Breaking News

Trending right now:
Description
 
Aug 16, 2014

ഒറ്റയാള്‍ കമ്പനികള്‍ കേരളത്തില്‍ ഇതുവരെ ആറെണ്ണം

ഫയലിംഗ്‌ നടത്താത്ത കമ്പനികള്‍ക്ക്‌ പിഴയില്‍ 75 ശതമാനം ഫീ ഇളവ്‌
image കൊച്ചി: പുതിയ കമ്പനി നിയമം നടപ്പിലായതോടെ കേരളത്തിലും ഒറ്റയാള്‍ കമ്പനികള്‍ യാഥാര്‍ത്ഥ്യമായി. ഇതുവരെ കേരളത്തില്‍ ആറ്‌ 'വണ്‍ പേഴ്‌സണ്‍ കമ്പനി'കള്‍ (ഒപിസി) രജിസ്റ്റര്‍ ചെയ്‌തുവെന്ന്‌ കേരളത്തിലെ ഡപ്യൂട്ടി രജിസ്‌ട്രാര്‍ ഓഫ്‌ കമ്പനീസ്‌ വി.ഇ. ജോസുകുട്ടി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യയുടെ കൊച്ചിന്‍ ചാപ്‌റ്ററും ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ ഓഫ്‌ ഇന്ത്യയുടെ കൊച്ചി ചാപ്‌റ്ററും ചേര്‍ന്ന്‌ എറണാകുളം ജഡ്‌ജസ്‌ അവന്യൂവിലെ ഫ്രൈഡേ ക്ലബില്‍ സംഘടിപ്പിച്ച ഇന്‍വെസ്‌റ്റര്‍ അവയര്‍നെസ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ജോസുകുട്ടി. ഡയറക്ടറായും നിക്ഷേപകനായും ഒരാള്‍ മതിയെന്നതാണ്‌ ഒപിസികളുടെ മെച്ചം. കേരളത്തില്‍ കൂടുതല്‍ ഒപിസികള്‍ രജിസ്റ്റര്‍ ചെയ്യാനായി മുന്നോട്ടുവന്നിട്ടുണ്ടെന്നും ജോസുകുട്ടി പറഞ്ഞു.

പുതിയ സംരംഭകര്‍ക്ക്‌, പ്രത്യേകിച്ച്‌ സ്റ്റാര്‍ട്ടപ്‌ കമ്പനികള്‍ക്ക്‌ ഏറെ ഗുണകരമാകുന്ന രീതിയില്‍ പത്തുലക്ഷം രൂപ വരെ അംഗീകൃത മൂലധനമുള്ള കമ്പനികള്‍ക്ക്‌ ഫീസും സ്റ്റാമ്പ്‌ഡ്യൂട്ടിയും 36,000 രൂപയില്‍നിന്ന്‌ 6000 രൂപയായി കുറച്ചിട്ടുണ്ട്‌.

പുതിയ കമ്പനീസ്‌ നിയമം 2014 ഏപ്രില്‍ ഒന്നിന്‌ നടപ്പായതിനു ശേഷം ജൂലൈ മാസത്തില്‍ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ മികച്ച വളര്‍ച്ച നേടി. 174 കമ്പനികളും 40 ലിമിറ്റഡ്‌ ലയബിലിറ്റി പാര്‍ട്‌ണര്‍ഷിപ്പുകളുമാണ്‌ (എല്‍എല്‍പി) കേരളത്തില്‍ ജൂലൈയില്‍ രജിസ്റ്റര്‍ ചെയ്‌തതത്‌. എന്നാല്‍, ജൂണില്‍ ആകെ 148 കമ്പനികളും 31 എല്‍എല്‍പികളുമായിരുന്നു രജിസ്റ്റര്‍ ചെയ്‌തിരുന്നത്‌.

കൃത്യമായ ഫയലിംഗ്‌ നടത്താത്ത കമ്പനികള്‍ക്കായി ഓഗസ്‌റ്റ്‌ പതിനഞ്ചു മുതല്‍ ഒക്ടോബര്‍ പതിനഞ്ചുവരെ കമ്പനി ലോ സെറ്റില്‍മെന്റ്‌ സ്‌കീം (സിഎല്‍എസ്‌എസ്‌) നടപ്പിലാക്കുകയാണെന്ന്‌ ജോസുകുട്ടി അറിയിച്ചു. ഫയലിംഗ്‌ വൈകിയതിന്റെ പേരില്‍ അടയ്‌ക്കേണ്ട അധിക ഫീസിന്റെ 75 ശതമാനം വരെ ഇക്കാലയളവില്‍ ഇളവു ലഭിക്കും. മൂന്നു മാസത്തിനകം ഇഫോം സിഎല്‍എസ്‌എസ്‌-2014-ല്‍ ഇമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്‌ അപേക്ഷ നല്‌കാം. എല്ലാത്തരം പ്രോസിക്യൂഷന്‍ നടപടികളും ഒഴിവായിക്കിട്ടും. പ്രവര്‍ത്തനം തുടരാന്‍ താത്‌പര്യമില്ലാത്ത കമ്പനികള്‍ക്ക്‌ ഈ പദ്ധതിയനുസരിച്ച്‌ അടയ്‌ക്കേണ്ട ഫീസിന്റെ 25 ശതമാനം മാത്രം അടച്ച്‌ നടപടികള്‍ പൂര്‍ത്തിയാക്കാം. കേരളത്തില്‍ ഏതാണ്ട്‌ 8000 കമ്പനികളാണ്‌ ഇത്തരത്തില്‍ പിഴവ്‌ വരുത്തിയിരിക്കുന്നതെന്നും ഈ പദ്ധതി പ്രയോജനപ്പെടുത്താത്ത കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ജോസുകുട്ടി പറഞ്ഞു. 800 കമ്പനികളാണ്‌ ഇപ്പോള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്കു വിധേയമായിരിക്കുന്നത്‌.

നിക്ഷേപകര്‍ക്ക്‌ പൂര്‍ണ സംരക്ഷണം ഉറപ്പാക്കുന്നതിനായി നൂറു കോടി രൂപയില്‍ കുറവ്‌ ആസ്‌തിയും 500 കോടി രൂപയില്‍ കുറഞ്ഞ വിറ്റുവരവുമുള്ള കമ്പനികള്‍ക്ക്‌ പൊതുജനങ്ങളില്‍നിന്ന്‌ നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ല. ഇന്‍ഷ്വറന്‍സും നിര്‍ബന്ധിത സുരക്ഷയും മികച്ച ക്രെഡിറ്റ്‌ റേറ്റിംഗും പൊതു ഫണ്ടുകള്‍ സ്വീകരിക്കുന്നതിന്‌ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. ഏതെങ്കിലും രീതിയില്‍ പൊതുജനങ്ങളില്‍നിന്ന്‌ നിക്ഷേപം സ്വീകരിച്ചിട്ടുള്ള കമ്പനികള്‍ ഓഗസ്‌റ്റ്‌ 31-നു മുമ്പായി രജിസ്‌ട്രാര്‍ ഓഫ്‌ കമ്പനീസിനെ അറിയിക്കേണ്ടതാണ്‌. ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം തിരിച്ചുനല്‌കണം. വീഴ്‌ച വരുത്തുന്നവര്‍ക്ക്‌ പത്തുകൊടി രൂപ വരെ പിഴയും ഡയറക്ടര്‍മാര്‍ക്ക്‌ ജയില്‍ശിക്ഷയും ലഭിക്കാവുന്നതാണെന്ന്‌ ജോസുകുട്ടി ചൂണ്ടിക്കാട്ടി.

പ്രൈവറ്റ്‌ പ്ലേയ്‌സ്‌മെന്റ്‌ വഴിയായി കമ്പനികള്‍ ഓഹരികള്‍ നല്‌കി പണം സ്വീകരിക്കുന്നതും നിരീക്ഷിക്കുന്നുണ്ട്‌. രണ്ടുകോടി രൂപയാണ്‌ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പിഴ. ഓഹരി അപേക്ഷയ്‌ക്ക്‌ എന്ന പേരില്‍ പണം സ്വീകരിക്കുകയും എന്നാല്‍ ഓഹരി അനുവദിക്കാതിരിക്കുകയും ചെയ്‌ത ആയിരത്തിലധികം കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിച്ചുവരികയാണെന്ന്‌ ഡപ്യൂട്ടി രജിസ്‌ട്രാര്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ അനധികൃതമായി സ്വീകരിച്ച പണം തിരികെ നല്‌കുന്നതിനായി കമ്പനികള്‍ക്ക്‌ നോട്ടീസ്‌ അയച്ചുകഴിഞ്ഞു.

അഞ്ഞൂറ്‌ കോടി രൂപയില്‍ കൂടുതല്‍ വിലമതിക്കുന്നതോ ആയിരം കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ളതോ അഞ്ചു കോടിയില്‍ കൂടുതല്‍ അറ്റാദായം നേടുന്നതോ ആയ കമ്പനികള്‍ അറ്റാദായത്തിന്റെ രണ്ടു ശതമാനം നിര്‍ബന്ധമായും കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്‌ആര്‍) കാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടതാണ്‌. കേരളത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന 200 കമ്പനികളുടെ മൊത്തം അറ്റാദായം 7500 കോടി രൂപയാണ്‌. ഇതില്‍ 150 കോടി രൂപ സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ക്കായി ഓരോ വര്‍ഷവും ചെലവഴിക്കാനാകുമെന്നും ജോസുകുട്ടി പറഞ്ഞു.

ഐസിഎസ്‌ഐ കൊച്ചി ചാപ്‌റ്റര്‍ ചെയര്‍മാന്‍ പി. ശിവകുമാര്‍, പിഎംഎസ്‌ മാനേജര്‍ കെ. മനോജ്‌കുമാര്‍ ഐസിഎഐ കൊച്ചിന്‍ ചാപ്‌റ്റര്‍ ചെയര്‍മാന്‍ സിഎംഎ പത്മനാഭന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.