Breaking News

Trending right now:
Description
 
Aug 17, 2014

ഇന്ദിരാഗാന്ധിയുടെ കൊലയാളികളെക്കുറിച്ചുള്ള സിനിമ സംഘര്‍ഷമുണ്ടാക്കുമെന്ന്‌ ഇന്റലിജന്‍സ്‌

image രവീന്ദര്‍ രവി തിരക്കഥയും സംവിധാനവും നടത്തുന്ന പഞ്ചാബി ചലച്ചിത്രം കൗംദേ ഹീരേ (സമുദായത്തിന്റെ മുത്തുകള്‍) ഉത്തരേന്ത്യയില്‍ ചില സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുമെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോയുടെ മുന്നറിയിപ്പ്‌. ചിത്രത്തിലെ പല രാഷ്ട്രീയ പരാമര്‍ശങ്ങളും വിവാദമുണ്ടാക്കാമെന്നും ചിലയിടങ്ങളില്‍ സംഘര്‍ത്തിനിടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലയാളികളെക്കുറിച്ചുള്ള കഥയാണ്‌ ചിത്രം പറയുന്നത്‌. സെന്‍സര്‍ബോര്‍ഡ്‌ പല തവണ തടസങ്ങള്‍ ഉന്നയിച്ചുവെങ്കിലും ചിലഭാഗങ്ങള്‍ തിരുത്തിയും ചിലത്‌ വെട്ടിമാറ്റിയും ഒടുവില്‍ പ്രദര്‍ശനാനുമതി നേടിയെടുക്കുകയായിരുന്നു. ചിത്രം പുറത്തിറങ്ങുംമുമ്പേയാണ്‌ വിവാദം ഉയര്‍ന്നിരിക്കുന്നത്‌. ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരായിരുന്ന ബിയാന്ത്‌ സിങ്‌, സത്‌ വന്ത്‌ സിങ്‌ എന്നിവരുടെയും ഇവരെ സഹായിച്ചതിന്‌ ശിക്ഷിക്കപ്പെട്ട പൊലീസുകാരന്‍ കേഹാര്‍ സിങ്ങിന്റെയും കഥയാണ്‌ രവീന്ദര്‍ രവി പറയുന്നത്‌. സത്‌ വന്ത്‌ സിങും കാമുകി സുരീന്ദര്‍ കൗറുമായുള്ള പ്രണയവും ചിത്രത്തില്‍ പ്രധാനമായി ആവിഷ്‌കരിച്ചിട്ടുണ്ട്‌. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ നടന്ന ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനും തുടര്‍ന്ന്‌ ഈ അംഗരക്ഷകര്‍ ഇന്ദിരാഗാന്ധിക്ക്‌ എതിരേ തിരിഞ്ഞതും ചിത്രത്തില്‍ പറയുന്നു. 1984 ഒക്ടോബര്‍ 31നാണ്‌ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്‌.