുരിശില്ലാത്ത ക്രിസ്തുവും ഉത്തരാധുനികതയുടെ മതാനുഭവത്തിന്റെ ഇരുണ്ട മുഖങ്ങളാണ്. യേശുക്രിസ്തു ആര് എന്ന ചോദ്യത്തിന് ഇന്ന്പ്രസക്തി ഇല്ല മറിച്ചു യേശുക്രിസ്തു എവിടെ എന്നതാണ് ആധുനിക കാലഘട്ടത്തിൽ പ്രസക്തമായ അന്വേഷണം നടക്കേണ്ടത്‌. ക്രൈസ്തവസഭയിൽ യേശുക്രിസ്തു ഉണ്ടോ? ക്രിസ്ത്യാനികൾക്ക് യേശുക്രിസ്തുവിനെ ലോകത്തിനു കാട്ടികൊടുക്കുവാൻ സാധിക്കുന്നുണ്ടോ?

പോസ്റ്റ്‌മോഡേണ്‍ കാലത്താണ് ഇന്നിന്റെ സമൂഹം ജീവിക്കുന്നത് എന്ന് അഭിമാനിക്കുമ്പോൾ ഒരുവശത്ത്‌ ലോകം ഇന്ന് അത്യാധുനികതയുടെ ഭാവങ്ങൾ  സ്വാംശീകരിച്ചുകൊണ്ട് മുന്നേറ്റത്തിനായി കുതിച്ചു പായുന്നു.   മറുവശത്ത്‌ കനിവിന്റെ കണിക അല്പം പോലുമില്ലാതെ തന്റെ സഹോദരന്റെ കഴുത്തറത്ത് കൊല്ലുന്ന വീഡിയൊകൾ കണ്ട് രസിക്കുന്ന മതഫ്രാന്ത്  ലോകമനസാക്ഷിയെതന്നെ ലജ്ജിപ്പിക്കുന്നു. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി, അല്ല സ്വന്തം മതത്തിന് വേണ്ടി ചാവേറാകാൻ മടിക്കാത്ത മനസുകൾ. അനേകരെ കൊന്നുകൊണ്ട്  തന്റെജീവിതം അവസാനിപ്പിക്കാൻ പരിശീലിപ്പിക്കുന്ന മതതീവ്രവാദം ക്രിസ്തു ഇല്ലാത്ത കുരിശാണ്. മതവൈരത്തിന്റെയും മതതീവ്രവാദഭ്രാന്തിന്റെയും ഭാഗമായി ലോകത്തെങ്ങും പെരുകിവരുന്ന മനുഷ്യന്റെ കാടത്തവും ഹിംസയും ആധുനികലോകം നേരിടുന്ന ഒരു മാരകരോഗമായി വളര്‍ന്നുകൊണ്ടിരിക്കുന്നു.അക്രമവും വര്‍ഗീയതയും കൂട്ടകൊലയും എവിടെ നടന്നാലും എതിര്‍ക്കപ്പെടേണ്ടതാണ്‌. സ്വന്തം മതവിഭാഗം  മറ്റുമതക്കാരെ കൂട്ടകൊലനടത്തിയാല്‍ അതിനേ അഭിമാനത്തോടെ കണ്ട് രസിക്കുന്ന മതങ്ങൾ യഥാർഥത്തിൽ മതമാണോ?  ഇത് ക്രിസ്തു ഇല്ലാത്ത കുരിശിന്റെ ഭാവങ്ങളാണ് .

ലോകത്തിലെ അതിപുരാതന മതങ്ങളിലോന്നായ  ക്രിസ്തീയസമൂഹത്തെ ഇറാക്കില്‍ നിന്നും ഉന്മൂലനം ചെയ്തിരിക്കുന്നു എന്ന് ഒരു മത വിഭാഗത്തിനു അഭിമാനിക്കാം. തോക്കിന്മുനയില്‍ നിര്‍ത്തി മതം മാറ്റിയും,കൂട്ടകുരുതിയിലൂടെയും, രാജ്യത്തുനിന്നും ആട്ടിയോടിച്ചും, കൂട്ടവംശഹത്യ നടത്തിയും കൊണ്ട് ലോകമനസാക്ഷിക്ക് മുന്നിൽ മതഭീകരത സംഹാരതാണ്ഡവമാടുന്നു.ഇതര മതവിഭാഗത്തിലെ സഹോദരനെ കൊല്ലുന്നതിലൂടെ പുണ്യം ലഭിക്കും എന്ന് പഠിപ്പിക്കുന്നത്‌ കാടത്തമാണ്. അത് സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതമല്ല.  ഒരു പതിറ്റാണ്ടായി നിലനില്ക്കുന്ന ആഭ്യന്തിര യുദ്ധങ്ങളില്‍ ഇറാക്കിലെ ക്രിസ്ത്യാനികളില്‍ 13.5ലക്ഷം പേരും ഇല്ലാതായി, സുസംഘടിതവും ആസൂത്രിതവുമായ വര്‍ഗ്ഗീയ ഉന്മൂലനം.നീതികിട്ടാത്ത ഹത ഭാഗ്യരും, ലോകത്തിനും മനുഷ്യര്‍ക്കും രക്ഷപെടുത്താന്‍ കഴിയാത്ത പാവങ്ങളും ദുര്‍ബലരുമാണ്‌ മറ്റുള്ളവരുടെ കൈകളാല്‍ മരണപ്പെടുന്നത്. ഇറാക്കിലെ ആദ്യ മതവും ജനവിഭാഗവും ആയിരുന്നു ഈ ക്രിസ്ത്യാനികൾ. ലോകത്തിലെ ആദിമ ക്രൈസ്തവ സമൂഹത്തില്‍ ഒന്നായിരുന്ന ഇവർ  ഉന്മൂലനം ചെയ്യപ്പെട്ടത് ക്രിസ്തുവില്‍ വിശ്വസിക്കുകയും, ക്രിസ്ത്യാനികള്‍ ആയതിനാലും മാത്രം ആയിരുന്നു.യേശുക്രിസ്തുവിനുവേണ്ടിയും, താൻ വിശ്വസിക്കുന്ന മതത്തിനുവേണ്ടിയും, കൊലപ്പെടാനല്ല ഒരു മനുഷ്യന്‍ ഈ പ്രപഞ്ചത്തിൽ ജനിക്കുന്നതും ജീവിക്കുന്നതും. യേശുക്രിസ്തുവിനായി ജീവിക്കണമെന്ന മഹത്തായ സന്ദേശമണ്‌ വി.വേദപുസ്തകം പഠിപ്പിക്കുന്നത്‌. ജീവന്‍ നിലനിര്‍ത്താനും ജീവിക്കാനും ഉള്ള അവകാശം അമ്മയുടെ ഉദരത്തില്‍ മനുഷ്യന്‍ ജന്മമെടുക്കുന്ന ആദ്യ നിമിഷത്തിൽ തന്നെ ആരംഭിക്കുന്നു.

വിശ്വാസത്തിനും മതത്തിനും വേണ്ടി മിണ്ടാപ്രാണികളേപോലെ കൊലചെയ്യപ്പെട്ട അതിദാരുണകൊലപാതകങ്ങൾക്ക് സാക്ഷികളായി   ലോകക്രൈസ്തവസമൂഹം  പ്രക്ഞ്ഞയറ്റവരെ പോലെ മൌനമായി നില്ക്കുന്നു. ഇറാക്കിലെ ഈ ജനവിഭാഗം ക്രിസ്ത്യാനികള്‍ അല്ലായിരുന്നെങ്കില്‍ അവര്‍ക്കും അവരുടെസന്തതിപരമ്പരകള്‍ക്കും  ഇന്നും ഈ പ്രപഞ്ചത്തില്‍ ജീവിക്കാമായിരുന്നു. മരണത്തില്‍നിന്നും രക്ഷപെടുവാന്‍ വേണ്ടിയും തങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയും ഒരു വംശാവലിയെ കൂട്ടകുരുതിയില്‍നിന്നും രക്ഷിക്കാന്‍ ലോക ക്രൈസ്തവസമൂഹം  എന്ത് ചെയ്തു എന്ന ചോദ്യത്തിന് എന്താണ് ഉത്തരം? ഇറാക്കിലെ ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്നും അല്ലാത്തവര്‍ക്ക് ആ രാജ്യം വിട്ടാല്‍ സംരക്ഷണം നല്കുമെന്ന്  ഉറപ്പുനൽകുവാൻ എന്തുകൊണ്ട് ലോകക്രൈസ്തവ സമൂഹങ്ങൾക്ക് സാധിച്ചില്ല? ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനൊ എന്ന ചോദ്യത്തിന് ഇനിയെങ്കിലും ഉത്തരം കണ്ടെത്തണം.

കുരിശില്ലാത്ത ക്രിസ്തു

മുട്ടുള്ളവന് മുട്ടുവേദന  ഉണ്ടാകും, തലയുള്ളവന് തലവേദന  ഉണ്ടാകും, നടു ഉള്ളവന്  നടുവേദന  ഉണ്ടാകും. അത് ഉണ്ടാകണം. ഇത് പ്രപഞ്ചസത്യമാണ്. രോഗങ്ങളും, ദുഖങ്ങളും തടസങ്ങളും, പ്രയാസങ്ങളും ജീവിതത്തിന്റെ ഭാഗമാണ്  എന്ന് പഠിപ്പിക്കുവാൻ ഉത്തരാധുനിക ആത്മീയതക്ക് കഴിയുന്നില്ല. അങ്ങനെ പഠിപ്പിച്ചാൽ തങ്ങളുടെ നിലനില്പ്പ് തന്നെ ഇല്ലാതാകും. ഇവ മാറുന്നതാണ് ആത്മീയത (Spirituality)  എന്ന് പഠിപ്പിക്കുന്നു. ആത്മീയത ഇന്ന് പൊതുവേ വിപണിയില്‍ ഏറെ പ്രിയമുള്ള വിഷയമായി മാറിക്കഴിഞ്ഞു. ആത്മീയത എന്ന പേരില്‍ ലഭിക്കുന്നതാകട്ടെ മിക്കപ്പോഴും പ്രച്ഛന്ന വര്‍ഗീയതയോ ഒക്കെ ആയിരിക്കുകയും ചെയ്യും. പ്രോസ്പിരിറ്റി ഗോസ്പൽ (അഭിവൃത്തിയിലധിഷ്ടിതമായ ആത്മീയ അനുഭവം) ഇവിടെ ദൈവത്തെ വൈന്റിംഗ് മിഷൻ ആക്കി രൂപഭേതം വരുത്തിയിരിക്കുന്നു.ആവശ്യപ്പെടുന്നതെന്തും ലഭ്യമാക്കുന്ന ആത്മീയതയുടെ മൊത്ത വിതരണക്കാർ. ജീവിതം ആഘോഷമാക്കുക എന്നതാണ് ഇക്കൂട്ടരുടെ പ്രഖ്യാപിത ലക്‌ഷ്യം. വില്പനചരക്കകുന്ന ആത്മീയതയുടെ പുതുപുത്തൻ ഭാവങ്ങൾ. ആത്മീയത ഇന്ന് പൊതുവിപണിയില്‍ ഏറെ പ്രിയമുള്ള വിഷയമായി മാറിക്കഴിഞ്ഞു. ആത്മീയതയുടെ  പേരില്‍ ലഭിക്കുന്നതാകട്ടെ മിക്കപ്പോഴും പ്രച്ഛന്നവേഷധാരിയായ വര്‍ഗീയതയോ, ചൂഷണദാഹിയായ രക്തരക്ഷസോ ഒക്കെ ആയിമാറുന്ന രംഗനൃത്തമാണ്  നാം ഇന്ന്കണ്ടു കൊണ്ടിരിക്കുന്നത്.  ചങ്ങലകളില്ലാത്ത ആത്മീയ ലോകത്തിന്റെ വിഹായസ്സിലേക്ക് സ്വതന്ത്രരാകുവാനാണ്  ചില  മതാനുഭവത്തിന്റെ പരമമായലക്ഷ്യം. മുതൽ മുടക്കില്ലാതെ കെട്ടിപ്പടുക്കാവുന്ന ബിസിനസ് സാംബ്രാജ്യമായി മാറിയിരിക്കുന്നു ഉത്തരാധുനികതയിലെ ആത്മീയകച്ചവടസംരംഭങ്ങൾ.

പ്രയാസങ്ങളിലൂടെയും, വ്യാധികളിലൂടെയും, സാമ്പത്തിക തകർച്ചകളിലൂടെയും, ശിഥിലമായി കൊണ്ടിരിക്കുന്ന  കുടുംബ അന്തരീക്ഷങ്ങളിൽ മനംമടുത്ത് നട്ടംതിരിയുന്ന പാവം മനുഷ്യൻ, അവനറിയാതെ തന്നെ ഇത്തരത്തിലുള്ള മോഹവലയങ്ങളിൽ അകപ്പെട്ട് ചൂഷണത്തിന് വിധേയരാകുന്നു എന്നതാണ് സത്യം.തന്റെ തന്നെ സത്വത്തിലുള്ള ആത്മീയ ചൈതന്യത്തെ കണ്ടെത്താനാകാത്തവൻ, വേഗത്തിൽ സ്വന്തംകാര്യം നിറവേറ്റാനായി കുറുക്കു വഴി അന്വേഷിക്കുമ്പോൾ, ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളുടെ മോഹവലയത്തിലകപ്പെടുന്നു. ഗുരുക്കന്മാരുടെയും, ദിവ്യന്മാരുടെയും, തിരുമേനിമാരുടെയും, മുല്ലമാരുടെയും, ഉപദേശിമാരുടെയും, അമ്മമാരുടെയും കാല്‍ക്കീഴില്‍ അഭയംതേടുന്ന പാവം മലയാളിമനസ്  ഇവിടെ ചൂഷണം ചെയ്യപ്പെടുന്നു. ഭക്തിയുടെ പേരില്‍ നടക്കുന്ന വൻകിടതട്ടിപ്പ് മാര്‍ക്കറ്റിംഗ് എന്നാല്ലാതെ ഇതിനെ എന്തുപറയാന്‍.

 കണ്‍സേർട്ടുകളായി മാറുന്ന പുത്തൻആത്മീയത

കണ്‍സേർട്ടുകളായി മൊഴിമാറ്റം ചെയ്യപ്പെട്ട ആധുനിക ആത്മീയത. ഇളക്കങ്ങളും, ബഹളങ്ങളും മറിച്ചിടലുകളും എല്ലാം ചേർന്നത്‌.  മാസ്മരികതയുടെ ലഹരി കെട്ടടങ്ങുമ്പോൾ പാവം വിശ്വാസി എന്തിനോ വേണ്ടി പരക്കംപായുന്നു. അനുദിനം മാറിമറിയുന്ന അത്യാധുനിക  ലൈഫ്സ്റൈലിന്റെ പുത്തൻ പ്രവണതകൾ  തന്ത്രപരമായി പ്രയോജപ്പെടുത്തിക്കൊണ്ടാണു ഇത്തരത്തിലുള്ള തിന്മയുടെ ശക്തികള്‍ പടർന്ന്പന്തലിക്കുന്നത്. ആരാധാസങ്കേതങ്ങള്‍ സ്ഥാപിച്ച് അതിലേക്ക് ആളെ കൂട്ടുന്ന പ്രവര്‍ത്തങ്ങളേക്കാള്‍ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങൾ കൌശലപൂര്‍വം ഉപയോഗിച്ച് ആശയപ്രചാരണം നടത്തുന്നതിനാണ് ഇത്തരം സംഘടിത സംഘങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കടുത്ത ദൈവവിശ്വാസികളെന്നു അഭിമാനിക്കപ്പെടുന്നവര്‍ക്കുപോലും ഇത്തരം തന്ത്രങ്ങളെ മസിലാക്കുവാനൊ, ഒഴിവാക്കുവാനൊ സാധിക്കാതെ വരുന്നു.  സ്വാര്‍ഥതയെയും, ജഡികാഭിലാഷങ്ങളെയും ആഘോഷിക്കുകയും, ആസ്വദിക്കുകയും ചെയ്യുന്ന വിശ്വാസപ്രമാണമാണ് ഇത്തരം സംഘടനകൾ  അനുയായികള്‍ക്കും സമൂഹത്തിനും  നല്കുന്ന സന്ദേശം.

ആശ്രമം, മഠം, ഗുരു, വെളിപാട്,  സിദ്ധി, ദിവ്യദൃഷ്ടി, ആത്മീയഅനുഭൂതി, മായ, ചാരിറ്റി, രോഗസൌഖ്യം, അത്ഭുതപ്രവർത്തനങ്ങൾ, മാനസാന്തരം  എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ വലിയ കാര്യം നേടാന്‍ പോകുന്നു എന്ന മട്ടില്‍ ജനം തെറ്റിധരിക്കപ്പെടുന്നു. മത-രാഷ്ട്രീയ ശക്തികളുടെ പിന്ബലം കൂടി ഉണ്ടാകുമ്പോൾ, വിമർശിക്കാൻ പോലും ആവാത്തവിധത്തിൽ  കാര്യങ്ങൾ കൊണ്ടെത്തിക്കും.  കപടആത്മീയതയുടെ  വ്യക്താക്കളായി ചിലരെങ്കിലും അവർക്ക് കുടപിടിക്കുവാൻ ബാദ്ധ്യസ്ഥരാകും.  ഇവിടെ ആത്മീയവാണിഭം നടത്തുന്ന  വെള്ളതേച്ച ശവക്കല്ലകളായി  മതപ്രസ്ഥാനങ്ങൾ മാറുന്നു. എന്ത് തരത്തിലുള്ള വിധ്വംസക പ്രവൃത്തനങ്ങളും നടത്താവുന്ന രീതിയിലാണ് ആധുനിക മതപ്രസ്ഥാനങ്ങൾ. കൊലപാതകങ്ങളും,  പീഡനങ്ങളും, ബലാത്സംഗങ്ങളും അവിടെ തുടര്‍കഥകളാകുന്നു.ആത്മീയതയുടെ അവസാനവാക്കാണ് താനെന്ന് കാണിക്കാന്‍വേണ്ടി  സ്വന്തം മാതാപിതാക്കളെ കൊണ്ടുപോലും പാദപൂജ  ചെയ്യിപ്പിച്ച്  ആധുനിക കാലഘട്ടത്തിലെ  ആള്‍ദൈവങ്ങൾ തങ്ങളുടെ മാര്‍ക്കറ്റിംഗ് തന്ത്രം നന്നായി വിറ്റഴിക്കുന്നു. ആത്മീയതയുടെ മറവില്‍ എന്ത് കച്ചവടവും നടത്താം എന്ന അവസ്ഥ സംജാതമായിരിക്കുന്നു. കലിയുഗത്തിന്റെ സന്തതികളായ ആള്‍ ദൈവങ്ങളുടെ പുറകില്‍ നടന്നാല്‍ ആത്മീയജ്ഞാനമോ മോക്ഷമോ ലഭിക്കില്ല എന്നുറപ്പ്. എല്ലാം മതത്തിന്റെ പേരിൽ ? ആത്മീയതയുടെ പേരിൽ?

യേശു ക്രിസ്തു പഠിപ്പിച്ചതും കാണിച്ചു തന്നതും കഷ്ടതകളെ നേരിടുവാനുള്ള ധൈര്യമാണ് . അവൻ കാൽവരിയിലെ മരണത്തോളം അനുസരണയുള്ളവനായി പീഡാ നു ഭവത്തിന്റെ കൈപ്പുനീർ അനുഭവിച്ചറിഞ്ഞു. പരാജയം രുചിച്ചറിഞ്ഞവരില്‍ ഏറ്റവും മുന്‍പന്തിയിലാണ് യേശു ക്രിസ്തു.ഇന്ന് പരാജയം എന്നത് നമ്മുടെ നിഘണ്ടുവിൽ ഇല്ല. പരീക്ഷകള്‍ നിരവധി .. സാത്താന്റെ പരീക്ഷകള്‍ .. പ്രലോഭനങ്ങള്‍ .. ഒറ്റപ്പെടുത്തലുകള്‍ …കള്ളപ്പാനെപ്പോലെ പിടിക്കപ്പെട്ടു ..രാജ്യദ്രോഹി എന്ന് മുദ്രകുത്തി…കോടതിയില്‍ കേസില്‍ പ്രതിയാക്കി..ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവായി പ്രതികൂട്ടില്‍…പടയാളികളുടെ പരിഹാസം..കാര്‍ക്കിച്ചു തുപ്പല്‍ .. ചാട്ടവാറടി .. കരണത്തടി..കര്‍മ്മം ഒത്തിരി ചെയ്തു .. പ്രതിഫലം ഇത്തിരിപ്പോലും ഇല്ല ..നോന്തു പെറ്റ അമ്മയുടെ മുന്‍പിലൂടെ നിസംഗായി കുരിശും ചുമന്നുകൊണ്ടു നടന്നു നീങ്ങേണ്ടി വന്നു.സ്വന്തം മകനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ദയീയ രംഗം കണ്ടു നില്‍ക്കേണ്ട ഒരമ്മയുടെ മാനസിക പീഡ എത്രമാത്രം?സര്‍വവും കൈവിട്ടുപോയ അനുഭവം“എന്റെ ദൈവമേ .. എന്റെ ദൈവമേ.. നീ എന്നെ കൈവിട്ടതെന്തു ?ദാഹിക്കുന്ന ഏവരുമേ എന്റെ അടുക്കല്‍ വരുവിന്‍ എന്ന് പറഞ്ഞവന്‍ ” എനിക്ക് ദാഹിക്കുന്നു” എന്ന് വിലപിക്കുന്നു .. ലോകരക്ഷകന്‍ നഗ്നനായി ലോകത്തിന്റെ നെറുകയില്‍ ..തിരു വിലാവ് കുന്തത്താല്‍ ചിന്തപ്പെട്ടു .നെറ്റിത്തടങ്ങള്‍ മുള്‍മുടിയുടെ ക്രൂരമായ മുനകളാല്‍ മുറിയപ്പെട്ടു.ചാട്ടവാറടികളാല്‍ ദേഹം വരയപ്പെട്ടു.എല്ലാം താന്‍ സഹിച്ചു.. പൊറുത്തു ..“ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയയ്കയില്‍ ഇവരോട് ക്ഷമിക്കേണമേ..”യേശു ക്രിസ്തുവിന്റെ പീഡാനുഭവം ഒരു വ്യക്തിയില്‍ ഒതുങ്ങുന്നില്ല. ഹാബേല്‍ മുതല്‍ ഇന്നുവരെ ആരൊക്കെ പീഡിപ്പിക്കപ്പെടുന്നുവോ..? തിരസ്കരിക്കപ്പെടുന്നുവോ..? അവരിലൂടെയെല്ലാം ക്രിസ്തു ഇന്നും പീഡിപ്പിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു. സ്വയം വെറുമയാക്കപ്പെട്ട കര്‍ത്താവ് ഇതെല്ലാം വഹിച്ചതു ആര്‍ക്കു വേണ്ടി? മനുഷ കുലത്തിന്റെ വീണ്ടെടുപ്പിായി.ഇന്നിന്റെ പരാജയത്തില്‍ നാം അസ്വസ്ഥരാകരുത്. തിരസ്കരണം ജീവിതത്തിന്റെ ഭാഗമാണ്. എല്ലാവരാലും വെറുക്കപ്പെടും. ഒന്നും ഇല്ലാത്തവായി ഈ ലോകത്തിലേക്ക് വന്നു. ഇന്ന് സ്വന്തമെന്നു അഭിമാനത്തോടെ പറയുന്നതൊന്നും നിന്റേതല്ല.