Breaking News

Trending right now:
Description
 
Aug 11, 2014

ചാവറയച്ചന്റെ ഇടയനാടകങ്ങള്‍ പുസ്തകത്തിലും അരങ്ങിലും എത്തുന്നു

തോമസ് മത്തായി കരിക്കംപള്ളില്‍
image മലയാള ഭാഷയ്ക്ക് അംഗീകാരം
ചാവറയച്ചനിലൂടെ: ഫാ.വള്ളപ്പുരചാവറയച്ചന്‍ എഴുതിയ ഇടയനാടകങ്ങളുടെ പഴമയുടെ പ്രൗഢിയും പുണ്യത്തിന്റെ
പരിശുദ്ധിയും പുനരാവിഷ്‌ക്കരിച്ച് പൊതുസദസിനു മുന്നിലേക്ക്. നാടകങ്ങള്‍
പുസ്തക രൂപത്തിലാക്കി പ്രകാശിപ്പിക്കുകയും നാടകം രംഗത്ത് അവതരിപ്പിക്കുകയും ചെയ്യും.

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും ഫാ. ഫ്രാന്‍സിസ് വള്ളപ്പുര സി.എം.ഐയുംഅന്തര്‍ദേശീയതലത്തില്‍ മലയാള ഭാഷയ്ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ അത്
ചാവറയച്ചന്റെ ഇടയനാടകങ്ങളുടെ ചിറകുകളിലേറിയായിരിക്കുമെന്നു ഇടയനാടകം
കൂടുതല്‍ വായനക്കാരുടേയും കാണികളുടേയും മുന്നില്‍ അവതരിപ്പിക്കാന്‍
പരിശ്രമിക്കുന്ന ഫാ. ഫ്രാന്‍സിസ് വള്ളപ്പുര സി.എം.ഐ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം വിഴിഞ്ഞം കല്ലുവെട്ടാംകുഴി സെന്റ് പീറ്റേഴ്‌സ് കാര്‍മ്മല്‍
ഹൗസ് സൂപ്പീരിയറും നിയമവിദഗ്ധനുമാണ് ഫാ.ഫ്രാന്‍സിസ് വള്ളപ്പുര സി.എം.എ.

ഘോഷിക്കപ്പെടാതെയും ആവിഷ്‌ക്കാരത്തിലെ ചരിത്രപരമായ പ്രാധാന്യം
മനസിലാക്കപ്പെടാതെയും ഇരുന്നതിനാല്‍ വെളിപ്പെടാതെ പോയ ഒരു വലിയ സത്യം
അനാവൃതമാകുകയാണ്. മലയാള നാടക വഴിയില്‍ മാത്രമല്ല, ഇന്ത്യന്‍ ഭാഷാനാടക
രംഗത്തു തന്നെ രചനയുടേയും രംഗാവിഷ്‌ക്കാരത്തിന്റെയും ആദ്യ പാദങ്ങള്‍ക്കു
കേരളത്തിലെ മാന്നാനം കുന്നിന്‍ മുകളിലെ സന്യാസ ആശ്രമത്തിന്റെ
അകത്തളങ്ങളിലിരുന്നുകൊണ്ട് യോഗീതുല്യനായ ചാവറയച്ചന്‍ എന്ന വന്ദ്യവൈദികന്‍
ശ്രമിച്ചുവെന്നു ഇനി ചരിത്രം രേഖപ്പെടുത്താതിരിക്കില്ല.

ആലപ്പുഴയിലെ കൈനകരിയില്‍ ജനിച്ച്, വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്ന
ചാവറ കുര്യാക്കോസ് ഏലിയാസ് (1805 ഫെബ്രുവരി 10 - 1871 ജനുവരി 3) എന്ന
വൈദികന്‍ 1846-നും 1855-നും മധ്യേ മാന്നാനത്തെ സെമിനാരി
വിദ്യാര്‍ഥികള്‍ക്കു വേണ്ടി 12 ഇടയനാടകങ്ങള്‍ (എക്‌ളോഗ് അഥവാ ഷെപ്പേര്‍ഡ്
പ്ലേ) എഴുതുകയും അവ തുടര്‍ച്ചയായി അവതരിപ്പിക്കുകയും
ചെയ്തിരുന്നുവെന്നാണ് ആശ്രമ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ 23-നാണ് ചാവറയച്ചനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നത്.

എക്‌ളോഗ് എന്ന വാക്കിന് ഇടയഗാനം, ഗ്രാമീണ ഗീതം എന്നൊക്കെയാണ് അര്‍ഥം.
ഗ്രാമീണരുടെ ലളിതജീവിതവും അതുനല്കുന്ന ആനന്ദവും എല്ലാമാണ് ഇത്തരം
ഇടയഗീതങ്ങളിലെ പ്രതിപാദ്യം. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന
ഗ്രീക്ക് കവിയായ തീയോക്രിറ്റസ് ആണ് ഇടയകാവ്യങ്ങള്‍ ആദ്യം
രൂപപ്പെടുത്തിയതെന്നു കരുതുന്നു. വിവിധ ഭാഷകളില്‍ പല തരത്തിലുള്ള ഇത്തരം
നാടക രൂപങ്ങള്‍ കാണാം.

ഇന്ത്യന്‍ ഭാഷകളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാത്ത ആദ്യ
നാടകരചനയാണ് ചാവറയച്ചന്റെ ഇടയ നാടകങ്ങള്‍ (1846). ദീനബന്ധു മിശ്ര
1860-ല്‍ എഴുതിയ നീലദര്‍പ്പണ്‍ ആണ് ചരിത്രത്താളുകളില്‍ കാണുന്ന
ആദ്യനാടകം. വലിയകോയിത്തമ്പുരാന്‍ 1882-ല്‍ തര്‍ജമ ചെയ്ത അഭിജ്ഞാന
ശാകുന്തളമോ കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് 1878-ല്‍ ഷെയ്ക്‌സ്പീയറിന്റെ
കോമഡി ഓഫ് എറേഴ്‌സിന്റെ ഭാഷാന്തരമായി എഴുതിയ ആള്‍മാറാട്ടമോ ആണ്
മലയാളത്തിലെ ആദ്യനാടക ശ്രമമെന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്.

ഇടയനാടകങ്ങളിലെ സംഭാഷണങ്ങള്‍ കാവ്യരൂപത്തില്‍ എഴുതിയതിനാലാണ് ചാവറയച്ചന്‍
അവയെ എക്‌ളോഗ്് എന്ന വിഭാഗത്തില്‍പ്പെടുത്തിയത്. കണ്ടെടുത്ത കൈയെഴുത്തു
പ്രതികളില്‍ ഒന്നിലെ കഥാപാത്രങ്ങള്‍ വിശ്വാസം, ശരണം, ഉപവി എന്നിവയാണ്.
അമൂര്‍ത്തമായ ഇവയ്ക്ക് രംഗവേദിയില്‍ കഥാപാത്രങ്ങളായി ജീവന്‍
നല്കിയിരിക്കുകയാണ്. ആട്ടിടയന്‍മാരല്ല ഇതിലെ കഥാപാത്രങ്ങള്‍.

ഇടയനാടകങ്ങളെ എക്‌ളോഗ് എന്ന ശ്രേണിയിലാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും ഇടയനാടകങ്ങളുടെ ആഖ്യാനരീതികളില്‍
നിന്നു വ്യത്യസ്തമായിട്ടാണ് ഇതിന്റെ രചന. മനുഷ്യന്റെ നിത്യരക്ഷയാണ് ഇതിലെ
പ്രമേയം. മധ്യകാലഘട്ടത്തില്‍ തന്നെ പ്രചാരത്തിലിരുന്ന ബോധകപ്രവൃത്തിപരവും
ധര്‍മ്മശാസ്ത്രപരവുമായിരുന്ന സന്മാര്‍ഗ (മൊറാലിറ്റി) നാടകങ്ങളോടാണ് ഈ
നാടകത്തിനു സാദൃശ്യം. മനുഷ്യനെ നന്മയിലേക്കു നയിക്കുകയാണ് ഈ നാടകങ്ങളുടെ
ലക്ഷ്യം.

കേരളത്തില്‍ പുതപ്പു നാടകം എന്ന ഓമനപ്പേരിട്ടു വിളിച്ചിരുന്ന
ഇടയനാടകങ്ങള്‍ ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ ചിന്തിപ്പിക്കാന്‍
തുടങ്ങിയതില്‍ സി.എം.ഐ സഭയ്ക്കുള്ള പങ്ക് ഏറെയാണ്. വേഷസംവിധാനത്തിനു പഴയ
പുതപ്പുകള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു എന്നതിനാലാണ് ഈ പേരു ലഭിച്ചത്.
കേരള സാഹിത്യ നേതൃനിരയിലെ ഒരു കൂട്ടം ആളുകള്‍ ഇടയനാടകങ്ങളെക്കുറിച്ചു
ശാസ്്ത്രീയമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാന്‍
തുടങ്ങിയിട്ടുണ്ട്. ചാവറയച്ചന്‍ പുണ്യപദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍
ലളിതമായ പുതപ്പുനാടകത്തിനും ഒരു പുണ്യപരിവേഷം ലഭിക്കും.

തിരുവനന്തപുരം വിഴിഞ്ഞം സെന്റ് പീറ്റേഴ്‌സ് കാര്‍മ്മല്‍ ഹൗസില്‍ 2014
ഓഗസ്റ്റ് 17-ന് ഞായറാഴ്ച വൈകുന്നേരം 5.30-ന് കേരള സാഹിത്യ അക്കാദമി
തയാറാക്കിയ 'ചാവറയച്ചന്റെ ഇടയനാടകങ്ങള്‍' പുസ്തക പ്രകാശനം
ജി.കാര്‍ത്തികേയന്‍ നിര്‍വഹിക്കും. കാവാലം നാരായണ പണിക്കര്‍ നാടകാവതരണ
ഉദ്ഘാടനം നടത്തും, ഇടയനാടകങ്ങളും ചാവറയച്ചനും എന്ന വിഷയത്തില്‍ അക്കാദമി
വൈസ് ചെയര്‍മാന്‍ ടി.എം.ഏബ്രഹാം പ്രഭാഷണം നടത്തും. സി.എം.ഐ
വിദ്യാഭ്യാസ-സാംസ്‌കാരിക സെക്രട്ടറി ഫാ.സെബാസ്റ്റ്യന്‍ തെക്കേടം സി.എം.ഐ
അധ്യക്ഷത വഹിക്കും. വിഴിഞ്ഞം സെന്റ് പീറ്റേഴ്‌സ് കലാസംഘം അരങ്ങില്‍
അവതരിപ്പിക്കുന്ന ഇടയനാടകങ്ങള്‍ ടി.വി.സാംബശിവന്‍ സംവിധാനം ചെയ്യും.
ഫാ.ഫ്രാന്‍സിസ് വള്ളപ്പുര സി.എം.ഐയാണ് നിര്‍മാണം.


(പത്രപ്രവര്‍ത്തകനും സി.എം.ഐ സഭയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന
കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) പ്രസിഡന്റുമാണ്
ലേഖകന്‍. ഇ-മെയില്‍: karikkampallil@gmail.com)