Breaking News

Trending right now:
Description
 
Sep 29, 2014

ഇന്നത്തെ എക്‌സ്‌ക്ലൂസീവ്‌ വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തകര്‍ കണ്ടെത്തുന്നതല്ല, അജണ്ടകളുടെ സൃഷ്ടി: സുനിത ദേവദാസ്‌

image
തിരുവനന്തപുരം പ്രസ്‌ ക്ലബിലെ ബാറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച സുനിത ദേവദാസ്‌ മാധ്യമം പത്രത്തിലെ പത്രപ്രവര്‍ത്തക ജോലി രാജി വച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഗ്ലോബല്‍ മലയാളം പ്രതിനിധി ജിജിമോള്‍ സുനിത ദേവദാസുമായി നടത്തിയ അഭിമുഖ സംഭാഷണം. പ്രീയ വായനക്കാരെ, ആദ്യമേ തന്നെ പറയട്ടെ ഇതു പൊരുതി തോറ്റ, ജോലി നഷ്ടപ്പെട്ട നിസഹായായ ഒരു സ്‌ത്രീയുടെ നിലവിളിയോ കുറ്റപ്പെടുത്തലുകളോ അല്ല. ജീര്‍ണതകളുടെ പര്യായമായി മാറികൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തനത്തിന്റെ പുത്തന്‍ നിലപാടുകളെ ചോദ്യം ചെയ്യുന്ന ഒരു വ്യക്തിയുടെ കരുത്തുറ്റ നിലപാടുകളാണിത്‌.

മാധ്യമം പത്രത്തിലെ ജോലി രാജി വയ്‌ക്കാനിടയായ സാഹചര്യമെന്താണ്‌?, നിങ്ങള്‍ പത്രക്കാരുടെ തെറ്റു ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ സ്ഥാപനത്തില്‍ നിന്നും കഠിനമായ മാനസിക പീഡനം ഉണ്ടായോ? 

സുനിത: ആദ്യമേ തന്നെ പറയട്ടെ ഞാന്‍ ജോലി രാജി വച്ചത്‌ ഈ സംഭവമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല, ഞാനെന്നും പത്രപ്രവര്‍ത്തകയായി തുടരും. പ്രസ്‌ ക്ലബിലെ ബാര്‍ വിഷയത്തില്‍ അന്തസായി പത്രപ്രവര്‍ത്തനം നടത്തുന്ന, തൊഴിലിനോട്‌ ആത്മാര്‍ത്ഥതയുള്ള എല്ലാവരും എന്നെ പിന്തുണയ്‌ക്കുക തന്നെയാണ്‌ ചെയതത്‌. മാനേജ്‌മെന്റ്‌ എനിക്ക്‌ പൂര്‍ണ പിന്തുണയാണ്‌ നല്‌കിയത്‌. ഫെയ്‌സ്‌ബുക്കില്‍ ഞാന്‍ പോസ്‌റ്റിട്ടു ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ ആ വാര്‍ത്ത പത്രം ചെയ്‌തത്‌. മാധ്യമത്തിന്റെ കോഴിക്കോട്‌ ഓഫിസില്‍ നിന്നാണ്‌ പ്രസ്‌ക്ലബിലെ ബാറിനെപ്പറ്റിയുള്ള വാര്‍ത്ത ചെയ്‌തത. അത്‌ മാനേജ്‌മെന്റ്‌ ഇടപെടലിലൂടെ ചെയ്‌ത വാര്‍ത്തയാണ്‌.  

സഹപ്രവര്‍ത്തകരില്‍ നിന്നു ഒറ്റപ്പെടല്‍ നേരിടേണ്ടി വന്നോ?

ഫെയ്‌സ്‌ബുക്കില്‍ കാണുന്നതു പോലെയുള്ള എതിര്‍പ്പോ പ്രശ്‌്‌നങ്ങളോ എനിക്ക്‌‌ അനുഭവിക്കേണ്ടി വന്നിട്ടില്ല. എതിര്‍ത്തവര്‍ പത്തോ പതിനഞ്ചോ പേര്‍ കാണും. അത്രമാത്രം. തിരുവനന്തപുരത്തുള്ള എന്റെ മാധ്യമത്തിലെ സഹപ്രവര്‍ത്തകര്‍ തിരുവനന്തപുരം പ്രസ്‌ ക്ലബിലെ അംഗങ്ങളാണ്‌. അപ്പോള്‍ അവര്‍ ആരുടെ പക്ഷത്തു നില്‍ക്കും എന്ന ചേദ്യം തന്നെ അപ്രസക്തമാണ്‌. അവര്‍ക്ക്‌ മാധ്യമം എന്ന കുടുംബത്തോടുള്ള പ്രതിബദ്ധതതയെക്കാള്‍ തോന്നിയത്‌ ഇത്തരം ഗ്രൂപ്പുകളുടെ സപ്പോര്‍ട്ടാണ്‌. അവരില്‍ മദ്യപിക്കുന്നവരുണ്ടാകാം. ഇത്തരം ഗ്രൂപ്പു ചര്‍ച്ചകള്‍ക്കിടയില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നുണ്ടാകാം. ആ ഗ്രൂപ്പില്‍ നിലനില്‍ക്കുന്നതാവും മാധ്യമം എന്ന കുടുംബത്തില്‍ നില്‍ക്കുന്നതിനെക്കാള്‍ അവര്‍ക്ക്‌്‌ വ്യക്തിപരമായി നേട്ടം. ഒറ്റപ്പെടല്‍ നേരിടേണ്ട വന്നുവെന്നു പറയുന്നില്ല, എനിക്കവിടെ തൊഴില്‍ ചെയ്യാന്‍ പറ്റിയ തൊഴില്‍ സാഹചര്യമില്ലാതായി അത്രമാത്രം, എനിക്കതില്‍ പരാതിയില്ല. പിന്നെ ഞാന്‍ പത്രപ്രവര്‍ത്തകയായി തന്നെ തുടരും അപ്പോള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ആരാണ്‌ പത്രപ്രവര്‍ത്തകര്‍ എന്ന ചോദ്യം അപ്പോള്‍ ഉയര്‍ന്നു വരും. 

ആരാണ്‌ പത്രപ്രവര്‍ത്തകര്‍ ?

പ്രസ്‌ ക്ലബ്‌ അംഗത്വമുള്ളവരോ പത്രപ്രവര്‍ത്തക യൂണിയനില്‍ പ്രവര്‍ത്തിക്കുന്നവരോ മാത്രമല്ല പത്രപ്രവര്‍ത്തകര്‍. പത്രപ്രവര്‍ത്തനമെന്നത്‌ ക്ലറിക്കല്‍ ജോലിയല്ല, മൂല്യങ്ങളും ആത്മാര്‍ത്ഥതയും ആവശ്യമുള്ള ഒരു തൊഴില്‍ മേഖലയാണ്‌. എഞ്ചിനിയറിംഗില്‍ അഡ്‌മിഷന്‍ കിട്ടാത്തവര്‍ വരേണ്ട ഫീല്‍ഡുമല്ല പത്രപ്രവര്‍ത്തനം. സാമൂഹിക പ്രതിബദ്ധത വേണ്ട തൊഴിലിടമാണ്‌ പത്രപ്രവര്‍ത്തനം. 

ബാര്‍ വിഷയം ചൂണ്ടിക്കാട്ടി സുനിത രംഗത്ത്‌ എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനവും ഒറ്റപ്പെടുത്തലും നടത്തിയത്‌ പത്രപ്രവര്‍ത്തകരാണല്ലോ, ഇവിടെ എവിടെയാണ്‌ പത്രപ്രവര്‍ത്തനത്തിന്‌ സാമൂഹിക പ്രതിബദ്ധത?

പത്ര പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ എനിക്കെതിരെ ഉന്നയിച്ച ആരോപണവും ഇതു തന്നെയാണ്‌. എന്തിനാണ്‌ സുനിത ഈ വിഷയം പൊതു സമൂഹത്തില്‍ ചര്‍ച്ചയ്‌ക്ക്‌ നല്‌കിയതെന്നാണ്‌. ആരുടെയും അടുക്കളയില്‍ പത്രപ്രവര്‍ത്തകര്‍ ഒളിഞ്ഞു നോക്കി വാര്‍ത്തയാക്കിയാല്‍ അത്‌ ന്യായവും സത്യസന്ധതയുമാണ്‌. പട്ടാളക്കാരന്‍ മിലിട്ടറി ക്വാട്ട മറിച്ചു വിറ്റാല്‍ പത്രക്കാര്‍ക്ക്‌ അത്‌ എക്‌സക്ലൂസിവ്‌ വാര്‍ത്തയാണ്‌. മൂന്നുലിറ്ററില്‍ കുടുതല്‍ മദ്യം ഒരാള്‍ വാങ്ങിയാല്‍ അതും എക്‌സ്‌ക്ലൂസിവാണ്‌. പോലീസുകാരന്‍ തെറ്റു ചെയതാല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യാതെ മൂടി വയ്‌ക്കുകയാണെങ്കില്‍ എന്ത്‌ സാമൂഹിക നീതി. അതുപോലെയാണ്‌ ഈ വിഷയവും 

ഇവിടെ പത്രപ്രവര്‍ത്തകര്‍ എനിക്ക്‌ നേരെ ഉന്നയിച്ച പ്രധാന ആരോപണം ബാര്‍ എന്ന വാക്ക്‌ ഞാന്‍ ഉപയോഗിച്ചുവെന്നതാണ്‌. ബാര്‍ എന്ന വാക്കിന്‌ ഡിഷ്‌നറിയില്‍ തപ്പിയാല്‍ പല അര്‍ത്ഥങ്ങള്‍ കാണാം. ബാര്‍ എന്നത്‌ ഉപയോഗിച്ചത്‌ ക്ഷമിക്കണം പകരം കൂട്ടം കൂടി മദ്യപിക്കുന്ന മദ്യശാല എന്നു പറയാം. അപ്പോള്‍ വിഷയം തീരുമോ? എന്തു പത്രപ്രവര്‍ത്തനമാണ്‌ ഇവിടെ നടക്കുന്നത്‌ ഇവിടെ പത്രക്കാര്‍ മാത്രമല്ല സമാന ചിന്താഗതിക്കാരായ പലരും വരുന്നു. സെക്രട്ടറിയേറ്റിന്റെ മതിലിനോട്‌ ചേര്‍ന്നാണ്‌ ഈ മദ്യശാല പ്രവര്‍ത്തിക്കുന്നത്‌. അവിടെ നിന്ന്‌ ആരംഭിക്കേണ്ടാത്ത എന്തു നീതിയാണ്‌ ഈ നാട്ടില്‍ നടപ്പാക്കേണ്ടത്‌പത്രപ്രവര്‍ത്തകര്‍ സാധാരണ ചെയ്യുന്നത്‌ അവരു നില്‍ക്കുന്ന ഇടം സേഫ്‌ ആക്കി മറ്റുള്ളവരെ വിമര്‍ശിക്കാന്‍ മുതിരുന്നത്‌.

മദ്യവിഷയത്തില്‍ കൂടുതല്‍ സജീവമായി രംഗത്ത്‌ എത്തുമോ..?

ഞാനൊരു ആക്ടിവിസ്‌റ്റല്ല സുഹൃത്തേ, പ്രസ്‌ക്ലബില്‍ ഒരു അനധികൃത മദ്യശാല പ്രവര്‍ത്തുക്കുന്നുവെന്ന്‌ വിളിച്ചു പറഞ്ഞാല്‍ തീര്‍ന്നു എന്റെ ജോലി. ബാക്കി പ്രവര്‍ത്തനം നടത്തേണ്ടത്‌ പൊതുജനമാണ്‌. പൂട്ടിക്കല്‍ എന്റെ ജോലിയല്ല.

ഇത്തരം പുരുഷ വര്‍ഗ വിരുദ്ധ നിലപാടുകള്‍ എടുത്തത്തിന്റെ പേരില്‍ സ്‌ത്രീത്വം അപമാനിക്കാപ്പെട്ടോ?

സ്‌ത്രീത്വം അപമാനിക്കപ്പെട്ടുവെന്നു പറയേണ്ട. ഇത്തരം നിലപാടുകള്‍ ആരെടുത്താലും അപമാനിക്കപ്പെടും. പുരുഷനാണെങ്കില്‍ പുരുഷത്വം തന്നെ അപമാനിക്കപ്പെട്ടുവെന്നു പറയില്ലേ. 

സോഷ്യല്‍മീഡിയയില്‍ സ്‌ത്രീകള്‍ സജീവമായതോടെ സ്‌ത്രീകള്‍ പല വിഷയത്തിലും അഭിപ്രായങ്ങള്‍ പറയാറുണ്ട്‌. ഇങ്ങനെ പറയാറുള്ളപ്പോള്‍ അവരെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്നത്‌ ആരാണ്‌? 

പത്രപ്രവര്‍ത്തകയാണെങ്കില്‍ പത്രപ്രവര്‍ത്തകര്‍, വക്കീലാണെങ്കില്‍ വക്കീല്‍ സമൂഹം. എഞ്ചിനിയര്‍ ആണെങ്കില്‍ എഞ്ചിനിയര്‍ സമൂഹം. നാം നിലനില്‍ക്കുന്ന കമ്യൂണിറ്റിക്കെതിരെ നാം നിലനിന്നാല്‍ അവരാകും ആദ്യം നമ്മെ അടിക്കുക. പത്രക്കാര്‍ കേസില്‍ ഉള്‍പ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്‌. അതിനെതിരെ പ്രതികരിച്ചാല്‍ നമുടെ തോളില്‍ കൈയിട്ടു നടന്ന പലരും നമുക്കെതിരെ ആഞ്ഞടിക്കും. ചിലപ്പോള്‍ എം ടി വാസുദേവന്‍നായരെക്കാള്‍ വലിയ കഥ മെനയും
പബ്ലിസിറ്റിക്കുവേണ്ടിയാണ്‌ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നതെന്ന്‌ ആരോപണം ഉണ്ടല്ലോ ? 

അതിനു വ്യക്തമായ മറുപടി ഉണ്ട്‌ മൂല്യങ്ങള്‍ക്ക്‌ വില കല്‍പ്പിക്കുന്നവര്‍ ഉണ്ടെന്നു തന്നെ ഇന്നത്തെ കേരളത്തിലെ സമൂഹത്തിന്‌ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇന്ന്‌ മൂല്യങ്ങള്‍ പുസ്‌തകത്തില്‍ വായിക്കാനുള്ളതാണെന്ന്‌ പലരും വിശ്വസിക്കുന്നത്‌. അല്ലെങ്കില്‍ എഴുതി ഭിത്തിയില്‍ തൂക്കനുള്ളവ. വി എം സുധീരനാവട്ടെ, ഹരിത എംഎല്‍എമാരെയാകട്ടെ, വി എസ്‌ അച്യുതാനന്ദനെ ആകട്ടെ നീതിക്കും മൂല്യത്തിനും വേണ്ടി ആരെങ്കിലും സംസാരിക്കാന്‍ വന്നാല്‍ അവരെ പരിഹസിച്ചു ഒറ്റപ്പെടുത്തുന്ന പ്രവണത കേരള സമൂഹത്തില്‍ കൂടിവരുകയാണ്‌.ഇനി പബ്ലിസിറ്റിക്കു വേണ്ടിയാണെങ്കില്‍ തന്നെ ഇത്തരം മൂല്യങ്ങളെ വില കല്‌പ്പിക്കാന്‍ ആളുകള്‍ ഉണ്ടെന്നുള്ളതു ആശ്വാസകരമായി എടുക്കാന്‍ ഇന്നത്തെ കേരള സമൂഹത്തിന്‌ എന്തുകൊണ്ടു കഴിയുന്നില്ല.

സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സ്‌ത്രീകളെ വിമര്‍ശിച്ചൊതുക്കാന്‍ പലരും ലൈംഗികച്ചുവയുള്ള പരിഹാസങ്ങള്‍ നടത്താറുണ്ടല്ലോ, അത്തരം ചര്‍ച്ചകള്‍ എത്രമാത്രം ഗുണകരമാകും?

തീര്‍ച്ചയായും സ്‌ത്രീകളെ മോശമായി ചിത്രീകരിക്കാന്‍ പലരും സ്‌ത്രീകളുടെ സദാചാരപരമായ കാര്യങ്ങളെയാണ്‌ കൂട്ടുപിടിക്കുന്നത്‌. അവളു ശരിയല്ല എന്നു പറഞ്ഞാല്‍ ശരിയല്ലെന്ന വാക്കില്‍ എല്ലാം ഒതുക്കും. പേരില്‍ പോലും ആ ശരികേട്‌ കൊണ്ടു വരാന്‍ ആള്‍ക്കാര്‍ ശ്രമിക്കും. സുനിത ദേവദാസിന്റെ പേരിനവസാനം വള്ളിയിട്ടാല്‍ അര്‍ത്ഥം മാറി ദേവദാസിയായി. അതോടെ വിമര്‍ശകരുടെ ലക്ഷ്യം സാക്‌്‌ഷാത്‌കരിച്ചു. ഇത്തരത്തലുള്ള സദാചാര വിരുദ്ധവും ലൈംഗികപരമായതുമായ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയയ്‌ക്ക്‌ അതിന്റെതായ നന്മയുണ്ട്‌. 
സോഷ്യല്‍ മീഡിയില്‍ മറുപടി നല്‌കുന്നത്‌ എന്തിനാണെന്ന്‌ പലരും ചോദിക്കാറുണ്ട്‌. അവരില്‍ പലര്‍ക്കും നമ്മുടെ ബൗദ്ധിക നിലവാരമില്ലെന്നാണ്‌. ഇതിനോട്‌ എനിക്ക്‌ യോജിപ്പില്ല. സാധാരണക്കാരാണ്‌ പത്രത്തിന്റെ വായനക്കാര്‍. അവര്‍ക്കു വേണ്ടിയാണ്‌ വാര്‍ത്തകള്‍ എഴുതുന്നത്‌ . അതുകൊണ്ടു അവരെ കുറച്ചു കാണിക്കാന്‍ ശ്രമിക്കരുത്‌. അതുകൊണ്ട്‌ അവരോട്‌ സംവാദിക്കാതിരിക്കാന്‍ എനിക്ക്‌ സാധ്യമല്ല. 

എക്‌സ്‌ക്ലൂസീവ്‌ വാര്‍ത്തകളുടെ ലോകത്താണ്‌ നാം ജീവിക്കുന്നത്‌, അപ്പോള്‍ പത്രപ്രവര്‍ത്തകയക്ക്‌ക്‌ വേണ്ടത്‌ ശക്തമായ മാനേജ്‌മെന്റ്‌ പിന്തുണയാണ്‌. അത്‌ നഷ്ടമാക്കിയാല്‍ എങ്ങനെ പ്രവര്‍ത്തിക്കാനാകും?

പത്രക്കാരും രാഷ്ട്രീയക്കാരും സാംസ്‌കാരിക പ്രവര്‍ത്തകരുമായി ഒരു അവിശുദ്ധ കൂട്ടുക്കെട്ടുണ്ട്‌. ആ കൂട്ടുക്കെട്ടില്‍ നിന്നാണ്‌ ഒരു എക്‌സക്ലൂസിവ്‌ വാര്‍ത്തയുണ്ടാകുന്നത്‌. അല്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത കണ്ടെത്തുകയല്ല. ഇന്ന്‌ മൂന്നു കൂട്ടര്‍ക്കും പ്രശ്‌നമില്ലാത്ത വാര്‍ത്തകളാണ്‌ വായനക്കാരനില്‍ എത്തുന്നത്‌. രാഷ്ട്രീയക്കാരുടെ എല്ലാക്കാര്യങ്ങളും പത്രക്കാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അറിയാം. തിരിച്ചും അങ്ങനെ തന്നെ. 
ബ്രെയ്‌ക്കിംങ്ങ്‌ ന്യൂസ്‌ എന്ന പേരില്‍ പുറത്തു വരുന്നത്‌ അന്‍പതു വാര്‍ത്തകള്‍ മുക്കിയിട്ടു വരുന്ന ഒരു വാര്‍ത്തയാണ്‌. അതു തികച്ചു പക്ഷപാതപരമായ വാര്‍ത്തയാണ്‌. ആ വാര്‍ത്തയ്‌്‌ക്ക്‌ പിന്നില്‍ സ്വാര്‍ത്ഥനായ അജണ്ടകളുള്ള പത്രപ്രവര്‍ത്തകനല്ലാത്ത ഒരു മനുഷ്യനുണ്ട്‌. അയാളില്‍ നിന്നു രൂപം കൊള്ളുന്ന വാര്‍ത്തകളാണ്‌ പൊതുജനത്തിന്‌ കിട്ടുന്നത്‌. അതിനെ അവര്‍ അവര്‍ വാര്‍ത്തകളായി തെറ്റുധരിക്കുന്നു.