Breaking News

Trending right now:
Description
 
Aug 25, 2014

മലയാളികളുടെ വഴിമുടക്കുന്നത്‌ നമ്മള്‍തന്നെയെന്നതു കഷ്ടംതന്നെ

image ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ്‌ അസോസിയേഷന്‍ (അമ്മ) സംഘടിപ്പിച്ച സിഡ്‌നി കലോത്സവം ഓസ്‌ട്രേലിയന്‍ മലയാളികളുടെ കൂട്ടായ്‌മയുടെ തെളിവായി. കലോത്സവത്തോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിച്ച മത്സരങ്ങളില്‍ ആവേശത്തോടെയാണ്‌ പുതിയ തലമുറയടക്കമുള്ളവര്‍ സ്വീകരിച്ചത്‌. 

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ്‌ കോണ്‍സല്‍ അരവിന്ദ്രം ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പല തലമുറകളിലെ പ്രവാസി മലയാളികളുടെ കൂട്ടായ്‌മയായിരുന്നു. കലാ കായിക വളര്‍ച്ചയ്‌ക്കുതകുന്ന മത്സരങ്ങള്‍ക്കു പുറമെ മലയാളഭാഷയേയും സംസ്‌കാരത്തേയും പുതിയ തലമുറയ്‌ക്കു പരിചയപ്പെടുത്താനും സ്‌നേഹം വളര്‍ത്താനും വിവിധ കലാകായിക പരിപാടികള്‍ സഹായകമായി. 

ഇതിനുമപ്പുറം മലയാളത്തിന്റെ രുചി നിറഞ്ഞ ഭക്ഷ്യമേള സിഡ്‌നി കലോത്സവത്തിന്‌ മാറ്റുകൂട്ടി. 

ഇത്തരമൊരു കലോത്സവം അതും മറുനാട്ടില്‍ സംഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാത്തരം വൈഷമ്യങ്ങളും കടന്നാണ്‌ സംഘാടകര്‍ വിജയത്തിലേയ്‌ക്ക്‌ എത്തിച്ചതെന്നത്‌ എടുത്തു പറയേണ്ട കാര്യമാണ്‌. പൂര്‍ണസമയം പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും സമയമുണ്ടാകാതിരുന്നിട്ടും കലോത്സവത്തിനായി ഉറക്കമിളച്ച്‌ ചിട്ടയോടെ പരിപാടികള്‍ നടത്താന്‍ സംഘാടകര്‍ക്കായി.

മലയാളികള്‍ക്കിടയിലെ ഒത്തൊരുമയ്‌ക്ക്‌ വഴിതെളിക്കുന്ന ഇത്തരം പരിപാടികള്‍ കണ്ടില്ലെന്നു നടിക്കുന്ന ഒരു കൂട്ടര്‍ നമ്മുടെയിടയില്‍തന്നെ ഉണ്ടെന്നത്‌ തിരിച്ചറിയപ്പെടേണ്ടതാണ്‌. സിഡ്‌നി കലോത്സവത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും ഒളിയമ്പുകളെയ്യാന്‍ മലയാളികളില്‍ ചിലര്‍ തന്നെ കച്ചകെട്ടിയിറങ്ങി എന്നുവേണം മനസിലാക്കാന്‍. ചില സംഘടനകളെയും സമൂഹങ്ങളെയും കലോത്സവത്തില്‍നിന്ന്‌ അകറ്റിനിര്‍ത്താന്‍ ചിലര്‍ കുത്സിതശ്രമമുണ്ടായി. ഇത്‌ അത്യന്തം നീചമായ പ്രവര്‍ത്തിയാണെന്നു പറയാതെ വയ്യ. 

നാട്ടില്‍നിന്ന്‌ അകന്നു കഴിയുന്ന ഒരു സമൂഹം എല്ലാത്തരം അഭിപ്രായവ്യത്യാസങ്ങളും മറന്ന്‌ ഒന്നിച്ചു നില്‍ക്കാന്‍ കഴിയണം. അതിനുകഴിയുന്നില്ലെങ്കില്‍ പാരവയ്‌ക്കാതിരിക്കാനെങ്കിലും ശ്രമിക്കണം. പരിപാടിയില്‍ പങ്കെടുക്കുന്നതും പങ്കെടുക്കാത്തതും വ്യക്തിപരമായ തീരുമാനമായിരിക്കാം. എന്നാല്‍, മറ്റുള്ളവര്‍ പോകരുത്‌ എന്നു പ്രേരിപ്പിക്കുമ്പോഴാണ്‌ അത്‌ പാരവയ്‌പ്പായി മാറുന്നത്‌.