Breaking News

Trending right now:
Description
 
Aug 29, 2014

വായില്‍ പുഴുങ്ങിയ ചേമ്പിട്ടു പറയുന്നതു പോലെ കാച്ചുന്ന ഇംഗ്ലീഷ് ഒക്കെ എനിക്കെങ്ങനെ മനസിലാകുന്നൂ!!!

From the Facebook/ Kochu Thresya
image

ടീമിലെ ഒരു ജൂനിയര്‍ കുട്ടിയുണ്ട്‌. ക്ലയന്റിന്റെ ഫോണ്‍ വന്നാല്‍ ചത്താലും അത് അറ്റന്‍ഡ് ചെയ്യില്ല. ഇനീപ്പം എങ്ങാനും അറ്റന്‍ഡ് ചെയ്താലും അവരിങ്ങോട്ട് എന്തേലും പറയുന്നതിനു മുന്നേ 'തലൈവി (ങും നോം തന്നെ) വരുമ്പൊ തിരുമ്പി വിളിക്കാന്‍ പറയാം" ന്നും പറഞ്ഞ് തടിയൂരും. വല്ല സ്റ്റാറ്റസ് അപ്ഡേറ്റിനോ മറ്റോ ആവും. അത് അറിയാമെങ്കിലും ഈ കുട്ടി ക്ലയന്റുമായി കഴിവതും ഒരു സംഭാഷണം ഒഴിവാക്കും. എന്നാല്‍ മെയില്‍ വഴിയാണ്‌ ചോദ്യമെങ്കില്‍ ചടുപിടൂന്ന് വേണ്ട കാര്യങ്ങളെല്ലാം റെപ്ലൈ ചെയ്യും. വിവരമില്ലായ്മയല്ല, ക്ലയന്റിന്റെ ആക്സന്റ് പിടികിട്ടാത്തതാണ്‌ സംഭവമെന്ന് എനിക്ക് ഒറ്റ തലപുകച്ചിലില്‍ തന്നെ പുടികിട്ടി. എങ്ങനാന്നോ.. ക്യോംകീ സാസ് ഭീ കഭീ ബഹൂ ഥീ ആയിരുന്നല്ലോ..

പ്രൊജക്ടില്‍ ജോയിന്‍ ചെയ്ത സമയത്ത് ഈ ബ്രിട്ടീഷ് ക്ലയന്റിന്റെ ആക്സന്റ് മനസിലാവാതെ ഞാന്‍ ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. മുക്കീം മൂളീം എങ്ങനെങ്കിലുമൊക്കെ സംഭാഷണം കഴിഞ്ഞാലും എന്താ പറഞ്ഞതെന്ന് മനസിലാവാതെ ഒടുക്കം ഞാന്‍ പത്തൊന്‍പതാമത്തെ അടവെടുക്കും. ഈ പറഞ്ഞതൊക്കെ ജസ്റ്റ് ട്രാക്കിംഗ് പര്‍പസിലേക്കായി ഒരു മെയില്‍ അയക്കാന്‍ പറയും. ന്നിട്ട് ആ മെയില്‍ വായിച്ചാണ്‌ അത്രേം നേരം എന്താണ്‌ പറഞ്ഞതെന്ന് മനസിലാക്കുക. ഓഫ്ഷോറില്‍ ആയിരുന്നപ്പോ ഈ വിദ്യ വല്യ തട്ടുകേടില്ലാതെ വിജയിച്ചു കിട്ടിയിരുന്നു.

പക്ഷേങ്കില്‍ ഓണ്‍സൈറ്റ് എത്തീപ്പോ ഇതു നടപ്പിലാക്കാന്‍ പറ്റാത്ത അവസ്ഥയായി. അടുത്തടുത്താണ്‍` ഇരിക്കുന്നത്. സംസാരിക്കുന്നതു മുഴുവന്‍ മെയിലില്‍ അയക്കണമെന്നു പറയാന്‍ പറ്റുമോ. അതും വല്ല കാഷ്വല്‍ സംഭാഷണൊം ആണെങ്കില്‍ . ശരിക്കും പെട്ടത് തന്നെ. ഒരുമാതിരി സബ്ടൈറ്റില്‍ ഇല്ലാതെ ഇംഗ്ലീഷ് സിനിമ കാണുന്ന പോലെ ഒരന്തോം കുന്തോമില്ലായ്മ. 

ഇത്തിരി കഴിഞ്ഞപ്പൊ എന്റെ പ്രശ്നം മന്‍സിലായി. അങ്ങേരെന്തെങ്കിലും പറയാന്‍ ഭാവിക്കുമ്പഴേ അതെന്തിനെ പറ്റി ആയിരിക്കുംന്ന് അങ്ങൂഹിക്കുക. എന്നിട്ട് അതു വച്ച് മനസിലാക്കാന്‍ നോക്കുക. പക്ഷെ സംഭവം എട്ടു നിലയില്‍ പൊട്ടി. അങ്ങേര്‌ പറഞ്ഞു തുടങ്ങുമ്പഴേ ഞാന്‍ നേരത്തെ ഊഹിച്ചു വച്ചതുമായി അതിനെ രിലേറ്റ് ചെയ്യാന്‍ നോക്കും. മിക്കപ്പോഴും ഊഹവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമായിരിക്കും. അങ്ങനെ കടിച്ചതുമില്ല പിടിച്ചതുമില്ലാന്നുള്ള് അവസ്ഥയില്‍ ഞാന്‍ കം‌പ്ലീറ്റ് ബ്ലാങ്ക് ആയി അവിടെ നില്‍ക്കും. ഞാന്‍ ബ്ലാങ്കായെന്ന് അങ്ങേര്‍ക്ക് മനസിലാകുന്നതോടെ ഞങ്ങ്ടെ സംഭാഷണോം നിര്‍ത്തി കംപ്ലീറ്റ് ഡെസ്പടിച്ച് അവനോന്റെ പണീലെക്കു തിരിച്ചു പോകും.

രസമെന്താണെന്നു വച്ചാ കൂടെ വേറെ ഒരു ഇംഗ്ലീഷുകാരനുമുണ്ട്. അങ്ങേരുടെ ഇംഗ്ലീഷ് എനിക്കു നന്നായി മനസിലാവും. അതോണ്ട് ക്ലയന്റ് മാനേജര്‍ അങ്ങേരോട് ആദ്യം ഇംഗ്ലീഷില്‍ പറയും. അങ്ങേരത് ഇംഗ്ലീഷില്‍ തന്നെ എനിക്കെ 'ട്രാന്‍സ്ലേറ്റ്' ചെയ്തു തരും. അതു കൊണ്ട മാനേജര്‍ക്ക് ഫീലിംസാകും. താന്‍ പറയുന്നതാണ്‌ കറക്റ്റ് ഇംഗ്ലീഷെന്നും മറ്റെയാള്‍ടേതിന്‌ ആക്സന്റുണ്ടെന്നും പറഞ്ഞ് എന്നെ കുറ്റപ്പെടുത്തും. ആക്സന്റുള്ള വെടക്ക് ഇംഗ്ലീഷേ എനിക്കു മനസിലാവൂന്നുള്ളത് എന്റെ മിസ്റ്റേക്കാണെന്നും പറഞ്ഞ് ഞാന്‍ നിരപരാധിയാകും.അതാരുന്നു പതിവ്. പിന്നെ പതുക്കെ പതുക്കെ എനിക്ക് 'നല്ല' ഇംഗ്ലീഷ് മനസിലാവാന്‍ തുടങ്ങി. ഒടുക്കം ഇന്ത്യയില്‍ നിന്ന് പുതിയ പിള്ളാര്‍ വരുമ്പോള്‍ ഞാന്‍ ഇങ്ങേരുടെ ട്രാന്‍സ്ലേറ്ററിന്റെ റോളിലായി.

ഇപ്പഴും ക്ലയന്റ് മീറ്റിംഗില്‍ ഓരോ പിള്ളാര്‍ നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ ഇരിക്കുന്നതു കാണുമ്പോള്‍ ചിരി വരും. ക്ലയന്റ് വായില്‍ പുഴുങ്ങിയ ചേമ്പിട്ടു പറയുന്നതു പോലെ കാച്ചുന്ന ഇംഗ്ലീഷ് ഒക്കെ എനിക്കെങ്ങനെ മനസിലാകുന്നൂന്ന് അവര്‌ അന്തം വിടുമ്പോ മനസില്‍ തെളിയുന്നത് പഴേ ആ രംഗമാണ്‌. ഫ്യൂസടിച്ചു പോയതു പോലെ ബ്ലാങ്കായി ക്ലയന്റ് മാനെജരുടെ മുന്നില്‍ ചമ്മി കൊളം തോണ്ടി നിന്നത്.