Breaking News

Trending right now:
Description
 
Nov 22, 2012

മദര്‍ നഴ്‌സുമാരുടെ അതിജീവന സമരം; വിഎസിന്റെ സന്ദര്‍ശനം പ്രഹസനമെന്ന്‌ തൊഴില്‍ മന്ത്രി

image തൃശൂര്‍: ഇന്ന്‌ സമരം ഏറെക്കുറെ തീരാനിരിക്കുമ്പോള്‍ വിഎസ്‌ മദര്‍ ഹോസ്‌പിറ്റല്‍ സന്ദര്‍ശിച്ചത്‌ പ്രഹസനമെന്ന്‌ തൊഴില്‍ വകുപ്പ്‌ മന്ത്രി ഷിബു ബേബി ജോണ്‍. കോതമംഗലം സമരത്തിലും വിഎസ്‌ ഇത്തരത്തില്‍ എത്തിയാണ്‌ സമരത്തിന്റെ ഖ്യാതി തട്ടിയെടുത്തതെന്ന്‌ തൊഴില്‍ മന്ത്രിയുടെ പരിഭവിച്ചു. ഇന്നലെ വരെ മദര്‍ മാനേജ്‌മെന്റ്‌ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ചര്‍ച്ചയിലും ഹൈക്കോടതിയുടെ മീഡിയേറ്റര്‍ ചര്‍ച്ചയിലും പിരിച്ചുവിട്ട നഴ്‌സുമാരെ യാതൊരു കാരണവശാലും തിരിച്ചെടുക്കില്ല എന്ന കടുംപിടുത്തത്തിലായിരുന്നു. തിങ്കളാഴ്‌ച സമരം തീര്‍ക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്‌. 

എന്നാല്‍ പിന്നീട്‌ സര്‍ക്കാര്‍ തലത്തില്‍ കാര്യമായി ചര്‍ച്ച നടന്നുമില്ല. ഹൈക്കോടതിയുടെ ചര്‍ച്ച മാത്രമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. കൂടാതെ, എണ്‍പതുദിവസമായി നടക്കുന്ന സമരത്തില്‍ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ പങ്ക്‌ ഉറപ്പിക്കാന്‍ രാപ്പകല്‍ ഉറക്കമില്ലാതെ യുഎന്‍എ നേതാക്കള്‍ അലയുകയായിരുന്നു. സമരം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ്‌ വി.എസ്‌ ഇന്ന്‌ സമര പന്തല്‍ സന്ദര്‍ശിച്ചത്‌. ഈ സമരത്തിന്‌ ആദ്യം മുതല്‍ പിന്തുണ നല്‌കിയിരുന്നു വിഎസ്‌. 

കഴിഞ്ഞ ദിവസങ്ങളില്‍ തനിക്ക്‌ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്ന നിലപാടില്‍ നില്‌ക്കുകയായിരുന്നു തൊഴില്‍ മന്ത്രി. ഒരു ഘട്ടത്തില്‍ സമരക്കാരെ തള്ളിപ്പറയാനും മന്ത്രി മടിച്ചില്ല. മുഖ്യമന്ത്രി സംസാരിച്ചിട്ടും വഴങ്ങാത്ത മാനേജ്‌മെന്റിനോട്‌ മന്ത്രിയ്‌ക്ക്‌ എന്തു ചെയ്യാനാവും എന്ന നിലപാടിലാണ്‌ ആരോഗ്യ മന്ത്രിയും തൊഴില്‍ മന്ത്രിയും.

ഇന്നലെ ഹോസ്‌പിറ്റല്‍ ഉപരോധിച്ച നഴ്‌സുമാരെ തല്ലിച്ചതച്ചു ഹോസ്‌പിറ്റലിലാക്കുവാനും അറസ്‌റ്റ്‌ ചെയ്യുവാനും സര്‍ക്കാര്‍ മുന്‍കൈ എടുത്തതോടെ സമരം കൂടുതല്‍ ജനകീയമായി മാറിയിരുന്നു. മേധാ പട്‌ക്കറും സാറാ ജോസഫും ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനു പിന്തുണയേകി എത്തുകയും ചെയ്‌തു.

നഴ്‌സുമാര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്ന്‌ കളക്ടര്‍ വിളിച്ചുകൂട്ടിയ ചര്‍ച്ചയിലും മാനേജ്‌മെന്റ്‌ ഇന്നലെ പങ്കെടുത്തില്ല. സര്‍ക്കാര്‍ മദര്‍ സമരത്തെ ഉപേക്ഷിച്ച ഘട്ടത്തില്‍ ഹൈക്കോടതിയെയാണ്‌ യുഎന്‍എ ആശ്രയമായി കണ്ടിരിക്കുന്നത്‌. ഇന്നും ഹൈക്കോടതിയില്‍ മീഡിയേറ്റര്‍ ചര്‍ച്ച നടക്കുന്നുണ്ട്‌. ഇത്തരത്തില്‍ സമരത്തില്‍ കാര്യമായി തീരുമാനം എടുപ്പിക്കാന്‍ സാധിക്കാത്ത തൊഴില്‍ വകുപ്പ്‌ മന്ത്രിയാണ്‌ കോടതി സമരമെങ്ങാനും ഒത്തുതീര്‍പ്പാക്കിയാല്‍ അതിന്റെ ഖ്യാതി വിഎസ്‌ തട്ടിയെടുക്കുമോയെന്ന്‌ പേടിക്കുന്നത്‌. നിരാഹാരസമരത്തെ തുടര്‍ന്ന്‌ ആരോഗ്യനില മോശമായ രശ്‌മിയെ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടും രശ്‌മി അവിടെയും സമരം തുടരുകയാണ്‌.