Breaking News

Trending right now:
Description
 
Aug 28, 2014

പ .കാതോലിക്കാ ബാവ വാഷിങ്ടണിൽ​: സുവർണ്ണ ജൂബിലി ഉദ്ഘാടനം സെപ്റ്റംബർ 28-ന്

Johnson Punchakkonam
image

വാഷിങ്ടണ് ഡി.സി: അമേരിക്കയുടെ തലസ്ഥാനത്തിനു തിലകക്കുറിയായി പരിലസിക്കുന്ന സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ അൻപതാമത് വാർഷികം 2014 സെപ്റ്റംബർ 28-ന് ഭാരതത്തിന്റെ അപ്പോസ്തോലനായ വി. മാർത്തോമാ ശ്ലീഹായുടെ പിൻഗാമി പ. ബസ്സേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപോലീത്തായും കാതോലിക്കയുമായ പൗലോസ് രണ്ടാമൻറെ അമേരിക്കൻ തലസ്ഥാന നഗരിയിലേക്കുള്ള ആദ്യ ശ്ലൈഹീക സന്ദർശനമാണെന്നത് അതിപ്രാധാന്യത്തോടെയാണ് ഇവിടുത്തെ ക്രിസ്തീയ സമൂഹവും,ഭാരതീയരും ഒരുപോലെ കാണുന്നത്.

1965 -ൽ, കുറ്റിക്കണ്ടത്തിൽ കെ. സി. മാത്യൂസ് അച്ചൻ (കാലം ചെയ്ത ഡോ. തോമസ് മാർ മക്കാറിയോസ്) ആദ്യമായി കുർബാനയർപ്പിച്ച് ആരംഭിച്ചതാണ് വാഷിങ്ടണ് സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് പള്ളി എന്ന അഭിധാനത്തിൽ അറിയപ്പെടുന്ന ഈ പള്ളി. അമേരിക്കയിൽ Virginiayil പഠനാർത്ഥം വന്ന കെ.സി.മാത്യൂസ് അച്ചന്റെ നിതാന്ത പരിശ്രമ ഫലമായി, മെറിലാന്റിലും, വിർജിനിയയിലും, വാഷിങ്ങ്ടൻ ഡി.സിയിലും ചിതറിപ്പാർത്ത ചെറുപ്പക്കാരെ ഒരുമിപ്പിച്ചുചേർത്ത് വാടക കെട്ടിടത്തിൽ ആരംഭിച്ച ചെറുസംരംഭമാണ് ഇന്ന് പതിനഞ്ചുകോടിയോളം രൂപ വിലമതിക്കുന്ന പന്തീരായിരം ചതുരശ്ര അടിയുള്ള സുന്ദര സൗധമായി വിളങ്ങുന്ന ഈ പള്ളി. തുടർന്ന് സഭയിലെ പല വൈദികരുടെയും നിസ്തുലസേവനം ഈ ഇടവകയ്ക്ക് ലഭിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് വികാരി ഫാ.ഡോ .ജോണ്സൻ സി .ജോണിന്റെ നേതൃത്വത്തിലുള്ള ജൂബിലി കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

മലങ്കരയുടെ താപസ ഗുരുവായിരുന്ന പ.ദിദിമോസ് പ്രഥമൻ ബാവ അടിസ്ഥാന ശില പ്രാർത്ഥിച്ച് ആശീർവദിച്ച് ആരംഭിച്ച ഈ ദേവാലയത്തിന്റെ വി.മൂറോൻ കൂദാശ പുണ്യശ്ലോകനായ അഭിവന്ദ്യ മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയാണ് നിർവഹിച്ചത് .അനേക പിതാക്കന്മാരുടെ സന്ദർശനം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ ദേവാലയത്തിന്റെ സുവർണ്ണ ജൂബിലി 2014 സെപ്റ്റംബർ 28-ന് നടത്തുന്നത് തികച്ചും ദൈവ കരുണയുടെയും അനുഗ്രഹത്തിന്റെയും സാക്ഷ്യത്തോടെയാണ് . മലങ്കര സഭയുടെ പരമാധ്യക്ഷന്റെ സന്ദർശനത്താൽ ഈ ദേവാലയ ജൂബിലി വർഷം കൂടുതൽ അനുഗ്രഹിക്കപ്പെടുകയാണ്.
ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മപരിപാടികൾ ഉദ് ഘാടനം ചെയ്യുന്നതോടെ നോർത്ത് -ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്രത്തിലും പുതിയ നാഴികക്കല്ല് പിന്നിടുന്നതിനു ഈ സംരംഭം ഉൽപ്രേരകമായി തീരുന്നു.ഇന്ത്യയിലെ പാവപ്പെട്ടവരായ 50 നിർദ്ധനരെ സഹായിക്കുന്ന പദ്ധതി, അമേരിക്കയിലെ വിവിധ സമൂഹങ്ങളിൽ പാർശ്വവൽക്കരിക്കപെടുന്നവരെ പരിരക്ഷിക്കുന്ന പദ്ധതി , സെമിനാറുകൾ,വിവിധ സാമുദായിക-സാംസ്കാരിക സമ്മേളനങ്ങൾ ,അഖിലമലങ്കര ഉപന്യാസ മത്സരം ഇവയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ ജനത്തെ നയിക്കുക ഇവയെല്ലാം ജൂബിലി ലക്ഷ്യമിടുന്നു .
വി. വേദപുസ്തകം ആധാരമാക്കി(ലേവ്യ പുസ്തകം 25: 8-13) ദൈവത്തോടുള്ള ബന്ധത്തിൽ ശരീരാത്മദേഹികളുടെ ശുദ്ധീകരണത്തിനും ദൈവകൃപയുടെ പൂർണ്ണ സമർപണത്തിനുമായി ജൂബിലി സമർപ്പിക്കുന്നു. ഏഴു ഏഴു വർഷങ്ങൾക്കു ശേഷം അമ്പതാമത്തെ സംവത്സരം ശാബതു പോലെ സമർപ്പിക്കേണ്ട വിശുദ്ധ വർഷമാകുന്നുവെന്നു പഴയനിയമം ഓർമ്മിപ്പിക്കുന്നു .പുതിയനിയമത്തിൽ സകല അടിമത്തത്തിൽ നിന്നുമുള്ള വിമോചനമാണ് ജൂബിലികൊണ്ട് ഉദ്ദേശിക്കപെടുന്നത് (ലൂക്കോസ് 4:16-21, 2 കൊരി. 6 :1-2 ).

അറുപതിലധികം കുടുംബങ്ങളുള്ള ഈ ഇടവകയിൽ സണ്ഡേസ്കൂൾ , ബാലസമാജം ,എം .ജി .ഒ .സി .എസ് .എം ,ഫോക്കസ് ,മെൻസ് ഫോറം ,മർത്തമറിയ വനിതാ സമാജം , പ്രാർത്ഥനായോഗം, ശുശ്രൂഷക സംഘം എന്നിവ കൃത്യമായി ആഴ്ചതോറും സമ്മേളിയ്ക്കുന്നു . വിദ്യാസമ്പന്നരും സമർപ്പിതരുമായ ഒരു കൂട്ടം യുവാക്കളുടെ സേവനം ഈ ഇടവകയ്ക്കും നാടിനും പ്രയോജനം ചെയ്യുന്നു .SSL മുതലായ പ്രസ്ഥാനങ്ങളിലൂടെ സാമൂഹ്യ സേവന സന്നദ്ധതയുള്ള കുറെപ്പേരുടെ നിർലോപ സഹകരണമാണ് ഇന്ന് ഈ ഇടവകയുടെ കൈമുതൽ .

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളോവാസ് (രക്ഷാധികാരി) ,ഫാ .ഡോ .ജോണ്സൻ സി .ജോണ് (വികാരി ), ശ്രീ .കെ .യോഹന്നാൻ (ജന : കണ്വീനർ ), ശ്രീ .രാജൻ യോഹന്നാൻ (ട്രസ്റ്റി ), ശ്രീ .ജോയ് സി .തോമസ് (സെക്രട്ടറി ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ജൂബിലി കമ്മിറ്റി പ്രവർത്തിക്കുന്നു .

പ്രബന്ധ ഗവേഷണ മത്സരം
വാഷിംഗ്ടൻ ഡി.സി: സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഗവേഷണ-പ്രബന്ധ- മത്സരം നടത്തുന്നു :

വിഷയം - പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അന്തര്‍ദേശീയ-എക്യുമെനിക്കല്‍ ദര്‍ശനങ്ങളും സംഭാവനകളും

ഒന്നാം സമ്മാനം : $ 500 / Rs .30,000- ഉം ,സെന്റ് തോമസ് അവാർഡും
രണ്ടാം സമ്മാനം : $ 200 / Rs . 12,000
സ്വന്തം കൈപ്പടയിൽ തയ്യാറാക്കി 20 പേജിൽ കുറയാതെ 25 പേജിൽ കൂടാതെ (2000 മുതൽ 2500 വാക്കുകൾ ) തയ്യാറാക്കി വികാരിമാരുടെ കത്ത് , സണ്ഡേസ്കൂൾ ഹെഡ് മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം Rev.Fr .Dr .Johnson C .John, Malankara Sabha Masika, Devalokam, Kottayam, Kerala- 4 , India എന്ന വിലാസത്തിൽ 2014 ഡിസംബർ 31-നകം അയച്ചു തരേണ്ടതാണ് .
Visit Website for more details: www.st-thomas-orthodox-dc.org

ധനസഹായം
സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഓർത്തഡോക്സ് സഭാംഗങ്ങളായ നിർദ്ധനരായ കുടുംബങ്ങളിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ അതാതു ഇടവക വികാരിയുടെ സാക്ഷ്യപത്രം സഹിതം Rev.Fr .Dr .Johnson C .John , 13505 New Hampshire Ave ,SilverSpring ,Maryland -20904 ,USA എന്ന വിലാസത്തിൽ 2014 ഡിസംബർ 31-നകം അയച്ചു തരേണ്ടതാണ് .

Visit Website for more details: www.st-thomas-orthodox-dc.org