Breaking News

Trending right now:
Description
 
Oct 02, 2014

ടിന്റു ലൂക്കയ്‌ക്ക്‌ വെള്ളിത്തിളക്കം; പരിശീലകയ്‌ക്കും മാതാപിതാക്കള്‍ക്കും മെഡല്‍ സമര്‍പ്പിച്ചു

image ഇഞ്ചിയോണ്‍: സീസണില്‍ തന്റെ മികച്ച സമയം കണ്ടെത്തിയ ഇന്ത്യയുടെ മലയാളിതാരം ടിന്റു ലൂക്കയ്‌ക്കു വെള്ളിത്തിളക്കം. ഏഷ്യന്‍ ഗെയിംസില്‍ വനിതാ വിഭാഗം 800 മീറ്ററിലാണ്‌ പി.ടി. ഉഷയുടെ പ്രിയ ശിഷ്യ ടിന്റു മികച്ച പ്രകടനത്തിലൂടെ വെള്ളിയണിഞ്ഞത്‌. കഴിഞ്ഞ ഗ്വാങ്‌ഷു ഗെയിംസിലെ വെങ്കല നേട്ടം ഇതോടെ വെള്ളിയാക്കി മെച്ചപ്പെടുത്തി ടിന്റു. 1:59.19 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ്‌ മലയാളിതാരം ഇന്ത്യക്ക്‌ വെള്ളി സമ്മാനിച്ചത്‌. മത്സരത്തിന്റെ അവസാന 60 മീറ്ററുവരെ ടിന്റുവായിരുന്നു മുന്നില്‍. എന്നാല്‍, മികച്ച കുതിപ്പിലൂടെ നേരിയ വ്യത്യാസത്തില്‍ കസാക്കിസ്ഥാന്റെ മര്‍ഗരീത്ത മുക്കഷേവ ടിന്റുവിനെ പിന്നിലാക്കി സ്വര്‍ണം നേടി. തനിക്കു ലഭിച്ച മെഡല്‍ തന്റെ പരിശീലക പി.ടി.ഉഷയ്‌ക്കും മാതാപിതാക്കള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന്‌ ടിന്റു ലൂക്ക അറിയിച്ചു. മെഡല്‍നേട്ടം ആഗ്രഹിച്ചിരുന്നുവെന്നും അതു സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. കായിക ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം ഏഷ്യന്‍ ഗെയിംസില്‍ പുറത്തെടുക്കാനായതിലും സന്തോഷമുണ്ട്‌. എനിക്കുവേണ്ടി പ്രാര്‍ഥിച്ച ഓരോ മലയാളിയോടും നന്ദി പറയുന്നു- ടിന്റു പറഞ്ഞു.