Breaking News

Trending right now:
Description
 
Sep 12, 2014

ആധി ഒഴിയാതെ നഴ്‌സുമാര്‍, കുവൈറ്റില്‍ മലയാളി നഴ്‌സുമാര്‍ വീട്ടു തടങ്കലില്‍

image

16 ലക്ഷം നല്‌കി ഒരു വിഭാഗം നഴ്‌സുമാര്‍ കുവൈറ്റിലേക്ക്‌ കടക്കാന്‍ റിക്രൂട്ടിംങ്ങ്‌ ഏജന്‍സിക്ക്‌ മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ കുവൈറ്റില്‍ തട്ടിപ്പിനിരയായി ഒരുകൂട്ടം നഴ്‌സുമാര്‍ ആത്മഹത്യവക്കില്‍. കുവൈറ്റ്‌ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനി റിക്രൂട്ട്‌ ചെയ്‌ത നഴ്‌സുമാരാണ്‌ തടവറയില്‍ കഴിയുന്നത്‌.

കഴിഞ്ഞ മാസം 29 മുതല്‍ 305യോളം നഴ്‌സുമാര്‍ കുവൈറ്റിലെ റിക്രൂട്ടിങ്ങ്‌ ഏജന്‍സിയുടെ ഗസ്റ്റ്‌ ഹൗസില്‍ തടങ്കലില്‍ കഴിയുന്നതായി വിവരം ലഭിച്ചു. ഇവരുടെ മൊബൈല്‍ ഫോണുകളും റിക്രൂട്ടിംങ്ങ്‌ ഏജന്‍സി സ്വിച്ച്‌ ഓഫ്‌ ചെയ്യിപ്പിച്ചിരിക്കുകയാണ്‌. ഭൂരിപക്ഷം പേരും കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ്‌. 

സൗദി ആസ്ഥാനമായ ഒരു കമ്പനി മുഖേന സ്‌കൂളുകളില്‍ പ്രവൃത്തിക്കുന്ന ക്ലീനിക്കുകളില്‍ ജോലിക്കെത്തിയതായിരുന്നു നഴ്‌സുമാര്‍. എന്നാല്‍ നഴ്‌സുമാര്‍ക്ക്‌ റിക്രൂട്ടിംങ്ങ്‌ ഏജന്‍സി കുവൈറ്റ്‌ നിയമം അനുസരിച്ചുള്ള 70 ശതമാനം വേതനം നല്‌കുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌.

2013 മാര്‍ച്ചിലാണ്‌ പലരും ജോലിക്ക്‌ പ്രവേശിച്ചത്‌. സ്‌കൂള്‍ അവധിയായതിനാല്‍ മിക്കവരും രണ്ടു മാസ അവധിക്ക്‌ നാട്ടില്‍ എത്തിയിരുന്നുവെങ്കിലും അടിയന്തരമായി തിരിച്ചു ചെല്ലുവാന്‍ ഏജന്‍സി നിര്‍ദ്ദേശം നല്‌കുകയായിരുന്നു. അങ്ങനെ തിരിച്ചെത്തിയ നഴ്‌സുമാരെ ജോലിക്ക്‌ വിടാതെ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. ഭക്ഷണം പോലും നല്‌കുന്നില്ലെന്ന്‌ ഒരു നഴ്‌സ്‌ വീട്ടില്‍ അതീവ രഹസ്യമായി അറിയിച്ചതിനെ തുടര്‍ന്നാണ്‌ വാര്‍ത്ത പുറം ലോകം അറിയുന്നത്‌.

വെറും മുപ്പതുശതമാനം വേതനമാണ്‌ നാലും അഞ്ചും ലക്ഷം രൂപ മുടക്കി കുവൈറ്റില്‍ എത്തിയ ഇവര്‍ക്ക്‌ ഏജന്‍സി നല്‌കിയിരുന്നത്‌. 
ഇതിനെതിരെ ഒരു കൂട്ടം നഴ്‌സുമാര്‍ കഴിഞ്ഞ വര്‍ഷം സമരം നടത്തിയത്‌ വലിയ വാര്‍ത്തയായിരുന്നു. 

റിലീസിംഗ്‌ ഓര്‍ഡര്‍ നല്‌കണമെന്ന നഴ്‌സുമാരുടെ ആവശ്യത്തിനു കമ്പനി പകരമായി ചോദിക്കുന്നത്‌ മൂന്നു ലക്ഷം രൂപയാണ്‌. ജോലിക്കു വേണ്ടി വന്‍ തുക ചെലവഴിച്ച നഴ്‌സുമാര്‍ക്ക്‌ ഈ തുക കൂടി കണ്ടെത്താനാവില്ലെന്നു നഴ്‌സുമാര്‍ പറഞ്ഞു. കേരള സര്‍ക്കാരും കുവൈറ്റിലെ എംബസിയും അടിയന്തരമായി ഇടപെട്ടു തങ്ങളെ മോചിപ്പിക്കണമെന്നാണ്‌ നഴ്‌സുമാര്‍ ആവശ്യപ്പെടുന്നത്‌.