Breaking News

Trending right now:
Description
 
Sep 27, 2014

വൗ ........

Sreeja Nair
image ഇന്ന് രാവിലെ ഒരു പതിനൊന്നു മണി കഴിഞ്ഞപ്പോൾ ടിവി ഒന്ന് കണ്ടേക്കാം എന്ന് വിചാരിച്ച്  അത് പോയി ഓണ്‍ ചെയ്തു. മിക്ക ചാനലുകളിലും ടെലി ബ്രാൻഡ് ഷോ ആയിരുന്നു ആ സമയം.

വൗ ........ എന്ന ശബ്ദത്തോടെയുള്ള മലയാള വിവർത്തന ഷോകളും ശരിക്കുള്ള മലയാള ഷോകളുമായി കറെ പ്രോഗ്രാമുകൾ.

മലയാളത്തിലെ പ്രശസ്തയായ ഒരു അമ്മ നടി വലംപിരി ശംഖിന്റെ ഗുണഗണങ്ങൾ വിവരിക്കുന്നത് കേട്ടു ഒപ്പം ഒരു വീട്ടമ്മയുടെ അനുഭവ സാക്ഷ്യപ്പെടുത്തലും . ശരിക്കും ചിരി വന്നു പോയി 

നാലഞ്ചു വർഷങ്ങൾക്ക് മുൻപ് ഞാനും ഇതുപോലുള്ള കുറെ ഷോകൾ ചെയ്തിട്ടുണ്ട്. വയർ കുറയുന്നതിനുള്ള ബെൽറ്റും 12 മുഖമുള്ള രുദ്രാക്ഷവും പിന്നെ എന്തൊക്കെയോ തകിടുകളും ഏലസ്സുമൊക്കെയാായി കുറെ തട്ടിപ്പ് പരിപാടികൾ.

ഇതിന്റെ ഷൂട്ടിനു അവിടെ എത്തുമ്പോൾ ആകും ഇവയൊക്കെ ആദ്യമായി കാണുന്നത് തന്നെ..എന്നാലും ജനിച്ചപ്പോഴേ ഇത് എന്റെ വീട്ടിൽ ഉണ്ടായിരുന്നെന്നും എന്റെ സൗന്ദര്യത്തിന്റെയും വീട്ടിലെ ഐശ്വര്യത്തിന്റെയും  രഹസ്യം ഇവയൊക്കെയാണെന്നും തട്ടി വിടേണ്ടി വരും.

കോഴിക്കോടും കണ്ണൂരും ചെയിൻ മെഡിക്കൽ ഷോപ്പുകൾ നടത്തുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞത് വയർ കുറയ്ക്കുന്നതിനുള്ള ബെൽറ്റ്‌ കിട്ടാനില്ല എന്നാണ് . സ്റ്റോക്ക് എത്തുമ്പോൾ തന്നെ തീർന്നിരിക്കുമത്രെ. മിക്കവാറും ഇത് കൊണ്ട് വയർ ഒന്ന് കുറഞ്ഞു കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടേ എന്ന ഒരു ചിന്താഗതിയിൽ ആണ് ആളുകൾ ഇവയൊക്കെ വാങ്ങുന്നത് തന്നെ. വെറും 1999 രൂപ വിലയുള്ള ആ സാധനത്തിന്റെ ഡ്യുപ്ളിക്കെറ്റും ഇറങ്ങിയത്രെ- 
699 രൂപയ്ക്ക്..അതിനും നല്ല ചെലവ്..

ടിവിയിൽ ഒരേ സമയം പല ചാനലുകളിൽ ആയി 365 ദിവസവും ആ പ്രോഗ്രാം പോയിരുന്നു. സ്പോണ്‍സേർഡ് വിഭാഗത്തിൽ നല്ല കാശ് അടച്ചു സംപ്രേഷണം ചെയ്യുന്ന ഇത്തരം പ്രോഗ്രാമുകൾ 365 ദിവസവും സംപ്രേഷണം ചെയ്യുന്നു എന്ന് പറയുമ്പോൾ തന്നെ അതിൽ നിന്നും കിട്ടുന്ന വരുമാനം ഊഹിക്കാവുന്നതെ ഉള്ളൂ.. ലാഭം ഇല്ലാതെ ആരും പരസ്യത്തിന് കാശ് ഇറക്കില്ലല്ലോ .

ഞാൻ പരസ്യം ചെയ്ത ആ രുദ്രാക്ഷം ഈ ലോകത്തിൽ തന്നെ ലഭ്യമാണോ എന്ന് സംശയമാണ്.രുദ്രാക്ഷം ആയതുകൊണ്ടാകണം പല അമ്പലങ്ങളിലും ഞാൻ പോകുംമ്പോൾ അവിടുത്തെ ശാന്തിക്കാർ ഒക്കെ എന്നോട് അതിന്റെ ലഭ്യതയെക്കുറിച്ചും ആധികാരികതയെ കുറിച്ചുമൊക്കെ ചോദിക്കുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ജോലിയുടെ ഭാഗമായി മാത്രം ചെയ്യുന്നതാണെന്ന് പറഞ്ഞു ഞാൻ ഒഴിയുമായിരുന്നു. 

എന്നാലും ധാരാളം ആളുകൾ ഇതിന്റെ പുറകെ പോകുന്നുണ്ട് എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്.വാങ്ങിക്കാനുള്ള ആവേശം മൂത്ത് പലരും എന്നോട് സംസാരിച്ചിട്ടുമുണ്ട്. നമ്മൾ "വേണ്ട" എന്ന് പറഞ്ഞാലും അവർ വാങ്ങും.. അവർ നന്നാവുന്നത് നമ്മൾക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് നമ്മൾ വേണ്ട എന്ന് പറഞ്ഞതെന്നാകും അവരുടെ ചിന്താഗതി. അതുകൊണ്ട് ഞാൻ ആരേം നിരുൽസാഹപ്പെടുത്താറില്ല . അനുഭവത്തിൽ നിന്നുതന്നെ പഠിക്കട്ടെ എന്ന് കരുതും.

അതുപോലെ മറ്റൊരു അനുഭവം...

ഞാൻ ദൂരദർശന്  വേണ്ടി കുറെ വർഷങ്ങൾ  സ്ഥിരമായി ഒരു ഇന്റർവ്യൂ പ്രോഗ്രാം  ചെയ്തിരുന്നു..പുതിയ പുതിയ ചികിത്സാ രീതികളെ പരിചയപ്പെടുത്തുന്ന ഒരു പ്രോഗ്രാം. അപ്പോഴത്തെ സ്ക്രിപ്റ്റ് റൈറ്റർ ഇന്ന് ഗ്ളോബൽ  മലയാളം ഓണ്‍ലൈൻ പത്രത്തിലെ  എഡിറ്റര്‍ ജിജിമോൾ ആയിരുന്നു.

ചില സമയങ്ങളിൽ സൗന്ദര്യവും തലമുടിയും ഒക്കെ കൂട്ടും എന്ന് അവകാശപ്പെടുന്ന ചിലരെ ഇന്റർവ്യൂ ചെയ്യേണ്ടി വന്നിട്ടുണ്ട് . സൌന്ദര്യത്തിൽ അവർ മിക്കപ്പോഴും ഹൈ ലൈറ്റ് ചെയ്യുന്നത് നിറമായത് കൊണ്ട് നിറം കൂട്ടാനുള്ള ലേപനങ്ങളാകും ഞങ്ങൾക്ക്  അവർ ഗിഫ്റ്റ് ആയി നൽകുക . ആവശ്യത്തിന്  നിറമുണ്ട് എന്നൊരു തോന്നൽ  ഉള്ളതുകൊണ്ട് ഞാൻ അവ വാങ്ങാറില്ല. എന്നാൽ  സൌന്ദര്യത്തിലും നിറത്തിന്റെ കാര്യത്തിലും എന്നെ കടത്തിവെട്ടണം  എന്ന ചിന്ത ജിജിമോൾക്ക്  തുടക്കം  മുതലേ ഉള്ളതുകൊണ്ട് ഇത്തരത്തിലുള്ള എന്ത് കിട്ടിയാലും അവൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. ചിലപ്പോൾ  എനിക്ക് കിട്ടുന്നത് കൂടി അടിച്ചുമാറ്റും. 

ഒരിക്കൽ ഇതുപോലെ നിറം കൂട്ടാനുള്ള ഒരു ലേപനം കിട്ടിയത് ജിജിമോൾ ആക്രാന്തത്തോടെ ഉപയോഗിച്ചു തുടങ്ങി.മുഖത്ത് മാത്രമല്ല പുറമേ കാണുന്ന എല്ലാ ഭാഗങ്ങളിലും പുരട്ടുമായിരുന്നു അവൾ.  മുഖത്ത് ആ സമയത്ത് അല്പ്പം വെളിച്ചമൊക്കെ കണ്ടിരുന്നു എന്നത് സത്യം.. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ ജിജി ശരിക്കും വെളുത്തു തുടങ്ങി - അതായത് ആളിന് സൂര്യപ്രകാശം അലർജിയായി മാറി.   ഈ മരുന്ന് പുരട്ടിയ ഭാഗങ്ങളിലെല്ലാം  ചുവന്നു തടിക്കാൻ തുടങ്ങി.. കുറേ  വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ആ അലർജി  ഉണ്ടെന്നാണ് ജിജി പറയാറ്. എന്തായാലും  ചികിത്സിച്ച് കുടുംബം വെളുത്തു തുടങ്ങിയതോടെ  ജിജിമോളുടെ വെളുക്കാനുള്ള ആഗ്രഹം തീർന്നു കിട്ടി. 

ആ ഉൽപ്പന്നം  ഇത്തരം ഒരു ടെലി ബ്രാൻഡ് ഷോയിൽ ഞാൻ ഇടയ്ക്ക് കണ്ടിരുന്നു.

എന്തോക്കെ പറഞ്ഞാലും  ഈ വൗ ...... എന്ന ശബ്ദം നമ്മെ ഇത്തരം തട്ടിപ്പിലെക്കു ആകർഷിക്കുന്ന ഒരു നിർണ്ണായക ഘടകം തന്നെയാണ്.. 
വൗ .........................................