Breaking News

Trending right now:
Description
 
Nov 20, 2012

കാമറയ്‌ക്കുമുന്നില്‍ ശ്രേതയുടെ പ്രസവം വിവാദമാകുന്നു

image

ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വകാര്യവും അഭിമാനകരവുമായ മുഹൂര്‍ത്തമായ പ്രസവം സിനിമയ്‌ക്കുവേണ്ടി ചിത്രീകരിച്ചതു ചൂഷണവും മനുഷ്യാവകാശ ലംഘനവുമാണെന്നു സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്റെ അഭിപ്രായം വിവാദത്തിനു തിരികൊളുത്തിക്കഴിഞ്ഞു. പ്രശസ്‌ത നടി ശ്വേതാമേനോന്റെ പ്രസവം തല്‍സമയം കാമറയില്‍ പകര്‍ത്തിയ സംഭവമാണ്‌ ഇപ്പോള്‍ വിവാദം ഉണ്ടാക്കിയിരിക്കുന്നത്‌. പ്രസവം തല്‍സമയം കാമറയില്‍ പകര്‍ത്തിയ നടപടിയെ വിമര്‍ശിച്ച്‌ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ രംഗത്ത്‌ എത്തിയത്‌ കഴിഞ്ഞദിവസം കോട്ടയത്തുവച്ചായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താ റിപ്പോര്‍ട്ടിങിലെ ധാര്‍മികത എന്ന സെമിനാറില്‍ പ്രസംഗിക്കുമ്പോഴായിരുന്നു അഭിപ്രായം തുറന്നടിച്ചത്‌. പ്രസവിക്കുന്നതിലെ സ്വകാര്യത വേണ്ടെന്നുവച്ച്‌ ചിത്രീകരണത്തിന്‌ ഒരു സ്‌ത്രീ സമ്മതിച്ചാല്‍ പോലും അതിനു സംവിധായകന്‍ തയാറാകരുതായിരുന്നു. പ്രസവം എന്ന സ്വകാര്യത സിനിമയില്‍ പകര്‍ത്തിയത്‌ നവജാതശിശുവിന്റെ സ്വകാര്യതയ്‌ക്കുമേലുള്ള അമ്മയുടെ കടന്നുകയറ്റമാണ്‌. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും ആ സ്വകാര്യതയ്‌ക്ക്‌ അര്‍ഹതയുണ്ട്‌. അമ്മയുടെ ഉദരത്തിലുള്ള ഭ്രൂണത്തിനു പോലും സ്വകാര്യതയുണ്ട്‌. അതുകൊണ്ടാണ്‌ ഭ്രൂണഹത്യ നിരുത്സാഹപ്പെടുത്തുന്നതെന്നും കാര്‍ത്തികേയന്‍ പറഞ്ഞിരുന്നു.

അതോടൊപ്പം ഇതേ കുട്ടിയുമായി നടി അവാര്‍ഡ്‌ വാങ്ങാനെത്തി മാധ്യമ ശ്രദ്ധ പിടിച്ചതും വാണിജ്യവത്‌കരണത്തിന്റെ ഭാഗമാണെന്നും ജി.കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രസവം ചിത്രീകരിക്കാന്‍ അനുവദിച്ച നടി ശ്വേതയുടെ നിലപാടിനെ ജി.സുധാകരന്‍ എംഎല്‍എയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ മുന്‍ എംപി സെബാസ്റ്റ്യന്‍ പോളും കാമറയ്‌ക്കു മുന്നിലെ പ്രസവത്തിനെതിരെ പരസ്യമായി രംഗത്തുവന്നത്‌. പ്രസവ ചിത്രീകരണം അധാര്‍മികമാണെന്നായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം. അമേരിക്കയില്‍ സ്വകാര്യത ലംഘിച്ചതിന്റെ ഏറ്റവും വലിയ കേസുണ്ടായത്‌ പ്രസവമുറിയില്‍ പുറത്തുനിന്ന്‌ ഒരാള്‍ കടന്നുകയറിയതിനാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇവിടെ അതേ സ്വകാര്യത വിപണനം ചെയ്യുകയാണ്‌. നടിക്ക്‌ സ്വകാര്യത വേണ്ടായിരിക്കാം. പക്ഷേ കുഞ്ഞിന്‌ അതിനുള്ള അവകാശമുണ്ട്‌. ഭ്രൂണാവസ്ഥയില്‍ തന്നെ മനുഷ്യാവകാശം ആരംഭിക്കുന്നു. അതിനെ ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.


കഴിഞ്ഞ സെപ്‌റ്റംബര്‍ 27നാണ്‌ ശ്വേത മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്‌. ഈ രംഗങ്ങള്‍ ലേബര്‍ റൂമില്‍ പ്രത്യേകം സജ്ജീകരിച്ച കാമറയില്‍ കളിമണ്ണ്‌ എന്ന ചിത്രത്തിനു വേണ്ടി സംവിധായകന്‍ ബ്ലസി പകര്‍ത്തിയിരുന്നു. മാതൃത്വത്തിന്റെ നന്മയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ബ്ലസിയുടെ പുതിയ ചിത്രമാണ്‌ കളിമണ്ണ്‌. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ പ്രധാന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ശ്വേതാമേനോനാണ്‌. ചിത്രത്തിലെ നായിക പ്രസവിക്കുന്ന രംഗത്ത്‌ ശ്വേതയുടെ യഥാര്‍ഥ പ്രസവം തന്നെ പ്രേക്ഷകരെ കാണിക്കാനായിരുന്നു പ്രസവ ചിത്രീകരണം. ചിത്രീകരിച്ച പ്രസവ രംഗങ്ങള്‍ കൈമോശം വരാതിരിക്കാന്‍ അതീവസുരക്ഷിതമായ സ്ഥലത്താണവ സൂക്ഷിച്ചിരിക്കുന്നത്‌. അടുത്തിടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡു വാങ്ങാനായി ശ്വേത തിരുവനന്തപുരത്ത്‌ എത്തിയത്‌ കുഞ്ഞിനെയുമായിട്ടായിരുന്നു. പ്രശസ്‌തിക്കുവേണ്ടിയാണ്‌ താന്‍ കാമറയ്‌ക്കു മുന്നില്‍ പ്രസവിച്ചതെന്നു വിശ്വസിക്കുന്ന സ്‌പീക്കര്‍ ജി.കാര്‍ത്തികേയനും ജി.സുധാകരനും ഇപ്പോള്‍ തനിക്കു കൂടുതല്‍ പ്രശസ്‌തിയാണ്‌ തരുന്നതെന്നും ഇതിന്‌ വളരെ നന്ദിയുണ്ടെന്നുമായിരുന്നു ശ്വേത മേനോന്‍ പ്രതികരിച്ചത്‌.