Breaking News

Trending right now:
Description
 
Sep 06, 2014

ഹാസ്യനടി ജൊവാന്‍ റിവേഴ്‌സ്‌ അന്തരിച്ചു

image ഹാസ്യ നടിയും ടെലിവിഷന്‍ അവതാരകയുമായ ജൊവാന്‍ റിവേഴ്‌സ്‌ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്കിലെ മൗണ്ട്‌ സിനായ്‌ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു 81 കാരിയായ ജൊവാന്‍ റിവേഴ്‌സ്‌ കഴിഞ്ഞ കുറെ ദിവസങ്ങളായി ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. മകള്‍ മെലീസാ റിവേഴ്‌സാണ്‌ മരണവാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്‌. തന്റെ അമ്മ ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടത്തിയിരുന്നത്‌ മറ്റുള്ളവരെ ചിരിപ്പിക്കുന്നതിലായിരുന്നുവെന്നും അവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. 1965-ല്‍ ദ്‌ ടുനൈറ്റ്‌ ഷോ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ്‌ ശ്രദ്ധേയയായത്‌. യാതൊരു കടിഞ്ഞാണുമില്ലാതെ പരിഹാസവാക്കുകള്‍ ചൊരിഞ്ഞ്‌ റിയാലിറ്റി ഷോ ഉള്‍പ്പെടെയുള്ള പരിപാടികള്‍ അവര്‍ ജനപ്രിയമാക്കി. ഹോളിവുഡ്‌ താരങ്ങളുടെ വസ്‌ത്രധാരണത്തെ വിമര്‍ശിച്ചുള്ള ഇ നെറ്റ്‌ വര്‍ക്കിലെ ഫാഷന്‍ പൊലീസ്‌ എന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെലിവിഷന്‍ പരിപാടികളില്‍ ആഡംബരം കാണിക്കുവാനായി വരുന്ന നടിമാര്‍ക്ക്‌ എതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്ന വ്യക്തിയായിരുന്നു ജൊവാന്‍ റിവേഴ്‌സ്‌. റഷ്യയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത യഹൂദ മാതാപിതാക്കളുടെ മകളായി 1933 ജൂണ്‍ എട്ടിനായിരുന്നു ജനനം. മകള്‍ മെലീസായോടൊപ്പം ഒരു ടിവി പരിപാടിയില്‍ അവതാരകയായും അടുത്തിടെ ജൊവാന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൊവാന്‍ അലക്‌സാണ്ട്രാ മോളിന്‍സ്‌കി എന്നായിരുന്നു യഥാര്‍ഥ പേര്‌. റിവേഴ്‌സ്‌ എന്ന പേര്‌ പിന്നീടു കൂട്ടിച്ചേര്‍ത്തതാണ്‌.