Breaking News

Trending right now:
Description
 
Sep 05, 2014

ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബ്: ജയിന്‍ മാത്യു മുണ്ടയ്ക്കല്‍ ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്സ് സെക്രട്ടറി

image


ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ളബിനെ മാധ്യമരംഗത്തെ വ്യതിരിക്ത ശബ്ദമാക്കുവാനുള്ള പരിശ്രമത്തിലാണ് അതിന്‍റെ ഭാരവാഹികള്‍. എല്ലാവിധ പാരമ്പര്യങ്ങളും മാമൂലുകളും മേല്‍ക്കോയ്മകളും പൊട്ടിച്ചെറിഞ്ഞ് യഥാര്‍ഥ മാധ്യമ ധര്‍മ്മം നിറവേറ്റുക എന്നതാണ് ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ളബിന്റെ പ്രഖ്യാപിത നയം. 

പ്രസ് ക്ലബിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയെ നിയന്ത്രിക്കുന്ന ഡയറക്ടര്‍ ബോര്‍ഡിന്‍റെ ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയയ്ക്കൊപ്പം സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നത് അമേരിക്കന്‍ മലയാളിയും ചിന്തകനും മനുഷ്യാവകാശ, പത്ര പ്രവര്‍ത്തകനും, സാമൂഹിക-സാംസ്കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വത്തിന് ഉടമയുമായ ജയിന്‍ മുണ്ടയ്ക്കലാണ്.

സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തുതന്നെ കോട്ടയം പ്രസ്ക്ലബുമായി സഹകരിച്ചു നടന്നിട്ടുള്ള നിരവധി പത്രപ്രവര്‍ത്തന പരിശീലന ക്യാമ്പുകളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുള്ള ജയിന്‍ അന്തരിച്ച മുന്‍ ദീപിക ചീഫ് എഡിറ്റര്‍ കെ. എം. ജോസഫിന്‍റെ മരുമകനാണ്. പിതാവ്; അന്തരിച്ച എം. എസ്. മാത്യു മുണ്ടയ്ക്കലും അറിയപ്പെടുന്ന ഒരു എഴുത്തുകാരനും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. കാനഡയിലുള്ള പത്രപ്രവര്‍ത്തകനും അദ്ധ്യാപകനുമായ ജയിസന്‍ മാത്യു സഹോദരനാണ്.

ചങ്ങനാശ്ശേരി എസ്. ബി. കോളേജില്‍ നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം  കോട്ടയം സി. എം. എസ്. കോളേജില്‍ നിന്നാണ് ജന്തുശാസ്ത്രത്തില്‍ ബിരുദം നേടിയത്. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയ ജയിന്‍ കോട്ടയം ബാറിലെ അഭിഭാഷകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പത്തുവര്‍ഷത്തോളം തന്‍റെ കുടുംബത്തോടൊപ്പം കുവൈറ്റില്‍ പ്രവാസജീവിതം നയിച്ചതിനു ശേഷം 2006 – ലാണ് ശ്രീ. ജയിന്‍ അമേരിക്കയിലെത്തുന്നത്. ഫ്ലോറിഡായിലുള്ള താമ്പായില്‍ ഭാര്യ ക്ലാരറ്റ് വടക്കേലിനും നാല് കുഞ്ഞുങ്ങള്‍ക്കൊപ്പം കുടുംബജീവിതം നയിക്കുന്ന അദ്ദേഹം പ്രസിദ്ധമായ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍റെ മോഡറേറ്റര്‍, ലാനയുടെ ഫ്ലോറിഡ കോ-ഓര്‍ഡിനേറ്റര്‍, പ്രവാസി മലയാളി ഫെഡറേഷന്‍ നോര്‍ത്ത് അമേരിക്ക റീജിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 

ഇന്‍കം ടാക്സ് തയ്യാറാക്കുന്ന ‘മുണ്ടയ്ക്കല്‍ ടാക്സ് കണ്സല്ട്ടന്‍സ്’ന്‍റെ ഉടമയായ ജയിന്‍ മുണ്ടയ്ക്കല്‍ ലീഗല്‍ ഷീല്‍ഡ് എന്ന നിയമപരിരക്ഷാ ഇന്‍ഷുറന്സിന്‍റെ അസോസിയേറ്റ് കൂടിയാണ്.

അമേരിക്കന്‍ മലയാളികളുടെയിടയില്‍ മലയാള ഭാഷയുടെ അഭ്യസനവും പ്രചാരവും വര്‍ദ്ധിപ്പിക്കാനായി ആരംഭിച്ചിരിക്കുന്ന ഇന്റര്‍നാഷണല്‍ മലയാളം ഇന്സ്റ്റിറ്റൂട്ടിന്‍റെ ജനറല്‍ സെക്രട്ടറികൂടിയാണ് ജയിന്‍ മുണ്ടയ്ക്കല്‍.

സര്‍‌വജന സമ്മതനായ ശ്രീ. ജയിനിന്റെ കഴിവുകള്‍ ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ പ്രയോജനകരമായിരിക്കുമെന്ന് പ്രസിഡന്റ് അജയ് ഘോഷ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിഡന്റ് ബ്ലെസ്സന്‍ സാമുവേല്‍, ജനറല്‍ സെക്രട്ടറി വിനീത നായര്‍, ട്രഷറര്‍ രാജശ്രീ പിന്റൊ, ജോ. ട്രഷറര്‍ ബാബു ടി. തെക്കേക്കര, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ എന്നിവര്‍ അഭിപ്രായപ്പെട്ടു.