Breaking News

Trending right now:
Description
 
Sep 08, 2014

മിനി നായര്‍: ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബ് സെക്രട്ടറി

Mathew Moolacheril
image

ന്യൂയോര്‍ക്ക്: മിനി നായരെ ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) ന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പ്രസിഡന്റ് അജയ് ഘോഷ്, ജെനറല്‍ സെക്രട്ടറി വിനീത നായര്‍ എന്നിവര്‍ അറിയിച്ചു.

മലയാളി ടെലിവിഷനുകളുടെ സഹയാത്രിക എന്ന് സ്വദേശത്തും വിദേശത്തുമുള്ള എല്ലാ മലയാളികളും വിശേഷിപ്പിക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ അവതാരകയാണ് മിനി നായര്‍. തിരുവനന്തപുരം ദൂരദര്‍ശന്റെ പ്രാരംഭകാലത്ത് തുടങ്ങിയതാണ് മിനിയുടെ അര്‍ഥവത്തായ ഈ യാത്ര. ദൂരദര്‍ശനില്‍ പ്രഭാത പരിപാടിമുതല്‍ നിശഗന്ധി ലൈവ് ഷോ വരെ മിനി അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സൂര്യ ഫെസ്റ്റിവെല്‍, കൈരളി-ശുഭദിനം, സൂര്യ ടിവി-ഹൃദയപൂര്‍‌വം, ഇന്ത്യാവിഷന്‍ - പ്രിയവദ, ജീവന്‍ ടിവി - പെണ്‍മനസ്, ജയ്ഹിന്ദ് ചാനല്‍ - ബാക്ക് റ്റു കാമ്പസ്, എന്നിവ വിവിധ ചാനലുകളില്‍ ശ്രീമതി മിനി നായര്‍ അവതരിപ്പിച്ച ശ്രദ്ധേയമായ പ്രോഗ്രാമുകളില്‍ ചിലവ മാത്രമാണ്. കൂടാതെ ഈ അനുഭവ പരിചയം ഏഷ്യാനെറ്റ് യു.എസ്.എയിലും പ്രയോജനപ്പെടുത്താന്‍ മിനിക്കു കഴിഞ്ഞു.

റേഡിയോയിലും ടെലിവിഷനിലുമായി 2000-ലേറെ വിശിഷ്ട വ്യക്തികളുമായി അഭിമുഖ സംഭാഷണങ്ങള്‍ നടത്താന്‍ കഴിഞ്ഞത് മിനിയുടെ ഈ രംഗത്തെ യാത്രയിലെ തിളങ്ങുന്ന ഏടാണ്. വൈഫൈ റിപ്പോര്‍ട്ടര്‍ എന്ന മാധ്യമ സ്ഥാപനത്തിന്റെ ഉടമകൂടിയായ മിനിനായര്‍ ഷിക്കാഗോയിലാണ് നിവസിക്കുന്നത്.

ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബിന് ഒരു പുത്തനുണര്‍വ് നല്‍കാന്‍ മിനിയുടെ കഴിവുകള്‍ക്കാകുമെന്നും, മിനിക്ക് എല്ലാവിധ ഭാവുകങ്ങള്‍ അര്‍പ്പിക്കുന്നതായും പ്രസിഡന്റ് അജയ് ഘോഷ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിഡന്റ് ബ്ലെസ്സന്‍ സാമുവേല്‍, ജനറല്‍ സെക്രട്ടറി വിനീത നായര്‍, ട്രഷറര്‍ രാജശ്രീ പിന്റൊ, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ, ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി ജയിന്‍ മാത്യു മുണ്ടയ്ക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.