Breaking News

Trending right now:
Description
 
Nov 22, 2012

നാട്ടുകാരേ...ശ്വേതാ മേനോന്റെ പാവം കുഞ്ഞിനുമില്ലേ സ്വകാര്യത?

പൊളിട്രിക്‌സ്‌/ //- /ഇ.എസ്‌. ജിജിമോള്‍
image പാവമൊരു സ്‌പീക്കറാം കാര്‍ത്തികേയന്‍സാറിനു പല അതിക്രമങ്ങളും അനൈക്യങ്ങളും കണ്ടാല്‍ പണ്ടത്തെപ്പോലെ വാ തുറന്ന്‌ പ്രതികരിക്കാന്‍ സാധിക്കില്ല. കാരണമെന്താ? സ്‌പീക്കര്‍ രാഷ്ട്രീയം പറയാന്‍ പാടില്ലെന്നാണ്‌ നാട്ടുനടപ്പ്‌. അതുകൊണ്ട്‌ പലതും കാണുമ്പോള്‍ വിഴുങ്ങുകയായിരുന്നു. 

കഴിഞ്ഞ കുറെ ദിവസമായി നാട്ടില്‍ അരങ്ങു വാഴുന്ന പല അതിക്രമങ്ങള്‍ കാണുമ്പോഴും ഇത്തരത്തില്‍ പല ആത്മസംഘര്‍ഷങ്ങളും സാറിന്റെ ഉള്ളില്‍ നുരഞ്ഞു പൊന്തും. പേറ്റുനോവറിയാതെ പല വേദനകളും ഉള്ളില്‍ കൊണ്ടു നടക്കുകയാണ്‌ പുഞ്ചിരി വിടരാത്ത ആ മുഖവുമായി പാവം സ്‌പീക്കര്‍. ജി. സുധാകരനെപ്പോലെയോ ബിനോയ്‌ വിശ്വത്തെപ്പോലെയോ കവിത എഴുതി ആത്മസങ്കടങ്ങള്‍ ഒഴുക്കി കളയാന്‍ അദ്ദേഹം തയാറല്ലായിരുന്നു. 

അദ്ദേഹം വാ തുറന്നത്‌ പാവമൊരു കുഞ്ഞിനു വേണ്ടിയാണ്‌. ഒരു നാണവും മാനവുമില്ലാതെ ഒരമ്മ കാശിനു വേണ്ടി കാണിച്ച ആ പണിയെക്കുറിച്ചല്ല കാര്‍ത്തികേയന്‍ സാറ്‌ നെഞ്ചുപൊട്ടി വിലപിച്ചത്‌, കുഞ്ഞിന്റെ സ്വകാര്യത, അതില്‍ സിനിമക്കാര്‍ കേറി തലങ്ങനെയും വിലങ്ങനെയും ഫ്‌ളാഷ്‌ ലൈറ്റ്‌ അടിച്ചതാണ്‌ അദ്ദേഹത്തെ കോപാകുലനാക്കിയത്‌. 


ഗ്യാസിനു വില കൂടി മനുഷ്യന്മാര്‍ നാടൊട്ടുക്കും ഗ്യാസു പോയി പാഞ്ഞിട്ടും ഈ സാറ്‌ യാതൊന്നും കമാന്ന്‌ മിണ്ടിയില്ല. ഇത്തിരി റേഷന്‍ അരി കഴിച്ചോണ്ടിരുന്ന മനുഷ്യന്‍മാര്‌ അതു കിട്ടാനില്ലാതെ പരാക്രമം പായുമ്പോഴും നാടൊട്ടുക്കും കൊള്ള, പെണ്‍വാണിഭം, കുതികാല്‍ ചവിട്ട്‌, പാരവെയ്‌പ്പ്‌ തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറിയപ്പോഴും നമ്മുടെ വീരപുരുഷ കേസരിയായ കാര്‍ത്തികേയന്‍ സാറ്‌ ഒന്നും ഉരിയാടിയില്ല. എന്താ കാരണം? രാഷ്ട്രീയം പറയാന്‍ പാടില്ല. 

ആന്റണി സാറ്‌ ഉമ്മച്ചനെ പിന്നില്‍ നിന്നും കുഞ്ഞാലിയെ മുമ്പില്‍ നിന്നും തോണ്ടിയിട്ടും കാര്‍ത്തികേയന്‍ സാര്‍ തന്റെ വേദനകളെ പ്രസവിക്കാതിരുന്നത്‌ ഫ്‌ളാഷ്‌ ലൈറ്റുകള്‍ അകമ്പടി സേവിക്കാന്‍ ഇല്ലാഞ്ഞിട്ടില്ല. അങ്ങനെ രാഷ്ട്രീയം പറയാത്ത പാവം കുഞ്ഞുങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്ന വേദന മറ്റാരെയുംകാള്‍ നന്നായി മനസിലാവുന്നത്‌ രാഷ്ട്രീയക്കാര്‍ക്കാണ്‌. അതുകൊണ്ടാണ്‌ കാര്‍ത്തികേയന്‍ സാര്‍ ആ ചേച്ചിയെ രണ്ടു പറഞ്ഞത്‌. കേരളത്തിലെ എംഎല്‍എമാരെ മര്യാദ പഠിപ്പിക്കുന്ന റൂള്‍ തടികൊണ്ട്‌ രണ്ടു തുടയ്‌ക്കിട്ട്‌ പൊട്ടിച്ചേനെ ഈ ശ്വേത മാഡത്തെയെങ്ങാനും അടുത്തുകിട്ടിയിരുന്നേങ്കില്‍. 

തലവേദന, കാലുവേദന, നടുവിനു വേദന എന്നു വേണ്ട ഈ ബ്രഹ്മാണ്ഡത്തെ ഒരുമാതിരി വേദനകള്‍ എല്ലാം സഹിക്കാന്‍ ദൈവം പുരുഷന്മാര്‍ക്ക്‌ അവസരം നല്‌കിയിട്ടുണ്ട്‌. എന്നാല്‍ ഇപ്പോഴത്തെ ഫെയ്‌സ്‌ബുക്ക്‌ ചെറുപ്പക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ദൈവം നല്‌കിയ എട്ടിന്റെ പണിയാണ്‌ പ്രസവവേദന പുരുഷന്മാര്‍ക്കു നല്‌കാഞ്ഞത്‌. അതുകൊണ്ട്‌ എന്തുപറ്റി? പെണ്ണുങ്ങള്‍ ഈ വേദനയുടെ പേരു പറഞ്ഞ്‌ മാങ്ങയും മസാല ദോശയും എത്ര തിന്നിരിക്കുന്നു. 

അറിയാത്ത വേദനയുടെ പേരില്‍ ബ്ലെസി ഉല്‍പ്പെടെയുള്ള പുരുഷന്മാര്‍ തലകുനിച്ചിരിക്കുകയായിരുന്നു ഇതുവരെ. സ്വന്തം ഭാര്യയുടെ പോലും ആ വലിയ വേദനയില്‍ പങ്കാളിയാകാതിരുന്ന, ലോകത്തെ പകുതിയില്‍ അധികം വരുന്ന പുരുഷന്മാര്‍ക്കായി (വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക്‌ ഇത്‌ ബാധകമല്ല) ശ്വേത മാഡം തന്റെ സ്വകാര്യത പോലും ബലി കഴിച്ചുകൊണ്ട്‌ ചെയ്‌തു നല്‌കിയ ആ നല്ല കാര്യത്തെ ചൊല്ലിയാണ്‌ ഇപ്പോള്‍ കാര്‍ത്തികേയന്‍ സാറും സുധാകരന്‍ സാറുമൊക്കെ ഗുണദോഷിക്കാന്‍ എത്തിയിരിക്കുന്നത്‌. ഈ പെണ്ണുങ്ങളും കവികളും മിണ്ടിപ്പോയാല്‍ പറയുന്ന പ്രസവവേദന എന്താണെന്ന്‌ ശ്വേത കാണിച്ചു കൊടുത്തു അത്രമാത്രം. ലോക സിനിമയുടെ ക്ലാസിക്കല്‍ രംഗമായി മാറുവാന്‍ പോകുന്ന ഈ സിനിമ എല്ലാ അവിവാഹിതരായ സ്‌ത്രീകള്‍ക്കും ഒരു പാഠമായി മാറും തീര്‍ച്ച. 

എന്നാല്‍ പല പുലികള്‍ക്കും ഇത്‌ പിടിച്ചില്ല. സുധാകരന്‍ സഖാവ്‌ കമ്യൂണിസ്റ്റുകാരനാണ്‌. പെണ്ണുങ്ങള്‍ പുരുഷന്മാര്‍ക്കൊപ്പം നില്‌ക്കണമെന്ന്‌ ശാഠ്യമുള്ള വലിയ മനുഷ്യന്‍. പക്ഷേ ക്യാമറ വച്ചുള്ള ഈ പണി അദ്ദേഹം സഹിച്ചേനെ. (ക്യാമറ വച്ചാണല്ലോ സഖാവിനിട്ട്‌ കൊച്ചിയില്‍ പണി കൊടുത്തത്‌.) പക്ഷേ കുഞ്ഞിനോട്‌ അമ്മ ഇതിനു സമ്മതപത്രം വാങ്ങിയോ എന്നതാണ്‌ അദ്ദേഹത്തിന്‌ ആശങ്ക. 

നാട്ടില്‍ മൂത്രം ഒഴിക്കാന്‍ പോലും സ്വകാര്യത ഇല്ലാതെ രോഗികളാകുന്ന സര്‍ക്കാര്‍ സ്‌ക്കൂളിലെ പാവം പെണ്‍കുട്ടികളും സര്‍ക്കാര്‍ ഹോസ്‌പിറ്റലുകളില്‍ പ്രസവവേദന മാത്രമല്ല മലമൂത്ര വിസര്‍ജ്ജനംവരെ നാട്ടുകാര്‍ കാണ്‍കെ ചെയ്യേണ്ടി വരുന്ന ലക്ഷക്കണക്കിനു പാവപ്പെട്ട സ്‌ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സ്വകാര്യതയെക്കുറിച്ച്‌ വേദനിക്കുവാന്‍ മറന്നു പോയ ഈ കേസരികള്‍ വേദനിക്കുന്നത്‌ ശ്വേതയുടെ കുഞ്ഞിന്റെ സ്വകാര്യത നഷ്ടപ്പെട്ടതിലാണ്‌. ചിലപ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ മുന്‍കൈ എടുത്ത്‌ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനു മുമ്പ്‌ കുഞ്ഞിന്റെ സമ്മതപത്രം മേടിക്കണമെന്ന്‌ നിയമ ഭേദഗതി കൊണ്ടുവരുമെന്ന്‌ പ്രതീക്ഷിക്കാം. എന്തായാലും സുധാകര്‍ജി പ്രതിപക്ഷത്തിന്റെ സമ്മതപത്രം മേടിച്ചു തരും.