Breaking News

Trending right now:
Description
 
Aug 21, 2014

വനിതാസംവരണബില്‍ പാസാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും: സോണിയ

image വനിതാ സംവരണ ബില്‍ എത്രയും വേഗം പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാരിനു മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുമെന്നു യുപിഎ അധ്യക്ഷ സോണിയഗാന്ധി പറഞ്ഞു. ഇതിനായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്‍ പാസാക്കുവാന്‍ ശക്തമായി അവശ്യപ്പെടും. യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ വനിതാ ബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ കടുത്ത ഖേദമുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. രാജ്യസഭയില്‍ എതിര്‍പ്പുകളെ അതിജീവിച്ചു പാസാക്കിയ ബില്‍ സഖ്യകക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ ലോക്‌സഭയില്‍ പാസാക്കാന്‍ കഴിയാതെവന്നത്‌. ബിജെപി നെയ്‌ത മിഥ്യാ സ്വപ്‌നങ്ങളുടെ കെണിയിലകപ്പെടുകയായിരുന്നു ജനങ്ങളെന്നു സോണിയ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ എഴുപതാം ജന്മദിനത്തില്‍ മഹിളാ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. യുപിഎ ചെയ്‌ത നല്ല കാര്യങ്ങള്‍ വിസ്‌മരിക്കപ്പെടുകയായിരുന്നു. കള്ളവാഗ്‌ദാനങ്ങള്‍ നല്‍കിയവരുടെ കെണിയില്‍ ജനങ്ങള്‍ അകപ്പെട്ടു. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നവര്‍ അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ തന്നെ പദ്ധതികളാണു നടപ്പാക്കുന്നത്‌. വഴി ദുര്‍ഘടമാണെങ്കിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവുണ്ടാവുകതന്നെ ചെയ്യുമെന്നു സോണിയ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്‌ എത്തിയതു മുതല്‍ രാജീവ്‌ ഗാന്ധി ഊന്നല്‍ കൊടുത്തത്‌ സ്‌ത്രീ ശാക്തീകരണത്തിനായിരുന്നു. നിയമനിര്‍മാണ സഭകളില്‍ സ്‌ത്രീകള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന്‌ രാജീവ്‌ ആഗ്രഹിച്ചിരുന്നു. രാജ്യത്തെ പകുതി ആളുകള്‍ മാത്രം വിചാരിച്ചാല്‍ വികസനക്കുതിപ്പ്‌ ഉണ്ടാകില്ലെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. സ്‌ത്രീ ശാക്തീകരണത്തിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്‌തു. പക്ഷേ അദ്ദേഹത്തിന്റെ മരണത്തിനുശേഷം ആരും തന്നെ ആ പ്രശ്‌നം ഏറ്റെടുത്തില്ലെന്നും സോണിയ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനു സ്‌ത്രീ ശാക്തീകരണം അത്യാവശ്യ ഘടകമാണെന്നു പരിപാടിയില്‍ സംസാരിച്ച കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചൂണ്ടിക്കാട്ടി. മഹിളാകോണ്‍ഗ്രസ്‌ അധ്യക്ഷ ശോഭ ഓജയും ഉപാധ്യക്ഷ ബിന്ദു കൃഷ്‌ണയുമാണ്‌ പതിനായിരത്തോളം വനിതാ പ്രതിനിധികള്‍ പങ്കെടുത്ത ദേശീയ സമ്മേളനത്തിനു ചുക്കാന്‍ പിടിച്ചത്‌.