Breaking News

Trending right now:
Description
 
Sep 05, 2014

​‘ഇന്റര്‍നാഷണല്‍ മലയാളം ഇന്സ്റ്റിറ്റൂട്ടിനെ (ഐ. എം. ഐ.)’ ‘മലയാളം മിഷന്‍റെ’ ഭാഗമായി അംഗീകരിച്ചു.

Jain Mundackal
image താമ്പാ: ‘ഇന്റര്‍നാഷണല്‍ മലയാളം ഇന്സ്റ്റിറ്റൂട്ടിന്‍റെ (ഐ. എം. ഐ.)’ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് മലയാളം മിഷന്റെ എല്ലാ സഹായ സഹകരണങ്ങളും പിന്തുണയും ഉണ്ടായിരിക്കുമെന്ന് ‘മലയാളം മിഷന്‍’ ഡയറക്ടര്‍ ശ്രീ. തലേക്കുന്നില്‍ ബഷീര്‍ എക്സ് എം.പി. പ്രസ്താവിച്ചു. ഇന്റര്‍നാഷണല്‍ മലയാളം ഇന്സ്റ്റിറ്റൂട്ടിനെ (ഐ. എം. ഐ.)’ ‘മലയാളം മിഷന്‍റെ’ ഭാഗമായി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിനോടോപ്പമുള്ള ആശംസാ സന്ദേശത്തിലാണ് ശ്രീ ബഷീര്‍ തന്‍റെ അകമഴിഞ്ഞ പിന്തുണ ഐ. എം. ഐ. യെ അറിയിച്ചത്.

 വിദേശങ്ങളിലെ വിശേഷിച്ച് അമേരിക്കയിലെ മലയാള ഭാഷയുടെ പഠന സൌകര്യങ്ങള്‍ സമഗ്രമായി ‍വികസിപ്പിക്കുക; ആഗോളാടിസ്ഥാനത്തില്‍ മലയാള ഭാഷയെയും സാഹിത്യത്തെയും, സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുക; മലയാള ഗ്രന്ഥങ്ങളുടെ പരിഭാഷകള്‍ നടത്തി കേരള സംസ്ക്കാരം എല്ലാ വിദേശികള്‍ക്കും പരിചയപ്പെടുത്തുക എന്നിവയാണ് അന്തര്‍ദ്ദേശീയ മലയാള പഠന കേന്ദ്രം എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന ‘ഇന്റര്‍നാഷണല്‍ മലയാളം ഇന്സ്റ്റിറ്റൂട്ടി(ഐ. എം. ഐ.)’ന്‍റെ ഉദ്ദേശ്യങ്ങള്‍. അമേരിക്കയില്‍  2013 ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി നടന്നുവരുന്ന 'അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപം' എന്ന ടെലിഫോണ്‍ കോണ്ഫെറന്സിലെ ചര്‍ച്ചകളില്‍നിന്ന് രൂപം പ്രാപിച്ചതാണ് 'ഇന്റര്‍നാഷണല്‍ മലയാളം ഇന്സ്റ്റിറ്റൂട്ട്(ഐ. എം. ഐ) എന്ന സ്ഥാപനം.

അമേരിക്കയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപഭാഷാ പഠനം നിര്‍ബ്ബന്ധമാണ്. കേരളത്തില്‍നിന്ന് വന്നവരും മലയാളം അറിയുന്നവരുമായ വിദ്യാര്‍ത്ഥികള്‍ മലയാളം പഠിക്കുവാന്‍ അവസരം ഇല്ലാതെ  സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ വിദേശഭാഷകള്‍ പഠിക്കുവാന്‍ നിര്ബ്ബന്ധിതരാകുന്നു. മലയാള ഭാഷാപഠന സൌകര്യങ്ങളുടെ കുറവോ, ഉള്ള അറിവ് അംഗീകരിച്ച് പരീക്ഷകള്‍ നടത്തി ക്രെഡിറ്റു കൊടുക്കുവാന്‍ സൌകര്യമില്ലാത്തതോ ആണ് ഈ ദുര്‍ഗതിക്ക് കാരണം.   ഇന്റര്‍നാഷണല്‍ മലയാളം  ഇന്‍സ്റ്റിറ്റ്യൂട്ട് കര്‍മ്മപഥത്തില്‍ എത്തുന്നതോടെ ശാശ്വതമായി ഈ പ്രശ്നം പരിഹരിക്കാം. ഏഴു ലക്ഷത്തോളം വരുന്ന അമേരിക്കന്‍ മലയാളി കുടുംബങ്ങള്‍ക്ക് ഇത്  പ്രയോജനം ചെയ്യുംകേരള സര്‍ക്കാരും അതിന്‍റെ വിവിധ വകുപ്പുകളും വിശേഷിച്ച് 'മലയാളം മിഷനും' കേരളത്തിലെയും വിദേശങ്ങളിലെയും  സര്‍വ്വകലാശാലകളുമായി സഹകരിച്ചായിരിക്കും ഐ. എം ഐ.  മുന്നോട്ടു പോവുക.  ലാന (LANA), ഫോക്കാന (FOKANA). ഫോമ (FOMAA), വേള്‍ഡ് മലയാളി കൌന്‍സിലുകള്‍ (W.M.C),  പ്രവാസി മലയാളി ഫെഡറേഷന്‍ (P.M.F.) തുടങ്ങി അമേരിക്കയിലുള്ള എല്ലാ മലയാളിസംഘടനകളുടെയും  ഒരു സ്വപ്ന പദ്ധതിയാണിത്.

 കേരളവിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്കാരിക വകുപ്പിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന  മലയാളം മിഷന്റെ അമേരിക്കയിലെ ഒരു പദ്ധതിയായിട്ടാണ് . എം. ’.യെ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. മലയാളികളുടെ മാതൃഭാഷയായ മലയാളത്തെ  ശക്തിപ്പെടുത്തുവാനും, പരിപാലിക്കാനുമായി എല്ലാ ഭാഷാസ്നേഹികളും മുന്നിട്ടിറങ്ങേണ്ടതാണെന്നു ഐ. എം. ഐ. ഭാരവാഹികള്‍ ഒരു പ്രസ്താവനയിലൂടെ അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ചു.   

 മനോഹര്‍ തോമസ്‌  ജനറല്‍ കണ്‍വീനറായും, ജയിന്‍ മുണ്ടയ്ക്കല്‍ ജനറല്‍ സെക്രട്ടറിയായും, ഡോ: എന്‍. പി. ഷീല ജോയിന്റ് സെക്രട്ടറിയായും, സി. ആണ്ട്രൂസ് ഖജാന്‍ജിയായും  പ്രവര്‍ത്തിക്കുന്നു.   

ജെ. മാത്യൂസ്‌, ഡോ: ജോസഫ്‌ ഇ. തോമസ്‌, ഡോ: രാജന്‍ മര്‍ക്കോസ്, അച്ചാമ്മ ചന്ദര്‍ശേഖരന്‍, അലക്സ് വിളനിലം കോശി എന്നിവര്‍ ഐ. എം. ഐ.യുടെ കീഴിലുള്ള വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരാണ്.  യു. എ. നസീര്‍ ആണ് ലൈസണ്‍ കമ്മറ്റിയുടെ കണ്‍വീനര്‍.

 ‘ഇന്റര്‍നാഷണല്‍ മലയാളം ഇന്സ്റ്റിറ്റൂട്ടിനെ (ഐ. എം. ഐ.)’ ക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താഴെകൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

  http://malayalaminstitute.us