Breaking News

Trending right now:
Description
 
Aug 23, 2014

ജനറല്‍ ആശുപത്രിയിലെ ഒരു മാസത്തെ ഭക്ഷണം മോഹന്‍ലാല്‍ സ്‌പോണ്‍സര്‍ ചെയ്യും; ബ്രാന്‍ഡ്‌ അംബാസിഡറായി റിമ കല്ലിങ്കല്‍

ജനറല്‍ ആശുപത്രി ഡയറ്ററി കിച്ചണ് 50 ലക്ഷത്തിന്റെ സഹായവര്‍ഷം
image കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ദിനംപ്രതി എത്തുന്ന രോഗികള്‍ക്ക് സൗജന്യമായി പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് സമൂഹത്തിന്റെ വിവിധ ഭഗങ്ങളില്‍ നിന്നും സഹായവര്‍ഷം. ഒറ്റ ദിവസം കൊണ്ട് 50 ലക്ഷം രൂപയിലേറെയാണ് ഡയറ്ററി കിച്ചണ്‍, ഡയാലിസിസ് യൂണിറ്റ്, ക്യാന്‍സര്‍ ചികിത്സ തുടങ്ങിയവയ്ക്കായി ലഭിച്ചത്. നടന്‍ മോഹന്‍ലാലിന്റെ വകയായി ഡയറ്ററി യൂണിറ്റിലേക്ക് ഒരു മാസത്തെ ചെലവായി 10 ലക്ഷം രൂപയോളം നല്‍കുമെന്ന് പി.രാജീവ് എം.പിയെ അദ്ദേഹം അറിയിച്ചു. ഡയറ്ററി അടുക്കളയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നലെ ജനറല്‍ ആശുപത്രിയില്‍ വിളിച്ചുചേര്‍ത്ത സ്‌പോണ്‍സേഴ്‌സ് മീറ്റിലാണ് സഹായഹസ്തവുമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നത്. വിവിധ ഇടങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായ വാഗ്ദാനം ഏറെ പ്രശംസനീയമാണെന്ന് എം.പിമാരായ പി.രാജീവ്, പ്രൊഫ.കെ.വി.തോമസ് എന്നിവര്‍ പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ ഹബ്ബായി മാറുന്ന കൊച്ചിക്ക് ഏറെ അഭിമാനം നല്‍കുന്ന ആശുപത്രിയാണ് എറണാകുളം ജനറല്‍ ആശുപത്രിയെന്ന് കെ.വി.തോമസ് എം.പി പറഞ്ഞു. ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തുന്ന കാമ്പയിനിന്റെ ബ്രാന്റ് അംബാസിഡറായി ചലചിത്ര താരം റിമ കല്ലിങ്കല്‍ തയാറാണെന്ന് അറിയച്ചതായി പി.രാജീവ് എം.പി പറഞ്ഞു. വിവാഹങ്ങള്‍, ഓര്‍മ ദിനങ്ങള്‍, പിറന്നാള്‍ ദിനങ്ങള്‍ തുടങ്ങിയ ദിനങ്ങളില്‍ ജനറല്‍ ആശുപത്രി ഡയറ്ററി കിച്ചണിനു ഒരു ദവസത്തെ ചെലവ് സഹായമായി ലഭ്യമാക്കുന്ന തരത്തില്‍ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് എം.പിയുടെ നേതൃത്വത്തില്‍ നോമിനേറ്റഡ് എം.പിമാരുടെ സഹായത്തോടെ ആശുപത്രിയില്‍ സ്ഥാപിക്കുന്ന നൂതന ക്യാന്‍സര്‍ ചികിത്സ ഉപകരണമായ ലീനിയര്‍ ആക്‌സിലറേറ്റിനായി ഹൈബി ഈഡന്‍ എം.എല്‍.എ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.
ബി.പി.സി.എല്‍, കൊച്ചിന്‍ റിഫൈനറി, കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, വിവിധ ബാങ്കുകള്‍, വ്യാപാര വ്യവസായ സമിതി, എറണാകുളം കരയോഗം, ജോയ് ആലുക്കാസ്, നിറപറ, ജിയോജിത്, ലയണ്‍സ്, റോട്ടറി ക്ലബ്ബുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 60ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. ഡയറ്ററി കിച്ചണിന്റെ പ്രവര്‍ത്തനം മികച്ചതാക്കുന്നതിന്റെ ഭാഗമായി നടന്ന യോഗത്തില്‍ സി.എം.ആര്‍.എല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.ഡി.ശരണ്‍ അഞ്ച് ലക്ഷം രൂപ ജില്ല കളക്ടര്‍ക്ക് കൈമാറി ആദ്യ സഹായം വാഗ്ദാനം ചെയ്തു. ജോയ് ആലുക്കാസിന്റെ സാമൂഹിക പ്രതിബന്ധത മുന്‍ നിര്‍ത്തി ഒരു മാസം ഒരു ലക്ഷം രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 12 ലക്ഷം രൂപ ജനറല്‍ ആശുപത്രിക്ക് കൈമാറുമെന്ന് ജോയ് ആലുക്കാസ് പ്രതിനിധി അറിയിച്ചു. ഇതില്‍ 50,000 രൂപ ഡയാലിസിസിനും 50,000 രൂപ ഡയറ്ററി കിച്ചണ്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡയറ്ററി കിച്ചണിന്റെ ഒരു മാസത്തെ ചെലവ് പൂര്‍ണമായും വഹിക്കാമെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രതിനിധി അറിയിച്ചു. ജനറല്‍ ആശുപത്രിയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായങ്ങളും ലഭ്യമാക്കാന്‍ തയാറാണെന്നും പ്രതിനിധി അറിയിച്ചു.


ജനറല്‍ ആശുപത്രിയിലെ ഡയറ്ററി കിച്ചണുമായി ബന്ധപ്പെട്ടുള്ള ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ സൗജന്യമായി ചെയ്തു നല്‍കുന്നതിന് തായാറാണെന്ന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് സംഘടനയുടെ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. വിനായക കാറ്റേര്‍സ് ഉടമ വിനായക സ്വാമി രണ്ട് ലക്ഷം രൂപയും യോഗത്തില്‍ കളക്ടര്‍ക്ക് കൈമാറി.


മൂന്ന് വര്‍ഷം മുമ്പ് പി.രാജീവ് എം.പിയുടെ നേതൃത്വത്തിലാണ് ഡയറ്ററി കിച്ചണ്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്നത്തെ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് തുടക്കം കുറച്ചത്. പി.രാജീവ് എം.പിയുടെ വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപയും കൊച്ചിന്‍ ഷിപ്‌യാര്‍ഡ് നല്‍കിയ സഹായവും ഉപയോഗിച്ചാണ് ഡയറ്ററി കിച്ചണ്‍ ആരംഭിച്ചത്. പിന്നീടുള്ള ദൈനംദിന ചെലവുകളെല്ലാം സ്‌പോണ്‍സര്‍മാരില്‍ നിന്നും കണ്ടെത്തി. ഒരു ദിവസം 25,000 രൂപയാണ് പ്രതീക്ഷിത ചെലവ്.

രണ്ടായിരത്തിനും 2500നും ഇടയ്ക്ക് രോഗികള്‍ ഒ.പി വിഭാഗത്തിലെത്തുന്ന ജനറല്‍ ആശുപത്രിയില്‍ 80നും 100 നും ഇടയ്ക്ക് രോഗികള്‍ അഡ്മിറ്റാകുന്നുണ്ട്. എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ നേടിയ സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ ആശിപത്രി, മികച്ച പ്രവര്‍ത്തനം നടത്തിയതിനുള്ള ഫിക്കിയുടെ അംഗീകാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകളും ആശുപത്രി കരസ്ഥമാക്കിയിട്ടുണ്ട്. 10 മെഷീനുകളുമായി 2012ല്‍ ആരംഭിച്ച ഡയാലിസിസ് യൂണിറ്റില്‍ നിലവില്‍ 23 മെഷീനുകളാണുള്ളത്. 120 പേര്‍ക്ക് സൗജന്യ നിരക്കില്‍ സേവനം നല്‍കുന്നിതനു വര്‍ഷം 57.60 ലക്ഷം രൂപയാണ് ചെലവ്. തെറാപ്യൂട്ടിക് ഡയറ്ററി വകുപ്പിന്റെ ബ്രാന്റ് അംബാസിഡറായി റിമ കല്ലിങ്കലിനെ യോഗത്തില്‍ പ്രഖ്യാപിച്ചു.


ചലചിത്രതാരം ജയസൂര്യ, ഹൈബി ഈഡന്‍ എം.എല്‍.എ, ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, ഡോ.എം.ഐ.ജുനൈദ് റഹ്മാന്‍, ഡി.എം.ഒ ഡോ.ഹസീന മുഹമ്മദ്, ആശുപത്രി സൂപ്രണ്ട് ഡോ.പി.ജി.ആനി തുടങ്ങിയവര്‍ പങ്കെടുത്തു.