Breaking News

Trending right now:
Description
 
Nov 25, 2012

മൂന്നരയടി ഉയരത്തില്‍നിന്ന്‌ പഞ്ചഗുസ്‌തിയില്‍ വീണ്ടും ജോബി ലോക ചാംപ്യന്‍

സോണി വര്‍ഗീസ്‌ വെട്ടുകുഴിയില്‍
image
സ്‌പെയിനില്‍ നടന്ന 32-ാമത്‌ വേള്‍ഡ്‌ ആം സ്‌പോര്‍ട്ട്‌ ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചഗുസ്‌തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജോബി മാത്യു 60 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടി. ഡിസേബിള്‍ഡ്‌ ലെഫ്‌റ്റ്‌ ഹാന്‍ഡ്‌ വിഭാഗത്തിലാണ്‌ ജോബിയുടെ സുവര്‍ണനേട്ടം. ഇതേ മത്സരത്തില്‍ ഇടംകൈ നോര്‍മല്‍ 52 കിലോഗ്രാം വിഭാഗത്തിലും റൈറ്റ്‌ഹാന്‍ഡ്‌ ഡിസേബിള്‍ഡ്‌ 60 കിലോഗ്രാം വിഭാഗത്തിലും ജോബി വെള്ളിമെഡലുകള്‍ കരസ്ഥമാക്കിയിരുന്നു. 

മൂന്നടി അഞ്ചിഞ്ച്‌ മാത്രം ഉയരമുള്ള ജോബി മാത്യു ഒട്ടേറെ വെല്ലുവിളികളോട്‌ മല്ലിട്ടാണ്‌ ലോകമത്സരത്തില്‍ ഒന്നാമനാകുന്നത്‌. കാലുകള്‍ക്ക്‌ 65 ശതമാനം വളര്‍ച്ചക്കുറവുമായി ജനിച്ച ജോബിക്ക്‌ തന്റെ വൈകല്യത്തെ പുല്ലുപോലും വകവയ്‌ക്കാതെ നടത്തിയ കഠിനപരിശ്രമങ്ങള്‍ ഒന്നിനുപുറമെ ഒന്നായി വിജയങ്ങള്‍ സമ്മാനിക്കുകയായിരുന്നു. 
സ്‌പെയിനില്‍ 2008-ല്‍ നടന്ന 29-ാമത്‌ ലോക ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ ജോബി സ്വര്‍ണമെഡല്‍ നേടിയിരുന്നു. അറുപതുശതമാനം ശാരീരികവൈകല്യമുണ്ടെങ്കിലും സാധാരണക്കാര്‍ മത്സരിക്കുന്ന വിഭാഗത്തിലായിരുന്നു ജോബി ഈ ഇനത്തില്‍ മത്സരിച്ചിരുന്നത്‌. ഇതേവേദിയില്‍ 60 കിലോഗ്രാം ഡിസേബിള്‍ഡ്‌ വിഭാഗത്തില്‍ ജോബി വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു. 2010-ല്‍ ഈജിപ്‌തില്‍നടന്ന മുപ്പതാമത്‌ ലോക ആം റെസ്‌ലിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ സാധാരണവിഭാഗത്തില്‍ ജോബി വെള്ളിമെഡില്‍ നേടിയിരുന്നു. 2005-ലെ ജപ്പാനില്‍നടന്ന മത്സരങ്ങളിലും രണ്ട്‌ വിഭാഗത്തില്‍ ജോബിക്ക്‌ വെങ്കലമെഡല്‍ നേടിയിട്ടുണ്ട്‌.

പഞ്ചഗുസ്‌തിയില്‍ അന്താരാഷ്ട്ര റഫറി എം.ഡി. റാഫേല്‍ ചാലക്കുടിയാണ്‌ ജോബിയുടെ ഉപദേശകന്‍. ആലുവയില്‍ ഫിറ്റ്‌വെല്‍ ജിംനേഷ്യത്തില്‍ ചിത്രാംഗതന്റെ നേതൃത്വത്തിലാണ്‌ 1999 മുതല്‍ ജോബി പരിശീലനം നേടുന്നത്‌. ബാംഗളൂരിലെ ജോബിന്‍ ചെറിയാന്‍ മാത്യുവാണ്‌ ഫിസിയോ തെറാപ്പിസ്റ്റ്‌.

കൊച്ചിയില്‍ ബിപിസിഎലില്‍ ഓഫീസറായി ജോലി നോക്കുന്ന ജോബിയുടെ സ്‌പോണ്‍സറും ബിപിസിഎല്‍ ആണ്‌. കോട്ടയം ജില്ലയിലെ പാലാ അടുക്കം സ്വദേശിയാണ്‌ ജോബി. ഇപ്പോള്‍ ആലുവ തോട്ടക്കാട്ടുകരയിലാണ്‌ താമസം. വേള്‍ഡ്‌ ആംസ്‌പോര്‍ട്‌ പ്രസിഡന്റ്‌ ജനറല്‍ ഉസ്‌മാന്‍, വൈസ്‌ പ്രസിഡന്റ്‌ അന്ന മരിയ എന്നിവര്‍ക്കൊപ്പം ജോബി

പ്രോക്‌സിമല്‍ ഫീമറല്‍ ഫോക്കല്‍ ഡെഫിഷ്യന്‍സി എന്ന അവസ്ഥയാണ്‌ ജോബിയുടെ കാലുകളുടെ വളര്‍ച്ചയെ തളര്‍ത്തിക്കളഞ്ഞത്‌. എന്നാല്‍, മനസിനെ ഒരുതരത്തിലും ശരീരത്തിന്റെ വൈകല്യം ബാധിക്കാതിരിക്കാന്‍ ജോബി കരുതലെടുത്തു. കാലുകളുടെ കരുത്തുകൂടി കൈകളിലേയ്‌ക്ക്‌ ആവാഹിച്ചെടുക്കാന്‍ ഈ മനസാന്നിധ്യം ജോബിക്കു തുണയായി. അരയ്‌ക്കു മുകളില്‍ സാധാരണപോലെ വളര്‍ച്ചയുള്ള ജോബി പഞ്ചഗുസ്‌തിയില്‍ തന്റെ കഴിവുതെളിയിച്ചത്‌ ചെത്തിപ്പുഴ മേഴ്‌സി ഹോമിലെ പഠനകാലത്താണ്‌. എല്ലാവരും ഫുട്‌്‌ബോളും ബാസ്‌ക്കറ്റ്‌ബോളും കളിക്കാന്‍ ഓടുമ്പോള്‍ ജോബി കൂട്ടുകാരെ തന്റെ കൈക്കരുത്തിനോട്‌ മത്സരിക്കാന്‍ വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിക്കാന്‍ പലരും മുന്നോട്ടുവന്നെങ്കിലും ജയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അന്നൊന്നും പഞ്ചഗുസ്‌തി ഒരു കായികഇനമായി പോലും ആരും കരുതിയിരുന്നില്ല. തന്റെ ഇരട്ടിവലിപ്പമുളളവരെ ജോബി നിസാരമായി മലര്‍ത്തിയടിക്കുന്നതു കണ്ടുനിന്നവര്‍ അന്തംവിട്ടു. പിന്നീട്‌ വിജയങ്ങളില്‍നിന്ന്‌ വിജയങ്ങളിലേയ്‌ക്ക്‌ കുതിക്കാന്‍ ജോബിക്കു കഴിഞ്ഞു. പണവും മറ്റു പ്രതിബന്ധങ്ങളും ജോബിയുടെ വഴികളില്‍ തടസമാകാതിരിക്കാന്‍ സുമനസുകള്‍ തുണയായി. ജപ്പാനിലെ മത്സരങ്ങള്‍ക്ക്‌ സഹായമേകിയത്‌. തമിഴ്‌നടനായ ശരത്‌കുമാറായിരുന്നു. മികച്ച പരിശീലനത്തിലൂടെ കൈകളുടെ കരുത്ത്‌ വര്‍ദ്ധിപ്പിച്ച ജോബി ഭൂമിക്കുകുറുകെ ഉയര്‍ന്നുനില്‍ക്കുന്നതു കാണുമ്പോള്‍ ആളുകള്‍ അന്തംവിടും. ഈ പോസില്‍ നില്‍ക്കാന്‍ കഴിയുന്ന ഏക മനുഷ്യന്‍ ഒരു പക്ഷേ ജോബിയായിരിക്കും. 

പഞ്ചഗുസ്‌തിക്കു പുറമെ ഫെന്‍സിംഗിലും ജോബി മത്സരിക്കുന്നു. എംഎ, എല്‍എല്‍ബി ബിരുദധാരിയായ ജോബി സാധാരണക്കാരുടെ മനസിന്‌ കരുത്തുനല്‌കുന്ന പ്രസംഗകന്‍ കൂടിയാണ്‌. തന്റെ വൈകല്യത്തെ എങ്ങനെ മറികടന്നുവെന്ന്‌ പറയുന്നതോടെ കേള്‍വിക്കാര്‍ ജോബിയുടെ ആരാധകരാകും. ജോബിക്ക്‌ കുഞ്ഞുന്നാളില്‍ അമ്മയായിരുന്നു എല്ലാത്തിനും സഹായമായതെങ്കില്‍ ഇന്ന്‌ ഭാര്യ മേഖയും മകന്‍ ജ്യോതിസുമാണ്‌ പ്രചോദനവും കരുത്തും. ലോക ചാമ്പ്യന്‍ഷിപ്പുമായി ഇന്ത്യയുടെ യശസ്‌ ഉയര്‍ത്തിയ ജോബിക്ക്‌ ഇനിയും രാജ്യം വേണ്ടത്ര അംഗീകാരങ്ങള്‍ നല്‌കിയിട്ടില്ല. ഇതേക്കുറിച്ചോര്‍ത്ത്‌ മനസ്‌ തളര്‍ത്താതെ ജോബി വീണ്ടും വീണ്ടും ചാമ്പ്യനാകുന്നു. ദേശീയ ചാനലുകള്‍ അടക്കം ജോബിയുടെ പരിപാടികള്‍ സംപ്രേഷണം ചെയ്‌തിട്ടുണ്ട്‌.

ഹിമാലയം കീഴടക്കാനുള്ള അതിയായ അഭിനിവേശത്തോടെ ഇതിനായി പരിശീലനം നേടുന്നുണ്ട്‌ ജോബി.