Breaking News

Trending right now:
Description
 
Aug 28, 2014

രോ‍ഗം മാറ്റും തേനിച്ച കുത്തല്‍

image


പൂക്കളില്‍ നിന്ന്‌ പൂമ്പൊടി ശേഖരിച്ച്‌ തേനാക്കി മാറ്റുന്ന തേനിച്ചകളുടെ സാമ്രാജ്യം വ്യത്യസ്‌തമാണ്‌. തേനിച്ചകള്‍ നല്ലൊരു ചികിത്സകര്‍ കൂടിയാണെന്നു പറയുമ്പോഴാണ്‌ തേനിച്ചകളുടെ അത്ഭുത ലോകം നമ്മെ അതിശയിപ്പിക്കുക. 

കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി തേനിച്ചകളെ മക്കളെപ്പോലെ പരിപാലിച്ചു ഉപജീവന മാര്‍ഗം കഴിക്കുന്ന ഇടുക്കി ജില്ലയിലെ കട്ടപ്പന തൊപ്പിപ്പാള സ്വദേശിയായ രാജുവു കുടുംബവും ഇന്ന്‌ കേരളത്തില്‍ അറിയപ്പെടുന്ന തേനിച്ച ചികിത്സകര്‍കൂടിയാണ്‌. തൊപ്പിപ്പാള എന്ന സ്ഥലത്തേക്ക്‌ നൂറു കണക്കിന്‌ ജനങ്ങളാണ്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ തേനിച്ച കുത്തേല്‍ക്കാന്‍ എത്തുന്നത്‌. പൂര്‍ണമായി സൗജന്യമായി നല്‌കുന്ന ഈ ചികിത്സക്ക്‌ എത്തുന്നവര്‍ക്ക്‌ ഉച്ച ഭക്ഷണവും നല്‌കിയാണ്‌ ഈ കുടുംബം യാത്രയാക്കുന്നത്‌. 
തേനിച്ചകളുടെ കുത്തേറ്റാല്‍ വാതസംബന്ധമായ രോഗങ്ങള്‍ പൂര്‍ണമായി മാറുമെന്നാണ്‌ ഇവിടെ എത്തുന്ന രോഗികള്‍ നല്‌കുന്ന സാക്ഷ്യം. ലോകത്ത്‌ അറിയപ്പെടുന്ന ചികിത്സ രീതിയാണ്‌ എപ്പിതെറാപ്പി. അമേരിക്ക ജര്‍മ്മന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ പ്രചുരപ്രചാരം നേടിയ ഈ ചികിത്സരീതി നമുക്ക്‌ അത്ര പരിചിതമല്ല. 
രണ്ടാഴ്‌ച പ്രായമുള്ള തേനിച്ചകളെ വേദനയുള്ള ഭാഗത്ത്‌ കുത്തിക്കുന്ന രീതിയാണ്‌ തേനിച്ച ചികിത്സ. തേനിച്ചകളെ അതിന്റെ ചിറകില്‍ പിടിച്ച്‌ വേദനയുള്ള ഭാഗത്ത്‌ എടുത്തുവച്ചു കുത്തിപ്പിക്കുന്നു. തേനിച്ചയുടെ കുത്തേറ്റ ഭാഗത്തു നിന്ന്‌ ബീ വെനം ശരീരത്തില്‍ വ്യാപിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിക്കുകയും ചെയ്യുന്നുവെന്നാണ്‌ ഇതിന്റെ ശാസ്‌ത്രം. സന്ധി വാത രോഗം മൂര്‍ച്ഛിച്ചു തീര്‍ത്തും കിടപ്പിലായവര്‍ വരെ തേനിച്ചകളുടെ കുത്തേറ്റു അസുഖം മാറുന്നവരില്‍ പെടുന്നു. 
രോഗത്തിന്റെ കാഠിന്യം അനുസരിച്ച്‌ നാലാഴ്‌ച മുതല്‍ എട്ടാഴ്‌ചയോളം വരെ ആഴ്‌ചയില്‍ ഒന്നു വീതം തേനിച്ചകളുടെ കുത്തേല്‍ക്കണം. തേനിച്ച കുത്തുന്ന ഭാഗം പെട്ടെന്ന്‌ ചെറുതായി നീരു വന്ന്‌ വീര്‍ക്കും. ഞൊടിയന്‍ വിഭാഗത്തില്‍ പെടുന്ന തേനിച്ചകളെയാണ്‌ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നത്‌.

തേനിച്ച ചികിത്സകനായ രാജു നല്ലൊരു തേനിച്ച കര്‍ഷകനും തേനില്‍ നിന്ന്‌ വിവിധതരം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന നല്ലൊരു സംരഭകനുമാണ്‌.

രാജും ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ തേനിച്ചകളെ വളര്‍ത്തി പണം നുകരാം എന്നൊരു പരസ്യം കണ്ടത്‌. സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവന്ന പത്രത്താളില്‍ കണ്ട പരസ്യത്തില്‍ ആകൃഷ്ടനായി പറമ്പില്‍ പറന്നു നടന്ന തേനിച്ചകളെ പിടിച്ചുവച്ചു തന്റെ പരീക്ഷണം ആരംഭിച്ചു. എന്നാല്‍ തേനിച്ച വളര്‍ത്തല്‍ അത്ര നിസാരമായ കാര്യമല്ല എന്നു മനസിലാക്കിയ രാജു തേനിച്ചകളെ ഉപേക്ഷിക്കാന്‍ തയാറായില്ല. 
തേനിച്ച പെട്ടികളില്‍ തേനിച്ചകളെ വളര്‍ത്താന്‍ ആരംഭിച്ചു. അതിനായി തമിഴ്‌നാട്ടില്‍ലെ കെ കെ പെട്ടിയിലെ മാരിയപ്പന്‍ എന്ന തേനിച്ച കര്‍ഷകന്റെ കയ്യില്‍ നിന്ന്‌ അയാള്‍ ഉപേക്ഷിച്ചു കളഞ്ഞ തേനവിച്ച പെട്ടി കൊണ്ടു വന്നു പരീക്ഷണ കൃഷി ആരംഭിച്ചു. തേനിച്ചകളെയും റാണി ഈച്ചയെയും സംഘടിപ്പിച്ചു തന്റെ പരീക്ഷണം വിപുലമാക്കി. പരീക്ഷണം വിജയിച്ചതോടെ ഈ രംഗത്ത്‌ കൂടുതല്‍ പ്രവൃത്തിക്കാന്‍ തന്നെ തീരുമാനിച്ചു. പിന്നീട്‌ തേനിച്ചകളെക്കുറിച്ചു പഠനമായിരുന്നു. മൈലാടുപാറ ഏലം ഗവേഷണ ബോര്‍ഡില്‍ നിന്ന്‌ തേനിച്ച വളര്‍ത്തിലില്‍ ആദ്യ പരിശീലനം. തുടര്‍ന്ന്‌ ഹോര്‍ട്ടി കോര്‍പ്‌, സ്റ്റേറ്റ്‌ ഹോര്‍ട്ടി കോര്‍പ്‌, തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്ന്‌ തേനിച്ചകളെക്കുറിച്ചു കൂടുതല്‍ അറിയുകയും തേനിച്ച വളര്‍ത്തല്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുകയും ചെയ്‌തു. ഇന്ന്‌ 850 കൂടുകളാണ്‌ രാജുവിന്‌ സ്വന്തമായുള്ളത്‌. 500 കിലോ തേനാണ്‌ രാജു മാസം തോറും മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നത്‌. അതോടെ ഒന്‍പതാം ക്ലാസില്‍ കണ്ട ആ പരസ്യം സത്യമായി. മധു നുകരു.. പണം തേടു.. എന്ന പത്രത്തിലെ തല വാചകം രാജുവിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചിരിക്കുന്നു.

സെന്‍ട്രല്‍ ഹോര്‍ട്ടി കോര്‍പിന്റെ സഹായത്തോടെ കൂടുതല്‍ പരിശീലനം ലഭിച്ചതോടെയാണ്‌ തേനിച്ചകളുടെ ശരീരത്തിലെ ബീവെനത്തെക്കുറിച്ചു രാജു കൂടുതല്‍ അറിയുന്നത്‌. തേന്‍ മാത്രമല്ല ബി വെനം, റോയല്‍ ജെല്ലി, വാക്‌സം തുടങ്ങിയ വിവിധ ഉല്‍പ്പനങ്ങള്‍ തേനിച്ചകളില്‍ നിന്ന്‌ ലഭിക്കുന്നു. അതിന്റെ ഔഷധഗുണം തേനിനെക്കാള്‍ നൂറിരട്ടി ശക്തിയുള്ളതും.
റാണി ഈച്ചയുടെ ആഹാരമാണ്‌ റോയല്‍ ജെല്ലി. ഏറെ ശ്രദ്ധയും പരിശീലനവും വേണം റോയല്‍ ജെല്ലി വേര്‍തിരിച്ചെടുക്കാന്‍. റോയല്‍ ജെല്ലിയും ഇവിടെ വേര്‍തിരിച്ചെടുക്കുന്നു. മക്കളില്ലാത്തവര്‍ക്കും ലൈംഗികശേഷി നഷ്ടപ്പെട്ടവര്‍ക്കുമാണ്‌ റോയല്‍ ജെല്ലി കൂടുതലായി നല്‌കുന്നത്‌.

മൂന്നു വര്‍ഷം മുമ്പാണ്‌ രാജു ചികിത്സ രംഗത്ത്‌ എത്തിയത്‌. പരീക്ഷണാര്‍ത്ഥം അമ്മയുടെ കാലില്‍ വേദന വന്ന ഭാഗത്താണ്‌ ആദ്യമായി തേനിച്ച ചികിത്സ ആരംഭിച്ചത്‌. അമ്മയ്‌ക്ക്‌ കാലില്‍ വേദന മാറിയതോടെ അമ്മ പറഞ്ഞറിഞ്ഞ പല അയല്‍വാസികളും രാജുവിനെ തേടിയെത്തി. അയല്‍വാസികളില്‍ നിന്ന്‌ അനുഭവസ്ഥരിലേക്ക്‌ പതുക്കെ പതുക്കേ അടുത്ത ബന്ധുക്കളിലേക്ക്‌ വാര്‍ത്ത പടര്‍ന്നു. ഇന്ന്‌ കേരളത്തിന്റെ പല സ്ഥലങ്ങളില്‍ നിന്ന്‌ പലരുംമുന്നൂറും മുതല്‍ എണ്ണൂറും വരെയാളുകള്‍ തേനിച്ച ചികിത്സ തേടിയെത്തുന്നു. 
രാവിലെ പത്തു മുതല്‍ 2 മണിവരെ ചികിത്സക്ക്‌ ആദ്യമായി എത്തുന്നവര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‌കുന്നു. തേനിന്റെ വിവിധ ഉല്‍പ്പനങ്ങളും ഇവിടെ ലഭ്യമാണ്‌. 

തേനിച്ച കൂടുകളില്‍ നിന്ന്‌ വെറുതേ ശേഖരിക്കുന്നവയല്ല ശുദ്ധ തേന്‍. തേന്‍ ശുദ്ധികരിച്ചെടുത്താന്‍ മാത്രമാണ്‌ വ്യവസായികമായി വിപണനം ചെയ്യാന്‍ സാധ്യമാകു. ആദ്യം ഒരു വലിയ പാത്രത്തില്‍ വെള്ളം 80 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി ശേഖരിച്ച തേന്‍ മറ്റൊരു പാത്രത്തിലാക്കി വെള്ളത്തിലേക്ക്‌ ഇറക്കി വയ്‌ക്കുന്നു. പിന്നീട്‌ തേന്‍ ഇളക്കികൊണ്ടിരിക്കണം. തേനില്‍ അടങ്ങിയ മാലിന്യങ്ങള്‍ തേനിന്‌ മുകളിലേക്ക്‌ ഉയര്‍ന്നു വരുന്നു. പിന്നീട്‌ ഈ തേന്‍ ഇറക്കി വച്ചു തണുപ്പിച്ചു മറ്റൊരു പാത്രത്തിലേക്ക്‌ അരിച്ചു മാറ്റുന്നു. ശുദ്ധമായ തേനിന്‌ ചെറിയ പുളിപ്പ്‌ രസമുണ്ട്‌. ഇവ ശരിയായ രീതിയില്‍ സംസ്‌കരിച്ചില്ലെങ്കില്‍ തേന്‍ വേഗത്തില്‍ നശിച്ചു പോകും അതിനാലാണ്‌ ഇത്തരത്തില്‍ സംസ്‌കരിച്ചെടുക്കുന്നത്‌. സംസ്‌കരിച്ചെടുത്ത തേനില്‍ നിന്ന്‌ വ്യത്യസ്‌ത ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്‌. 
Photo

ഭാര്യയും രണ്ടും മക്കളും പൂര്‍ണ സംതൃപ്‌തിയോടെ തേനിച്ച പരിപാലനത്തിനും തേനിച്ച കുത്തില്‍ ചികിത്സയിലും സഹായിക്കുന്നു.