Breaking News

Trending right now:
Description
 
Sep 18, 2014

കേരള ട്രാവല്‍ മാര്‍ട്ട്‌ ഇന്നു മുതല്‍ 20 വരെ കൊച്ചിയില്‍

image കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ട്‌ 2014 ( കെ ടി എം ) ഇന്നു മുതല്‍ 20 വരെ കൊച്ചി വില്ലിംഗ്‌ടന്‍ ഐലന്റിലെ സാമുദ്രിക കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന്‌ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു.

കെ ടി എം 2014 ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെ വൈകിട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ്‌ യശോ നായിക്‌ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികള്‍ ഉദ്‌ഘാടന ചടങ്ങിനോട്‌ അനുബന്ധിച്ച്‌ നടന്നു.

സാമുദ്രിക കണ്‍വന്‍ഷന്‍ സെന്ററില്‍ ശീതീകരിച്ച ഹാളില്‍ മീഡിയ റൂം, ഫുഡ്‌ കോര്‍ട്ട്‌, സെമിനാര്‍ ഹാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്‌. വിശാലമായ പാര്‍ക്കിംഗ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. പൂര്‍ണ്ണമായും കേരള തനിമ വിളിച്ചോതുന്ന തരത്തിലാകും വേദിയും കവാടവും തയ്യാറാക്കുക. വേദിയോട്‌ ചേര്‍ന്ന്‌ കേരള ഗ്രാമീണ ജീവിതം ആവിഷ്‌കരിച്ചിട്ടുണ്ട്‌. വിവിധ വിവാഹ തീമുകളും ഒരുക്കുന്നുണ്ട്‌. ഫുഡ്‌ കോര്‍ട്ടില്‍ കേരളത്തിന്റെ തനത്‌ വിഭവങ്ങള്‍ എല്ലാം ലഭ്യമാകും.

ഒരു വെഡ്ഡിംഗ്‌ ഡസ്റ്റിനേഷനായി കേരളത്തെ മാറ്റിയെടുക്കുക എന്നതാണ്‌ ഇത്തവണത്തെ ട്രാവല്‍ മാര്‍ട്ടിന്റെ പ്രധാന ലക്ഷ്യമെന്നു കെ ടി എം പ്രസിഡന്റ്‌ അബ്രഹാം ജോര്‍ജ്‌ പറഞ്ഞു. 282 അന്താരാഷ്‌ട്ര ബയര്‍മാരും 938 തദ്ദേശീയ ബയര്‍മാരും ഇത്തവണ കെ ടി എമ്മില്‍ പങ്കെടുക്കുന്നുണ്ടെന്ന്‌ അബ്രഹാം ജോര്‍ജ്‌ അറിയിച്ചു.

ബയര്‍ സെല്ലര്‍ കൂടിക്കാഴ്‌ച്ചക്കായി പ്രത്യേക സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ നൂതന സാങ്കേതിക വിദ്യയാണ്‌ ഇത്തവണ ഉപയോഗിക്കുന്നത്‌. ഇതിലൂടെ ഓണ്‍ലൈനായി കൂടിക്കാഴ്‌ച ബുക്ക്‌ ചെയ്യാന്‍ സാധിക്കും. കൂടിക്കാഴ്‌ച ഉറപ്പിച്ചു കഴിഞ്ഞാല്‍ സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ സമയം നിശ്ചയിക്കാന്‍ കഴിയും.

ജൂലൈ 15 ന്‌ രജിസ്‌ട്രേഷന്‍ അവസാനിച്ചെങ്കിലും ഇപ്പോഴും ബയര്‍മാര്‍ എത്തുന്നുണ്ട്‌. അര്‍ജന്‍റ്റീന, ആസ്‌ട്രേലിയ, സ്‌കാണ്ടിനേവിയ, ബ്രസീല്‍ എന്നിവയാണ്‌ കെ ടി എമ്മില്‍ ഇത്തവണ പുതുതായി പങ്കെടുക്കുന്ന അതിഥികള്‍. യു കെ, സ്‌പെയിന്‍, ജെര്‍മനി, ഫ്രാന്‍സ്‌, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ ബയര്‍മാര്‍ എത്തുന്നത്‌. 25 മുതല്‍ 30 വരെയുള്ള സംഘങ്ങളാണ്‌ ഓരോ രാജ്യത്ത്‌ നിന്നും എത്തുന്നത്‌. ആസ്‌ട്രേലിയ (30), ദക്ഷിണാഫ്രിക്ക (12),മലേഷ്യ (36), സ്‌കാണ്ടിനേവിയ, നെതര്‍ലാണ്ട്‌സ്‌,മിഡില്‍ ഈസ്റ്റ്‌, കിഴക്കന്‍ യൂറോപ്പ്‌, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശക്തമായ സാന്നിധ്യമാണ്‌ ഇത്തവണ കെ ടി എമ്മിനെ ശ്രദ്ധേയമാക്കുന്നത്‌.

കെ ടി എമ്മിന്റെ എല്ലാ സ്റ്റാള്‌കളും രണ്ടു ദിവസം കൊണ്ടാണ്‌ വിറ്റ്‌ പോയത്‌. ഹോട്ടലുകള്‍ / റിസോര്‍ട്ടുകള്‍ (137), ടൂര്‍ ഓപ്പറെറ്റര്‍മാര്‍ / ഡി എം സി കള്‍ (52) ഹോംസ്‌റ്റെ (12), ഹൗസ്‌ ബോട്ട്‌ (7), ആയുര്‍വേദ റിസോര്‍ട്ടുകള്‍ (8), ആയുര്‍വേദ സെന്ററുകള്‍ (7), ഹോട്ടല്‍ മാനെജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റ്‌ (7) തുടങ്ങി അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌, ഫാം സ്‌റ്റെ, ഈവന്റ്‌ മാനെജ്‌മെന്റ്‌, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, സ്വകാര്യ മ്യൂസിയങ്ങള്‍ തുടങ്ങി ടൂറിസവുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള എല്ലാ മേഖലയും കെ ടി എമ്മില്‍ പങ്കെടുക്കുന്നുണ്ട്‌.

കെ ടി എമ്മിന്റെ ഭാഗമായി വിവിധ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്‌. കേരള - ദി വേ എഹെഡ്‌ സെമിനാറില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി പര്‍വേസ്‌ ദെവാന്‍, ഉത്തരവാദിത്വ ടൂറിസം - കേരള മോഡല്‍ എന്ന സെമിനാറില്‍ സുമന്‍ ബില്ലയും സംസാരിക്കും. മുസിരിസ്‌ ടൂറിസത്തെ കുറിച്ച്‌ ബെന്നി കുരിയാക്കൊസും ആയുര്‍വേദത്തെക്കുറിച്ച്‌ ഡോ. ജി ഗംഗാധരനും സംസാരിക്കും.

7 വ്യത്യസ്‌ത സ്ഥലങ്ങളിലേക്കുള്ള ഫാം ടൂറും കെ ടി എമ്മിന്‌ ശേഷം സംഘടിപ്പിച്ചിട്ടുണ്ട്‌. കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിന്റെ സഹായത്തോടെയാണ്‌ ഇത്തവണ കെ ടി എം സംഘടിപ്പിച്ചിരിക്കുന്നത്‌.