Breaking News

Trending right now:
Description
 
Sep 01, 2014

യുകെയില്‍നിന്ന്‌ ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ കുടിയേറുന്ന നഴ്‌സുമാര്‍ രജിസ്‌ട്രേഷന്‍ ലഭിക്കാതെ അനിശ്ചിതത്വത്തില്‍

വിനോദ്‌ മത്തായി
image രജിസ്‌ട്രേഷന്‍ നിയമത്തിലെ മാറ്റങ്ങള്‍ മൂലം യുകെയില്‍നിന്ന്‌ ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ കുടിയേറുന്ന നഴ്‌സുമാര്‍ നിയമക്കുരുക്കില്‍. ഓസ്‌ട്രേലിയയില്‍ സ്ഥിരം ജോലി നോക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ പലരും. വിദേശങ്ങളില്‍ പരിശീലനം നേടിയ നഴ്‌സുമാരെ ജോലിക്കായി പരിഗണിക്കുന്നതില്‍ വരുത്തിയ മാറ്റങ്ങളാണ്‌ നഴ്‌സുമാര്‍ക്ക്‌ വിനയായത്‌. യുകെയിലെ മലയാളികള്‍ അടക്കമുള്ള നഴ്‌സുമാരുടെ സ്വപ്‌നഭൂമിയായിരുന്നു ഓസ്‌ട്രേലിയ.

യുകെയിലെ മൂന്നു വര്‍ഷത്തെ നഴ്‌സിംഗ്‌ ഡിപ്ലോമ ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ്‌ ഡിഗ്രിക്ക്‌ തുല്യമായി നഴ്‌സിംഗ്‌ ആന്‍ഡ്‌ മിഡ്‌വൈഫറി ബോര്‍ഡ്‌ ഓഫ്‌ ഓസ്‌ട്രേലിയ പരിഗണിക്കാത്തതാണ്‌ പ്രശ്‌നമായത്‌.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിനായി ശ്രമിക്കുന്ന നഴ്‌സുമാര്‍ ഈ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നുണ്ട്‌. രജിസ്‌ട്രേഷന്‍ ലഭിക്കാത്തതിനാല്‍ യുകെയില്‍നിന്ന്‌ എത്തിയ നഴ്‌സുമാര്‍ കാഷ്വല്‍ ജോലികളിലും അസിസ്‌റ്റന്റ്‌ നഴ്‌സായും മറ്റും ജോലി ചെയ്യേണ്ട ഗതികേടിലാണിപ്പോള്‍. യുകെയില്‍ ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക്‌ പരിചരണം നല്‌കുകയും നഴ്‌സുമാരുടെ ടീമിന്‌ നേതൃത്വം നല്‌കുകയും ചെയ്‌തിരുന്ന പരിചയസമ്പന്നരായ നഴ്‌സുമാര്‍ക്കുപോലും ബെഡ്‌ മേക്കിംഗിനും ബെഡ്‌ ബാത്തിനുമുള്ള അവസരങ്ങള്‍ മാത്രമേ ഓസ്‌ട്രേലിയയില്‍ ലഭിക്കുന്നുള്ളൂ. മികച്ച പരിശീലനത്തിനുശേഷം തീയേറ്റര്‍ നഴ്‌സായി പതിനഞ്ചു വര്‍ഷം യുകെയില്‍ ജോലി നോക്കിയവര്‍ക്കു പോലും നഴ്‌സിംഗ്‌ അസിസ്റ്റന്റായാണ്‌ ജോലി ലഭിക്കുന്നത്‌.

സാമ്പത്തികമായും വൈകാരികമായും പരിചയസമ്പന്നരായ നഴ്‌സുമാരെ നഴ്‌സുമാരെ തകര്‍ക്കുന്നതാണ്‌ പുതിയ നിയമവ്യവസ്ഥ. ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ കുടിയേറുന്നതിന്‌ അറുപതിനായിരം മുതല്‍ എഴുപതിനായിരം ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ മുടക്കിയവരാണ്‌ ഓരോ നഴ്‌സുമാരും. 



കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രജിസ്‌ട്രേഷന്‍ നടപടികളില്‍ താമസം നേരിടുന്നുണ്ടെന്നാണ്‌ ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത്‌ പ്രാക്ടീഷണര്‍ റഗുലേഷന്‍ ഏജന്‍സി വിലയിരുത്തുന്നത്‌. ഇത്‌ അനീതിയാണെന്ന്‌ ഡബ്ല്യൂഎ ഹെല്‍ത്ത്‌ മിനിസ്‌റ്റര്‍ കിം ഹെയിംസ്‌ വിലയിരുത്തി. ഇക്കാര്യം അടുത്ത തവണ ടെറിറ്ററി ഹെല്‍ത്ത്‌ മിനിസ്‌റ്റേഴ്‌സിന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ നഴ്‌സുമാര്‍ ജോലിയില്ലാതിരിക്കുമ്പോഴും അയര്‍ലണ്ട്‌ അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്ന്‌ ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ റിക്രൂട്ട്‌മെന്റ്‌ നടക്കുന്നുണ്ട്‌.