Breaking News

Trending right now:
Description
 
Nov 23, 2012

അവസാനം മാനേജ്‌മെന്റ്‌ യുഎന്‍എയ്‌ക്ക്‌ മുന്നില്‍ വഴങ്ങി, മദര്‍ സമരം ഒത്തുതീര്‍പ്പായി

E.S. Gigimol
image അവസാനം മാനേജ്‌മെന്റ്‌ യുഎന്‍എയ്‌ക്കു മുന്നില്‍ വഴങ്ങി, മദര്‍ സമരം ഒത്തുതീര്‍പ്പായി, 187 നഴ്‌സുമാരെയും തിരിച്ചെടുക്കും

എണ്‍പതുനാല്‍ പിന്നിട്ട സമരത്തിനൊടുവില്‍ മദര്‍ ഹോസ്‌പിറ്റല്‍ സമരം ഹൈക്കോടതി മധ്യസ്ഥന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പിലെത്തി. കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്നിരുന്ന ചര്‍ച്ചകള്‍ക്ക്‌ ഒടുവിലാണ്‌ സമരം ശുഭകരമായി അവസാനിച്ചത്‌. 


സമരത്തില്‍ പങ്കെടുത്ത 187 പേരെയും ജോലിയില്‍ പ്രവേശിപ്പിക്കാമെന്നും സമരത്തിന്റെ ആദ്യഘട്ടത്തില്‍ പിരിട്ടുവിട്ട ടി. രശ്‌മി ഉള്‍പ്പെടെയുള്ള പതിനഞ്ചു നഴ്‌സുമാരെ തിരിച്ചെടുക്കാമെന്നും മാനേജ്‌മെന്റ്‌ സമ്മതിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി 15 ദിവസത്തേയ്‌ക്കുകൂടി നീട്ടും. എന്നാല്‍ ആ കാലയളവില്‍ ശമ്പളം നല്‌കാമെന്ന്‌ മാനേജ്‌മെന്റ്‌ സമ്മതിച്ചിട്ടുണ്ട്‌.

മദര്‍ ഹോസ്‌പിറ്റലിലെ സമരം ചെയ്‌തിരുന്ന നഴ്‌സുമാരെല്ലാം തിങ്കളാഴ്‌ച ജോലിയില്‍ പ്രവേശിക്കും. തൃശൂര്‍ ജില്ലയില്‍ മറ്റ്‌ ആശുപത്രികളില്‍ നിന്ന്‌ സമരത്തില്‍ പങ്കെടുത്തവര്‍ ശനിയാഴ്‌ച തന്നെ ജോലിയില്‍ കയറും. 

സമരം ചെയ്‌തവരെ പിരിച്ചെടുക്കാനാവില്ലെന്ന മാനേജ്‌മെന്റ്‌ കടുംപിടുത്തമാണ്‌ സമരം നീണ്ടുപോകാന്‍ കാരണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സമരത്തില്‍ ഇടപെട്ടു ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മാനേജ്‌മെന്റ്‌ പ്രതിനിധി പങ്കെടുക്കാതെ ഒഴിഞ്ഞു മാറുന്ന നിലപാടാണ്‌ മദര്‍ ഹോസ്‌പിറ്റല്‍ അധികൃതര്‍ സ്വീകരിച്ചിരുന്നത്‌. 


സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ സംസ്ഥാനമൊട്ടാകെ സമരം വ്യാപിപ്പിക്കുമെന്ന്‌ യുഎന്‍എ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ഉപരോധം സമരം സംഘടിപ്പിക്കാനും തൃശൂര്‍ ജില്ലയിലെ നഴ്‌സുമാരെ സമരമുഖത്തെത്തിക്കാനും കഴിഞ്ഞിരുന്നു. ഇവരെ പോലീസ്‌ തല്ലിച്ചതച്ചത്‌ വന്‍ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു.


ആശുപത്രിയിലും അനിശ്ചിതകാല നിരാഹാരം തുടരുകയായിരുന്ന ടി. രശ്‌മി സമരം അവസാനിപ്പിച്ചതോടെ നിരാഹാരം അവസാനിപ്പിക്കും.