Breaking News

Trending right now:
Description
 
Oct 06, 2014

ജോസേട്ടനാണോ ഞാനാണോ ശരി?

ശ്രീജ നായര്‍
image


അതാണ്‌ ജോസേട്ടന്‍ ..... കഴിഞ്ഞ ദിവസം എന്റെ ഒരു  സുഹൃത്ത് സംസാരത്തിലൂടെ എനിക്ക് വരച്ചു കാട്ടിത്തന്ന  ജോസേട്ടന്‍ ..  കേള്‍ക്കുന്ന ആര്‍ക്കും ഒന്ന് പരിചയപ്പെടണമെന്നു തോന്നിപ്പോകുന്ന ജോസേട്ടന്‍ ...

ഇന്നലെ ഞാന്‍  എന്റെ   വളരെ അടുപ്പമുള്ള ഒരു സുഹൃത്തിനോട് എന്റെ പ്രാരാബ്ദങ്ങളെ പറ്റി  സംസാരിക്കുകയായിരുന്നു. വളരെ തിരക്കുള്ള., ഒരു ദിവസം 24 മണിക്കൂര്‍ പോരാ എന്ന് പറയുന്ന ആളാണ്‌

 ഈ സുഹൃത്ത്.ഞാന്‍ എന്റെ വിഷമങ്ങളൊക്കെ പറഞ്ഞപ്പോഴാണ് അദ്ദേഹം ഈ ജോസേട്ടന്റെ കാര്യം പറഞ്ഞത്.ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, ഭാവിയിലേക്ക് സംഭരിക്കുന്നുമില്ല എന്നതു പോലെയാണ് ജോസേട്ടന്റെ സ്വഭാവവും. അതുപോലെ നമ്മളും ആയി തീരണം എന്നാണ് എന്റെ സുഹൃത്തിന്റെ പക്ഷം. ഒരു ടെന്‍ഷനുമില്ലാത്ത ജീവിതം.

ഒരു അര്‍ദ്ധരാത്രിയിലെ കോഴിക്കോട് യാത്രക്കിടയില്‍ ഇടക്കൊരു ചായ കുടിക്കാനായി വണ്ടി നിര്‍ത്തിയ വേളയിലാണ് എന്റെ സുഹൃത്ത് ജോസേട്ടനെ കാണുന്നത്. സുമ വിക്റ്റ്റിലെ ഏകാന്ത സഞ്ചാരി - സുമുഖനായ ഒരു 37 കാരന്‍ . ആദ്യ കാഴ്ചയില്‍ തന്നെ അദ്ദേഹത്തെ ആരും ഇഷ്ടപ്പെടുമത്രേ.  അദ്ദേഹത്തെ പരിചയപ്പെട്ട അവസരത്തിലാണ് ജോസേട്ടന്‍ തന്റെ കഥകള്‍ എന്റെ സുഹൃത്തിനോട് പറയുന്നത്.

കോട്ടയത്തെ ഒരു പുരാതന കുടുംബമാണ് ഇദ്ദേഹത്തിന്റേത് . സാമ്പത്തികമായും വളരെ ഉയര്‍ന്നസ്ഥിതിയില്‍ ഉള്ളവര്‍ . രണ്ടു പെങ്ങന്മാരും അഞ്ചു ചേട്ടന്മാരും അമ്മച്ചിയും അടങ്ങുന്ന കുടുംബം.

അപ്പന്റെ മരണശേഷം സ്വത്ത് ഭാഗം വച്ചപ്പോള്‍ എല്ലാവര്‍ക്കും കിട്ടിയത്തിലും കൂടുതല്‍ സ്വത്ത് അപ്പന്‍ ഈ ഇളയമകന് വേണ്ടി മാറ്റി വച്ചിരുന്നു. മറ്റു ബിസിനസ്സുകളും ഭൂസ്വത്തുക്കളുമൊക്കെ  സഹോദരങ്ങള്‍ക്ക് വിടുകൊടുത്ത് ജോസേട്ടന്‍  ഒൻപതരക്കൊടിയുടെ അധിപനായി. മറ്റു സഹോദരങ്ങള്‍ ബിസിനസ് രംഗത്തേക്ക് തിരിഞ്ഞപ്പോള്‍ ജോസേട്ടന്‍ തനിക്ക് കിട്ടിയ കാശിന്റെ ഒരു വിഹിതം സഹോദരങ്ങളുടെ മക്കളുടെ പേരില്‍ ഫിക്സ്ഡ് ഡിപ്പോസിറ്റ്  ചെയ്തു. ബാക്കി തുക ഒരു ദേശസാൽകൃത ബാങ്കിൽ  സ്വന്തം പേരില്‍ നിക്ഷേപിച്ചു. അതിന്റെ പലിശയായി മാസം തോറും കിട്ടുന്ന ലക്ഷങ്ങൾ ഉപയോഗിച്ച് അടിച്ചു പൊളിച്ചു ജീവിച്ചു തുടങ്ങി . 


അവിവാഹിതനായ ജോസേട്ടന്  കുടുംബ പ്രാരാബ്ദങ്ങൾ ഒന്നും തന്നെയില്ല. ആകെ വീടുമായി ബന്ധിപ്പിക്കുന്ന കണ്ണി  അമ്മ മാത്രമാണ്. മാസത്തില്‍ ഒരിക്കല്‍ അമ്മയോടൊപ്പം കുടുംബ വീട്ടില്‍ ചിലവിടും.പിന്നെ ചില വൃദ്ധ സദനങ്ങളില്‍ മാസത്തിലൊരിക്കല്‍ ആഹാരം നല്‍കും. കാശ് നല്‍കി  ആരെയും സഹായിക്കില്ല. .ബാക്കി ദിവസങ്ങളില്‍ സന്തത സഹചാരിയായ കാറില്‍ യാത്രയാകും. ബന്ധുക്കളുമായും മറ്റാരുമായും അത്രയ്ക്ക് അടുപ്പം പുലര്‍ത്താറില്ല.  

 വാഹനങ്ങളോട് അമിത കമ്പമുള്ള ജോസേട്ടന്‍ ആറ് മാസത്തില്‍ കൂടുതല്‍ ഒരു വാഹനവും  ഉപയോഗിക്കില്ലത്രേ.തിന്നു കുടിച്ചു ആര്‍ഭാട പൂര്‍ണ്ണമായ യാത്രാ ജീവിതം.ഇതൊക്കെ കണ്ടു ത്രില്ലടിച്ച്  എന്റെ സുഹൃത്ത് എന്നോട് പറഞ്ഞത് കല്യാണം കഴിച്ചത് അബദ്ധമായി പോയി എന്ന് ഇത്തരം അവസരങ്ങളിലാണ് തോന്നുന്നതെന്ന് . അദ്ദേഹവും ഇതുപോലെ ഒരു സ്വതന്ത്ര ജീവിതം ഇഷ്ട്ടപ്പെടുന്നയാളാണ്. പക്ഷെ ജീവിതത്തിലെ കെട്ടുപാടുകളും ബിസിനസ് ടെന്‍ഷനുമൊക്കെ നമ്മുടെ ജീവിതം മാറ്റിമറിക്കുന്നു. 

എന്റെ സുഹൃത്തിനെപ്പോലെ ജോസേട്ടന്റെ ജീവിത ശൈലി  ഇഷ്ട്ടപ്പെടുന്നവര്‍ ഈ സമൂഹത്തില്‍ നിരവധിയുണ്ടാകാം.എന്നാല്‍  ഇത്തരമൊരു സുഖ ജീവിതം നമുക്ക്  ആത്യന്തികമായ സന്തോഷം നല്‍കുന്നുണ്ടോ എന്ന് കൂടി ചിന്തിക്കെണ്ടതല്ലേ.

അല്‍പ്പസ്വല്‍പ്പ ടെന്‍ഷനും കെട്ടുപാടുകളുമൊക്കെ ചേര്‍ന്നതല്ലേ ഒരു  സുഖകരമായ ജീവിതം.  വളരെ ബുദ്ധിമുട്ടി ടെന്‍ഷനടിച്ചു നമ്മളൊരു കാര്യം നേടുമ്പോള്‍ അതില്‍നിന്നും കിട്ടുന്ന സംതൃപ്തി  ഒരു സുഖലോലുപമായ  ജീവിതത്തില്‍ നിന്നും നമുക്ക് ലഭിക്കുമോ? ദുഖമുണ്ടെങ്കിലല്ലേ സുഖത്തിന്റെ വില നമുക്ക് ശരിക്കും ബോധ്യപ്പെടൂ..... എന്താണ് അഭിപ്രായം?

ജോസേട്ടനാണോ ഞാനാണോ ശരി?