Breaking News

Trending right now:
Description
 
Nov 25, 2012

ഒറ്റക്കെട്ടായി മുന്നേറട്ടെ മലയാളി നഴ്‌സുമാര്‍

എഡിറ്റോറിയല്‍
image
കേരളത്തിലെ ആരോഗ്യരംഗം സമരച്ചൂടിലായിരുന്നു ഈ ദിവസങ്ങളില്‍. സമരങ്ങള്‍ കണ്ടു മടുത്ത മലയാളികള്‍ ഏറെ മനസലിവോടെ കണ്ട്‌ പിന്തുണ നല്‌കിയ സമരമായിരുന്നു നഴ്‌സുമാരുടേത്‌ എന്നതാണ്‌ പ്രത്യേകത. സമരപാതയിലേയ്‌ക്ക്‌ നഴ്‌സുമാരെ നയിച്ച കാരണങ്ങളാണ്‌ ഈ ഊറ്റമായ പിന്തുണയ്‌ക്കു കാരണമെന്നാണ്‌ ഗ്ലോബല്‍ മലയാളം മനസിലാക്കുന്നത്‌. 

പതിറ്റാണ്ടുകളായി പുഞ്ചിരിക്കുന്ന മുഖത്തോടെ രാവും പകലുമില്ലാതെ രോഗികള്‍ക്കു വേണ്ടി സ്വയം സമര്‍പ്പിച്ചിരുന്ന നഴ്‌സുമാരുടെ സേവനവേതന വ്യവസ്ഥകള്‍ എത്ര തുച്ഛമാണെന്ന്‌ കേരളീയസമൂഹം തിരിച്ചറിഞ്ഞതാണ്‌ ഈ സര്‍വാത്മനായുള്ള പിന്തുണയ്‌ക്കു കാരണമെന്നതില്‍ സംശയം വേണ്ട. ജോലിയിലെ അവരുടെ ദുരിതങ്ങള്‍, വേദനകള്‍, അവര്‍ക്കു നേരിടേണ്ടി വന്ന വിവേചനങ്ങള്‍, പീഡനങ്ങള്‍ എല്ലാം പുറത്തുകൊണ്ടുവരാന്‍ സമരമുഖത്ത്‌ ശ്‌ക്തമായി നിലയുറപ്പിച്ച സമരഭടന്മാര്‍ക്കായി.

ബംഗാളില്‍നിന്നും ഒറീസയില്‍നിന്നും മറ്റൊരു ഗള്‍ഫിലേയ്‌ക്കെന്നപോലെ കേരളത്തിലേയ്‌ക്കു വരുന്നവരുടെ ദിവസക്കൂലി എത്രയാണെന്ന്‌ നമുക്കറിയാം. ഇതിലും എത്രയോ തുച്ഛമായ തുകയ്‌ക്കാണ്‌ കേരളത്തിലെ നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്‌. അതും ഇടതടവില്ലാതെ ഒരുനിമിഷം ഒന്നിരിക്കാനാവാതെ പത്തും പന്ത്രണ്ടും പതിനാലും മണിക്കൂറുകള്‍ വരെ ജോലി നോക്കുന്നവര്‍. 

അതീവശ്രദ്ധയോടെയും അതീവ സൂക്ഷ്‌മതയോടെ മാത്രം ചെയ്‌തു തീര്‍ക്കേണ്ട ജോലി. അതിനപ്പുറം രാത്രികളില്‍ പോലും നീണ്ട മണിക്കൂറുകള്‍ തുടര്‍ച്ചയായി വിശ്രമമില്ലാതെ തുടരേണ്ട ഡ്യൂട്ടിസമയം. കേരളത്തിലെ ആതുരാലയങ്ങളിലെ നഴ്‌സിംഗ്‌ കെയറിനെക്കുറിച്ച്‌ ലോകമെങ്ങും മതിപ്പാണ്‌. മലയാളി നഴ്‌സുമാര്‍ വിദേശരാജ്യങ്ങളില്‍ പരിഗണിക്കപ്പെടുന്നത്‌ ഒന്നാംനിരയിലാണ്‌. 

മൂന്നു ഷിഫ്‌റ്റ്‌ ഡ്യൂട്ടിയാണ്‌ നഴ്‌സുമാര്‍ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്നതെങ്കിലും കേരളത്തിലെ മിക്ക ആശുപത്രികളിലും ഡബിള്‍ഡ്യൂട്ടിയും അധികവാര്‍ഡ്‌ ഡ്യൂട്ടിയും മറ്റുമായി ദുരിതമയമാണ്‌ മിക്ക നഴ്‌സുമാരുടെയും ജീവിതം. പന്ത്രണ്ട്‌ മണിക്കൂറില്‍ അധികം നീളുന്ന രാത്രിജോലികള്‍ യാതൊരു മുറുമുറുപ്പുംകൂടാതെ നിര്‍വഹിക്കുന്നവരാണ്‌ കേരളത്തിലെ നഴ്‌സുമാര്‍. പത്തുരോഗികളെ വരെ ശ്രദ്ധയോടെ പരിചരിക്കേണ്ടതിന്റെ അമിതജോലിഭാരം ഏറ്റെടുത്തിരുന്ന കേരളത്തിലെ നഴ്‌സുമാര്‍ ഈ നാളത്രയും പരാതികള്‍ക്ക്‌ ഇടവരുത്താതെ ജോലി നോക്കിയിരുന്നു. രോഗീപരിചരണത്തിനു പുറമെ പരിചരണത്തിന്റെയും നല്‌കിയ മരുന്നുകളുടെയും വിവരങ്ങളെല്ലാം കംപ്യൂട്ടറിലും രജിസ്റ്ററിലും എഴുതിച്ചേര്‍ത്തേ എല്ലാവര്‍ക്കും ജോലിപൂര്‍ത്തിയാക്കാനാവൂ. 

സാധാരണ കുടുംബങ്ങളില്‍നിന്നു വരുന്നവരാണ്‌ കേരളത്തിലെ ഭൂരിപക്ഷം നഴ്‌സുമാരും. ബാങ്ക്‌ വായ്‌പയും കടബാധ്യതകളുമായി പഠനം പൂര്‍ത്തിയാക്കി എങ്ങനെയും ബാധ്യതകള്‍ തീര്‍ക്കാനുള്ള തത്രപ്പാടിലാണ്‌ മിക്കവരും ഉള്ള ജോലിയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത്‌. 

വിദേശങ്ങളിലെ ജോലിസാധ്യതകള്‍ അധികമായിരുന്ന കഴിഞ്ഞ കാലങ്ങളില്‍ ആ സാധ്യതകള്‍ മുന്നില്‍കണ്ടാണ്‌ മിക്കവരും കുറഞ്ഞ ശമ്പളത്തിലും കേരളത്തില്‍ ജോലി നോക്കിയിരുന്നത്‌. എന്നാല്‍, ആ അവസരങ്ങളെല്ലാം കുറഞ്ഞുകുറഞ്ഞുവന്നതോടെ കേരളത്തില്‍ കുടുംബം പോറ്റാന്‍ ഈ ജോലിയും ശമ്പളവും പോരാ എന്നൊരു തോന്നല്‍ നഴ്‌സിംഗ്‌ സമൂഹത്തില്‍ പടരുകയായിരുന്നു. ഇത്‌ തികച്ചും ന്യായയുമായിരുന്നു. തീവിലകള്‍ സാധാരണക്കാരുടെ ജീവിതത്തെയാകെ ദുരിതത്തിലാക്കിയപ്പോള്‍ നഴ്‌സുമാര്‍ക്കു മാത്രമായി മാറിനില്‍ക്കാനാവാത്ത സ്ഥിതിയായി. പാലും പച്ചക്കറിയും മുതല്‍ എന്തിനും തീവിലയായപ്പോള്‍ തൊഴിലില്‍നിന്ന്‌ കൂടുതല്‍ വരുമാനമില്ലാതെ നിവൃത്തിയില്ലെന്നായി. 

ഇതിനുമൊക്കെയപ്പുറം, നനഞ്ഞിടം കുഴിക്കുക എന്ന മട്ടില്‍ പെരുമാറിയിരുന്ന മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ ജീവിതം ദുരിതമയമാക്കി. ഇതിനെതിരേ പ്രതികരിച്ചവരെ നിഷ്‌കരുണം ദുരിതത്തിലാക്കി. ഷഫ്‌ളിംഗ്‌ എന്ന വാള്‍ പ്രയോഗിക്കാനായിരുന്നു മദര്‍ ഹോസ്‌പിറ്റല്‍പോലെയുള്ള മാനേജ്‌മെന്റുകള്‍ തുനിഞ്ഞത്‌. ഷൈലോക്കുമാരെപ്പോലെയുള്ള പെരുമാറ്റത്തിലൂടെ നഴ്‌സുമാരെക്കൊണ്ട്‌ പരമാവധി പണിയെടുപ്പിക്കുക, ഏറ്റവും തുച്ഛമായ അപ്പക്കഷണം മാത്രം എറിഞ്ഞുകൊടുക്കുക എന്ന രീതിയെ ചോദ്യം ചെയ്യാതിരിക്കാന്‍ അഭിമാനബോധമുള്ള മലയാളിക്കു കഴിയുമായിരുന്നില്ല. 

കേരളത്തില്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷനും ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷനും നടത്തിയ സമരങ്ങള്‍ ഒത്തുതീര്‍പ്പിലെത്താനും നഴ്‌സിംഗ്‌ സമൂഹത്തിന്‌ ഗുണകരമാകുന്ന ചില കാര്യങ്ങളെങ്കിലും നടപ്പിലാക്കാമെന്ന്‌ ഉറപ്പുനേടാനും കഴിഞ്ഞു. ഇത്‌ ഭാവിയില്‍ കേരളത്തിലെ നഴ്‌സുമാരുടെ സേവനവേതന വ്യവസ്ഥകളില്‍ മാറ്റം വരുത്തുമെന്നുതന്നെ ഗ്ലോബല്‍ മലയാളം കരുതുന്നു. സര്‍ക്കാര്‍, പ്രത്യേകിച്ച്‌ തൊഴില്‍വകുപ്പും ആരോഗ്യവകുപ്പും ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്‌. മറ്റൊരു തൊഴില്‍രംഗത്തേക്കാളുപരി കേരളത്തില്‍ ആരോഗ്യപരിപാലന രംഗത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. ആരോഗ്യടൂറിസം അടക്കം കേരളത്തിന്‌ വരുമാനം നേടിത്തരുന്ന മേഖലയിലെ അസ്വസ്ഥതകള്‍ മാറ്റിയെടുക്കേണ്ടത്‌ ഭരണകര്‍ത്താക്കളുടെ ബാധ്യതയാണ്‌. സംതൃപ്‌തിയോടെയും നിറഞ്ഞ പുഞ്ചിരിയോടെയും ജോലി നോക്കുന്ന നഴ്‌സുമാര്‍ നിറയുന്ന ആശുപത്രികളാകട്ടെ കേരളത്തിലേത്‌. 

ഷിഫ്‌റ്റ്‌ സമ്പ്രദായത്തിലും കുറഞ്ഞ വേതനത്തിനും രാത്രി ജോലികള്‍ക്കുള്ള അലവന്‍സുകളിലും നഴ്‌സ്‌ രോഗീ അനുപാതത്തിലുമെല്ലാം പോരായ്‌മകളേറെയുണ്ട്‌. അതിനപ്പുറം, ഈ രംഗങ്ങളിലെല്ലാം ഏകീകരണവും ആവശ്യമാണ്‌. മാനേജ്‌മെന്റുകളുടെ കടുംപിടുത്തങ്ങള്‍ക്ക്‌ അനുസരിച്ചുള്ള പാവകളാകാന്‍ കേരളത്തിലെ നഴ്‌സുമാരെ ഇനി കിട്ടില്ല. സര്‍ക്കാര്‍ നിശ്ചയിക്കുന്ന തൊഴില്‍നിയമങ്ങള്‍ക്ക്‌ അനുസരിച്ച്‌ വേതനവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കാന്‍ മാനേജ്‌മെന്റുകള്‍ ബാധ്യസ്ഥരാകും. 

നഴ്‌സുമാരുടെ മാത്രം കാര്യത്തില്‍ ഇപ്പോഴും വിവേചനം എന്തിനാണെന്ന്‌ ഈ രംഗത്തുള്ളവര്‍ ഉറക്കെ ചിന്തിക്കട്ടെ. ഡോക്ടര്‍മാരുടെ ശമ്പളകാര്യത്തില്‍ തുറന്ന മനസോടെ നിറച്ചളന്നു കൊടുക്കാന്‍ മടിയില്ലാത്തവര്‍ നഴ്‌സുമാരെ ചെറുതായി കാണേണ്ട കാര്യമില്ല. കുറഞ്ഞ ശമ്പളം മാത്രം നഴ്‌സുമാര്‍ക്ക്‌ നല്‌കി ലാഭം വര്‍ദ്ധിപ്പിക്കാമെന്ന കുരുട്ടുബുദ്ധിയും ഇനി കേരളത്തില്‍ നടക്കില്ല. 

അടിമകളെന്ന പോലെ പണിയെടുത്തിരുന്ന നഴ്‌സുമാര്‍ സടകുടഞ്ഞ്‌ എഴുന്നേറ്റു കഴിഞ്ഞു. അവകാശങ്ങളെക്കുറിച്ച്‌ അവര്‍ക്ക്‌ ഉത്തമബോധ്യമുണ്ട്‌. അവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ സംഘടനകളുമുണ്ട്‌. ഭിന്നിച്ച്‌ നില്‍ക്കാതെ ഒരു മെയ്യായി കരുത്തോടെ മുന്നോട്ടുനീങ്ങാനാണ്‌ നഴ്‌സിംഗ്‌ രംഗത്തെ സംഘടനകള്‍ ശ്രമിക്കേണ്ടത്‌. രാഷ്ട്രീയത്തിന്‌ അതീതമായി അണിചേരാന്‍ കഴിഞ്ഞ നഴ്‌സുമാര്‍ക്ക്‌ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും കഴിയണം.

ചീഫ്‌ എഡിറ്റര്‍