Breaking News

Trending right now:
Description
 
Aug 13, 2014

ഷീല തോമസിനെ എഎന്‍ആര്‍പിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

image റബര്‍ ഉത്‌പാദക രാജ്യങ്ങളുടെ രാജ്യാന്തര സംഘടനയായ എഎന്‍ആര്‍പിസിയുടെ (അസോസിയേഷന്‍ ഓഫ്‌ നാച്വറല്‍ റബര്‍ പ്രൊഡ്യൂസിംഗ്‌ കണ്‍ട്രീസ്‌) സെക്രട്ടറി ജനറലായി റബര്‍ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ ഷീല തോമസ്‌ നിയമിതയായി. മലേഷ്യയിലെ ക്വാലലംപൂര്‍ ആണ്‌ സംഘടനയുടെ ആസ്ഥാനം. അടുത്ത മാസം അവര്‍ ചുമതലയേല്‍ക്കും. കമ്പോഡിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, പപ്പുവ-ന്യൂഗിനി, ഫിലിപ്പീന്‍സ്‌, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്‌, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ്‌ എഎന്‍ആര്‍പിസിയില്‍ അംഗങ്ങളായിട്ടുള്ളത്‌. ഷീല തോമസ്‌ 2011 മുതല്‍ റബര്‍ബോര്‍ഡ്‌ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുന്നു. മുന്‍മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഈ കാലയളവിലാണു കേന്ദ്ര ഡെപ്യൂട്ടേഷന്‍ വഴി റബര്‍ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെത്തിയത്‌. ഷീല തോമസിന്റെ കാലത്ത്‌ റബര്‍ ബോര്‍ഡ്‌ നിരവധി പദ്ധതികള്‍ക്കു തുടക്കം കുറിച്ചു. കേന്ദ്ര, സംസ്ഥാനതലങ്ങളില്‍ നിരവധി പ്രധാനപദവികള്‍ അലങ്കരിച്ചശേഷമാണു ഷീല തോമസ്‌ അന്തര്‍ദേശീയതലത്തിലേക്കു മാറുന്നത്‌. റബര്‍ ബോര്‍ഡ്‌ മുന്‍ചെയര്‍പേഴ്‌സണ്‍ ജെ. ലളിതാംബികയാണ്‌ ഇതിനു മുമ്പു ഈ പദവിയിലെത്തിയിട്ടുള്ളത്‌. നന്നേ ചെറുപ്പത്തിലേ പിതാവ്‌ തോമസിനെ നഷ്‌ടപ്പെട്ട ഷീലയെ വളര്‍ത്തിയതു അമ്മ ആച്ചിയമ്മയായിരുന്നു. ഭര്‍ത്താവ്‌ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ കെ.ജെ. ജേക്കബ്‌ പ്ലാന്ററാണ്‌. മക്കള്‍: രഞ്‌ജു ജേക്കബ്‌ (കുവൈറ്റ്‌), ദീപു ജേക്കബ്‌ (മുംബൈ).