Breaking News

Trending right now:
Description
 
Nov 24, 2012

ക്ലീമിസ്‌ കാതോലിക്കാ ബാവയെ കര്‍ദിനാള്‍ പദവിയിലേക്ക്‌ ഉയര്‍ത്തി

image

വത്തിക്കാന്‍: മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവയെ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക്‌ ഉയര്‍ത്തി. സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടവ്യക്തികളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകള്‍. പ്രാദേശിക സമയം ഇന്നലെ രാവിലെ 11ന്‌ (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്‌ 3.30) ആണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. മാര്‍പാപ്പ അണിയിക്കുന്ന മോതിരവും ശിരസില്‍ അണിയിക്കുന്ന മുടിത്തൊപ്പിയും ആണ്‌ കര്‍ദിനാള്‍മാരുടെ സ്ഥാനചിഹ്നങ്ങള്‍. പൗരസ്‌ത്യ രീതിയില്‍ രൂപകല്‌പ്പന ചെയ്‌ത മുടിത്തൊപ്പി ആണ്‌ മാര്‍ ക്ലീമിസ്‌ ബാവയെ മാര്‍പാപ്പ ധരിപ്പിച്ചത്‌. മൂന്നാമതായിരുന്നു മാര്‍ ക്ലീമിസിന്റെ സ്ഥാനാരോഹണം. 

മാര്‍ ക്ലീമിസിനെ കൂടാതെ മറ്റ്‌ അഞ്ചു കര്‍ദിനാള്‍മാരും മാര്‍പാപ്പയില്‍ നിന്ന്‌ സ്ഥാനമേറ്റു. പ്രാര്‍ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിലെ ആര്‍ച്ച്‌ബിഷപ്‌ മൈക്കിള്‍ ഹാര്‍വെ, ലബനനിലെ മാറോണീത്താ പാത്രിയര്‍ക്കിസ്‌ ബെഷാര ബുത്രോസ്‌റായി, നൈജീരിയയിലെ അബുജ ആര്‍ച്ച്‌ബിഷപ്‌ ജോണ്‍ ഒനായ്‌ക്കേന്‍, കൊളംബിയയിലെ ബൊഗോട്ട ആര്‍ച്ച്‌ബിഷപ്‌ റൂബന്‍ സലാസര്‍ ഗോമസ്‌, ഫിലിപ്പീന്‍സിലെ മനില ആര്‍ച്ച്‌ബിഷപ്‌ ലൂയിസ്‌ അന്റോണിയോ ടാഗ്ലേ എന്നിവരാണു മാര്‍ ക്ലീമിസിനൊപ്പം കര്‍ദിനാള്‍ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടത്‌.


 വിവിധരാജ്യങ്ങളില്‍ നിന്ന്‌ എത്തിയ നിരവധി വിശിഷ്ടവ്യക്തികളും വിശ്വാസികളും ചടങ്ങുകള്‍ക്ക്‌ സാക്ഷ്യം വഹിച്ചു. ഇന്ത്യയില്‍ നിന്നു കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ഡോ. ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസ്‌, ഡോ. ടെലസ്‌ഫോര്‍ ടോപ്പോ എന്നിവരും തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം, കണ്ണൂര്‍ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍, മലങ്കര കത്തോലിക്കാസഭയിലെ മേലധ്യക്ഷന്മാര്‍ എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.

കര്‍ദിനാളാകുന്ന അഞ്ചാമത്തെ മലയാളിയും പന്ത്രണ്ടാമത്തെ ഇന്ത്യക്കാരനുമാണു മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ. സീറോ മലബാര്‍ സഭയില്‍ നിന്നുള്ള മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍, മാര്‍ ജോര്‍ജ്‌ ആലഞ്ചേരി എന്നിവരാണു കേരളത്തില്‍നിന്നു മുമ്പു കര്‍ദിനാള്‍മാരായത്‌. ഇന്ത്യയില്‍നിന്ന്‌ ഇതിനുമുമ്പു പതിനൊന്നുപേര്‍ ഈ മഹോന്നത പദവിയിലെത്തിയിട്ടുണ്ട്‌. 1952കര്‍ദിനാളായി നിയമിതനായ മുംബൈ ആര്‍ച്ച്‌ ബിഷപ്‌ വലേറിയന്‍ ഗ്രേഷ്യസില്‍ തുടങ്ങിയ ഇന്ത്യന്‍ കര്‍ദിനാള്‍മാരുടെ പട്ടിക മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവയില്‍ എത്തിനില്‍ക്കുന്നു. ഇന്നു രാവിലെ ഒമ്പതിനു സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ പുതിയ കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയോടൊപ്പം ദിവ്യബലി അര്‍പ്പിക്കും.