Breaking News

Trending right now:
Description
 
Aug 25, 2014

വിദേശമാധ്യമങ്ങള്‍ കേരളത്തിലെ ബാര്‍ പൂട്ടല്‍ വാര്‍ത്ത ആഘോഷിച്ചു

image നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായ കാര്യം ഒറ്റക്കോളത്തില്‍ ഒതുക്കിയ വിദേശമാധ്യമങ്ങള്‍ കേരളത്തിലെ മദ്യനിരോധന വാര്‍ത്ത ആഘോഷമാക്കി.

ബിബിസി ആദ്യ ദിവസം തന്നെ വിശദമായ വാര്‍ത്ത നല്‌കി. ബിബിസിയുടെ വെബ്‌സൈറ്റില്‍ വൈകിട്ടെന്താ പരിപാടി എന്ന പേരില്‍ മദ്യത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രവും നല്‌കിയിരുന്നു. പോരെങ്കില്‍ മദ്യനിരോധനം കൊണ്ടുകാര്യമൊന്നുമില്ലെന്ന്‌ ഉറപ്പിച്ചുപറയുന്ന എഴുത്തുകാരന്‍ പോള്‍ സക്കറിയയുടെ സൈഡ്‌ സ്‌റ്റോറിയും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മധുരക്കള്ളുകുടിച്ച്‌ ഒടുവില്‍ വിസ്‌ക്കിയിലേയ്‌ക്കും റമ്മിലേയ്‌ക്കും എത്തിയ കഥ പറയുന്നുണ്ട്‌ സക്കറിയ.

ലണ്ടനിലെ ഈവനിംഗ്‌ സ്റ്റാന്‍ഡാര്‍ഡ്‌ പത്രം കേരളത്തിലെ 730 ബാറുകളും പൂട്ടും എന്ന തലക്കെട്ടോടെയാണ്‌ വിശദമായ വാര്‍ത്ത നല്‌കിയിരിക്കുന്നത്‌. ഇന്ത്യയില്‍ ഏറ്റവും അധികം മദ്യം വിറ്റഴിക്കുന്ന സംസ്ഥാനം കേരളമാണെന്നും ആളോഹരി വിഹിതം എട്ടുലിറ്റര്‍ ആണെന്നും വാര്‍ത്തയിലുണ്ട്‌.

യുകെയില്‍നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ദ ടെലിഗ്രാഫ്‌ കോവളത്തിന്റെ ചിത്രമാണ്‌ ബാര്‍ നിരോധന വാര്‍ത്തയ്‌ക്കൊപ്പം കൊടുത്തിരിക്കുന്നത്‌. മദ്യമില്ലാത്ത ഉല്ലാസദിനങ്ങളായിരിക്കും ഇനി കേരളത്തിലേതെന്ന്‌ പത്രം പറയുന്നു. ഇന്ത്യയിലെ ദേശീയ ശരാശരിയേക്കാള്‍ നാലിരട്ടിയാണ്‌ കേരളത്തിലെ മദ്യഉപയോഗം എന്നും ഇന്ത്യയില്‍ മദ്യം നിരോധിച്ചിരിക്കുന്ന ആറ്‌ സംസ്ഥാനങ്ങളില്‍ ഒന്നായിരിക്കും കേരളം എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
കേരളത്തിലെ ബിസിനസുകാര്‍ മദ്യവില്‍പ്പന നിയന്ത്രിക്കാനുള്ള തീരുമാനത്തില്‍ ഖിന്നരാണെന്നും ടൂറിസം രംഗത്തെ കാര്യമായി ബാധിക്കുമെന്നും പഫിംഗ്‌ടണ്‍ പോസ്‌റ്റ്‌ പറയുന്നു.

'ദ ഡ്രിങ്ക്‌ ബിസിനസ'്‌ എന്ന സൈറ്റില്‍ ബിബിസിയെ ഉള്‍ക്കൊണ്ട്‌ പ്രത്യേക വാര്‍ത്ത പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ കായല്‍പ്പരപ്പുകളില്‍ ഇനി മദ്യം ഇല്ല എന്നും ചിത്രം സഹിതം വാര്‍ത്തയിലുണ്ട്‌.