Breaking News

Trending right now:
Description
 
Nov 23, 2012

മാര്‍ ക്ലീമിസ്‌ ബാവയെ ഇന്ന്‌ കര്‍ദിനാള്‍ ഗണത്തിലേക്ക്‌ ഉയര്‍ത്തും

image

വത്തിക്കാന്‍സിറ്റി: മലങ്കര കത്തോലിക്കാസഭയ്‌ക്ക്‌ ഇന്നു ചരിത്രനിമിഷം. മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവയെ സാര്‍വത്രിക സഭയിലെ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെടും. ഇതോടെ ഏറ്റവും പ്രായംകുറഞ്ഞ കര്‍ദ്ദിനാളായിരിക്കും മാര്‍ ക്ലീമിസ്‌ ബാവ. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്‌ 3.30ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയിലാണ്‌ സ്ഥാനാരോഹണ ചടങ്ങുകള്‍. ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. പ്രത്യേക പ്രാര്‍ഥനകള്‍ക്കിടയില്‍ മാര്‍ ക്ലീമിസ്‌ ബാവ ഉള്‍പ്പെടെ ആറു നിയുക്ത കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയില്‍ നിന്നു സ്ഥാനചിഹ്നങ്ങള്‍ സ്വീകരിക്കും. മാര്‍പാപ്പ വിരലില്‍ അണിയിക്കുന്ന മോതിരവും ശിരസില്‍ അണിയിക്കുന്ന മുടിത്തൊപ്പിയും ആയിരിക്കും കര്‍ദിനാള്‍മാരുടെ സ്ഥാനചിഹ്നങ്ങള്‍. പൗരസ്‌ത്യ രീതിയില്‍ രൂപകല്‌പ്പന ചെയ്‌ത മുടിത്തൊപ്പി ആയിരിക്കും മാര്‍ ക്ലീമിസ്‌ ബാവയെ മാര്‍പാപ്പ ധരിപ്പിക്കുക. ലബനനിലെ മാറോണീത്താ പാത്രിയര്‍ക്കിസ്‌ ബെഷാര ബുത്രോസ്‌റായി, വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിലെ ആര്‍ച്ച്‌ബിഷപ്‌ മൈക്കിള്‍ ഹാര്‍വെ, നൈജീരിയയിലെ അബുജ ആര്‍ച്ച്‌ബിഷപ്‌ ജോണ്‍ ഒനായ്‌ക്കേന്‍, കൊളംബിയയിലെ ബൊഗോട്ട ആര്‍ച്ച്‌ബിഷപ്‌ റൂബന്‍ സലാസര്‍ ഗോമസ്‌, ഫിലിപ്പീന്‍സിലെ മനില ആര്‍ച്ച്‌ബിഷപ്‌ ലൂയിസ്‌ അന്റോണിയോ ടാഗ്ലേ എന്നിവരാണു കര്‍ദിനാള്‍ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെടുന്ന മറ്റുള്ളവര്‍.


ചടങ്ങുകളില്‍ സംബന്ധിക്കുന്നതിനായി വിവിധരാജ്യങ്ങളില്‍ നിന്നു നിരവധി വിശിഷ്ടവ്യക്തികളും വിശ്വാസികളും റോമില്‍ എത്തിയിട്ടുണ്ട്‌. രാജ്യസഭാ വൈസ്‌ ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഇന്ത്യന്‍ സംഘവും എത്തി. കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ഡോ. ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസ്‌, ഡോ. ടെലസ്‌ഫോര്‍ ടോപ്പോ എന്നിവരും തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം, കണ്ണൂര്‍ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍, മലങ്കര കത്തോലിക്കാസഭയിലെ മേലധ്യക്ഷന്മാര്‍ എന്നിവരും സര്‍വമതസംഘവും എക്യുമെനിക്കല്‍ സംഘവും ചടങ്ങില്‍ പങ്കെടുക്കും. മലങ്കര കത്തോലിക്കാസഭയിലെ നൂറോളം വൈദികരും ആയിരത്തിലധികം വിശ്വാസികളും പങ്കെടുക്കും.