Breaking News

Trending right now:
Description
 
Sep 06, 2014

ആലപ്പുഴയില്‍ മാത്രം നടക്കുന്നത്: മുല്ലയ്ക്കല്‍ റോഡ് വണ്‍വേയാക്കി വഴിവാണിഭത്തിനു വിട്ടുകൊടുത്തു!

image ആലപ്പുഴ പട്ടണത്തിലെ ഗതാഗത പ്രശ്‌നങ്ങളും കുരുക്കും പരിഹരിക്കണമെന്നു ഭരണാധികാരികള്‍ക്ക് യാതൊരു താത്പര്യവുമില്ലെന്നു മാത്രമല്ല മറ്റെന്തെക്കെയോ ഗൂഢതാത്പര്യങ്ങളുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. അല്ലെങ്കില്‍ ഗതാഗതം സുഗമമാക്കാനെന്ന പേരില്‍ മുല്ലയ്ക്കല്‍ റോഡ് വണ്‍വേയാക്കുകയും ഒപ്പം, റോഡു മുഴുവന്‍ വഴിവാണിഭത്തിനു വിട്ടുകൊടുക്കുകയും ചെയ്യില്ലല്ലോ?!

വാഹനങ്ങള്‍ കടക്കാതിരിക്കാന്‍ ഒരു വശം കയറിട്ടു കെട്ടിത്തടഞ്ഞിട്ടു ആ ഭാഗത്തെ റോഡു മുഴുവന്‍ മൊത്തമായി കച്ചവടക്കാര്‍ക്കു നല്കുന്നത് ആലപ്പുഴയിലല്ലാതെ വേറെ എവിടെ നടക്കും? ആരുടെയെങ്കിലും പിന്തുണയില്ലാതെ, കാല്‍നടക്കാര്‍ക്കു നടക്കേണ്ട ഫുട്പാത്തും കവിഞ്ഞു വാഹനമോടേണ്ട റോഡിലേക്കും കയറി, തട്ടും മേല്‍ക്കൂരയും കെട്ടി, ട്രാഫിക് സൈന്‍ ബോര്‍ഡുകളും മറച്ചു, വൈദ്യുതി ലൈനില്‍ നിന്നു കറണ്ടുമെടുത്തു വ്യാപാരം പൊടിപൊടിക്കാന്‍ എങ്ങനെ സാധിക്കും? ഏതായാലും എങ്ങോട്ടൊക്കെയോ വന്‍തോതില്‍ കാശു മറിയുന്നുണ്ടെന്ന നാട്ടുകാരുടെ സംശയം അസ്ഥാനത്താകാനിടയില്ല.

റോഡുകള്‍ വാഹന ഗതാഗതത്തിനും നടപ്പാത കാല്‍നടക്കാര്‍ക്കും മാത്രം അവകാശപ്പെട്ടതാണ്.

ആലപ്പുഴ പട്ടണത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കണ്ടെത്താന്‍ 2014 ഓഗസ്റ്റ് 27-നു ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി മുമ്പാകെ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച എല്ലാ നിര്‍ദേശങ്ങളേയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. പട്ടണത്തില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചാല്‍ത്തന്നെ ഒരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് അതില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ആലപ്പുഴ പട്ടണത്തില്‍ തലങ്ങും വിലങ്ങും ആവശ്യത്തിനു വീതിയുള്ള റോഡുകളുള്ളതിനാല്‍ വണ്‍വേ, വലത്തോട്ടു തിരിയല്‍ നിരോധനം തുടങ്ങിയ ഗതാഗത നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുക തുടങ്ങി മൊബൈല്‍ ഫോണ്‍, കുട തുടങ്ങിയവ കൈയില്‍ പിടിച്ച് ഇരുചക്രവാഹനം ഓടിക്കുന്നവരെ കാണുന്ന മാത്രയില്‍ തന്നെ തടയുക വരെയുള്ള 34 ആവശ്യങ്ങളാണ് മുന്നോട്ടു വച്ചിരുന്നത്. 


ആലപ്പുഴ പട്ടണത്തില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് നിലവില്‍ ഇല്ലാത്ത സ്ഥിതിക്ക് പട്ടണത്തിലൂടെ ഓടുന്ന എല്ലാ പ്രൈവറ്റ് ബസുകളും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ വഴി കയറിയിറങ്ങിപ്പോകാന്‍ അനുവദിക്കുക തുടങ്ങി വന്‍ തിരക്കു കുറയ്ക്കാന്‍ ജില്ലാ കോടതി പാലത്തിന്റെ വീതി കൂട്ടുകയും പോലീസ് ഔട്ട് പോസ്റ്റ്, കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ കയറിയിറങ്ങുന്ന പുതിയ പാലങ്ങള്‍ വാടക്കനാലിനു കുറുകേ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുകയും ചെയ്യുക വരെ പട്ടണത്തില്‍ പ്രത്യേകമായി ഏര്‍പ്പാടാക്കേണ്ട ഏഴു യാത്രാ സൗകര്യങ്ങളും കമ്മിറ്റി കണ്ടിട്ടുണ്ടോ ആവോ?