Breaking News

Trending right now:
Description
 
Sep 08, 2014

രജനി ചിത്രം ലിംഗാ ഡിസംബര്‍ ആദ്യം തീയറ്ററുകളിലെത്തും

image കെ.എസ്‌.രവികുമാര്‍ സംവിധാനം ചെയ്യുന്ന രജനി ചിത്രം ലിംഗാ ഡിസംബര്‍ ആദ്യം തീയറ്ററുകളിലെത്തും. സ്‌റ്റൈല്‍മന്നന്‍ ഇരട്ടവേഷത്തിലാണ്‌ ചിത്രത്തിലെത്തുന്നത്‌. ബോളിവുഡ്‌ ബ്യൂട്ടി സൊനാക്ഷിസിന്‍ഹയും അനുഷ്‌കാഷെട്ടിയുമാണ്‌ നായികമാര്‍. ഷിമോഗയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്‌. കൊച്ചടൈയാന്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയതിന്റെ കണക്കു തീര്‍ക്കലാവും പുതിയ ചിത്രം ലിംഗാ. ചിത്രത്തിന്റെ ആദ്യപോസ്‌റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പോസ്‌റ്ററിന്‌ ആവേശകരമായ സ്വീകരണമാണ്‌ സോഷ്യല്‍നെറ്റ്‌ വര്‍ക്ക്‌ സൈറ്റുകളില്‍ ലഭിക്കുന്നത്‌. ഓവര്‍കോട്ടും ജീന്‍സും ഷൂസും കൂളിങ്‌ഗ്ലാസും മറ്റും ധരിച്ച്‌ സ്‌റ്റൈലന്‍ നടത്തവുമായി നീങ്ങുന്നതാണ്‌ പോസ്‌റ്റര്‍. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടം ചിത്രത്തില്‍ പുനരവതരിപ്പിക്കുന്നുണ്ടെങ്കിലും കഥയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിലെ സൊനാക്ഷി സിന്‍ഹയുടെ ലുക്ക്‌ ബോളിവുഡില്‍ ചര്‍ച്ചയായിട്ടുണ്ട്‌. 1940കളിലെ സ്‌ത്രീ കോസ്‌റ്റുയൂമുകളുമായാണ്‌ സൊനാക്ഷി പ്രത്യക്ഷപ്പെടുന്നത്‌. മോഡേണ്‍ ഗേള്‍ വേഷത്തിലാണ്‌ അനുഷ്‌കയുടെ വരവ്‌. വടിവേലു, സന്താനം, കരുണാകരന്‍, ജഗപതി ബാബു, ദേവ്‌ ഗില്‍, രാധാ രവി, വിജയകുമാര്‍, ആര്‍ സുന്ദര്‍രാജന്‍, മനോബാല തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. റോക്ക്‌ലൈന്‍ വെങ്കിടേഷ്‌ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്‌ എ.ആര്‍. റഹ്മാനാണ്‌. രജനിയുടെ ജന്മദിനംകൂടിയായ ഡിസംബര്‍ 12ന്‌ ചിത്രം പുറത്തിറക്കാനാണ്‌ അണിയപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്‌.