Breaking News

Trending right now:
Description
 
Nov 23, 2012

തൃശൂര്‍ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിനു പകരം നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ രോഗി പരിചരണം നടത്തുന്നത്‌ മനുഷ്യാവകാശ ലംഘനമെന്ന്‌

Staff Correspondent/Global Malayalam
image തൃശൂര്‍: നഴ്‌സുമാരുടെ സമരം മൂര്‍ച്ഛിച്ചതോടെ തൃശൂര്‍ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരെ പരിചരിക്കുന്നതിനുള്ള ഉത്തരവാദിത്വം നഴ്‌സിംങ്‌ വിദ്യാര്‍ത്ഥികളെ ഏല്‍പ്പിക്കുന്നത്‌ പതിവായിരിക്കുന്നു. അത്യാഹിതവിഭാഗത്തിലുള്ള രോഗികള്‍ക്കു പോലും പരിചരണം നല്‌കുന്നത്‌ വിദ്യാര്‍ത്ഥികളാണത്രേ. ഇത്‌ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പരിചയ സമ്പന്നരല്ലാത്ത നഴ്‌സുമാരുടെ മേല്‍നോട്ടത്തില്‍ നടത്തേണ്ടതാണ്‌ രോഗീപരിചരണം. ഇത്‌ നിഷേധിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചുക്കുകയാണെന്ന്‌ ഒരു പ്രമുഖ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളിലൊരാള്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. ഒരു രോഗിക്ക്‌ ഡോക്ടര്‍മാരെ പോലെ പ്രധാനപ്പെട്ടതാണ്‌ നഴ്‌സുമാരും. എന്നാല്‍ മാനേജ്‌മെന്റിന്റെ പിടിവാശി രോഗികളുടെ വിലപ്പെട്ട ജീവിതത്തെ അപകടത്തിലാക്കുകയാണെന്നും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല, സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരും. ഉള്ളത്‌ വിദ്യാര്‍ത്ഥികള്‍ മാത്രം.

പാവപ്പെട്ടവര്‍ ഇനി എവിടെ പോവണം ചികിത്സ തേടി എന്നറിയിയാതെ വിഷമിക്കുകയാണ്‌. സര്‍ക്കാര്‍ ഇത്തരം നയപരമായ വിഷയങ്ങളെ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത്‌ ഉചിതമല്ലെന്നും രോഗികള്‍ ഗ്ലോബല്‍ മലയാളത്തോട്‌ പ്രതികരിച്ചു. "രോഗികള്‍ക്ക്‌ സംഘടനയില്ല പിന്നെ ഞങ്ങള്‍ക്കു വേണ്ടി ആരു പറയും. മരുന്ന്‌ മാറി കഴിച്ചു മരിക്കാനാവും ഞങ്ങളുടെ വിധി." ഒരു പ്രമുഖ ഹോസ്‌പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന എഴുപത്തിയാറുകാരന്‍ പ്രതികരിച്ചു.

ഇന്റേണല്‍ മാര്‍ക്ക്‌ എന്ന വാള്‍ തലയ്‌ക്കു മുകളിലുള്ളതിനാല്‍ മാനേജ്‌മെന്റ്‌ നടത്തുന്ന ഈ ചൂഷണത്തിനെതിരായി പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറല്ല. മിക്ക സ്വകാര്യ ആശുപത്രികളിലും വിദ്യാര്‍ത്ഥി സംഘടനകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുമെന്ന്‌ ഭയപ്പെടുകയും വേണ്ട.