Breaking News

Trending right now:
Description
 
Aug 05, 2014

മഴക്കാലത്തുതന്നെ പ്രദേശങ്ങള്‍ അടയാളപ്പെടുത്തണം

image ആലപ്പുഴ: പട്ടണത്തില്‍ മഴക്കാലമാകുമ്പോള്‍ പല പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടുകളാകുന്നത് ശാസ്ത്രീയമായ നടപടികളിലൂടെ ഒഴിവാക്കണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

ഇക്കാലമത്രയും വെള്ളമൊഴുക്കിക്കളയാന്‍ ശാസ്ത്രീയമായ ഒരു നടപടിയും മുനിസിപ്പാലിറ്റി സ്വീകരിച്ചതായി കാണുന്നില്ല. പട്ടണത്തിനു നെടുകയും കുറുകെയും കനാലുകളും തോടുകളും കാണകളും, ചേര്‍ന്നു തന്നെ കടലും കായലും ഉണ്ടായിട്ടും ആരുമതിന് എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്നതാണ് അത്ഭുതം. 

കരയോ കാണയോ?: ആലപ്പുഴ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രദേശത്ത് കുരിശടി റോഡിനു വശത്തുള്ള കാണ മാലിന്യം നിറഞ്ഞു വെള്ളമൊഴുകാത്ത വിധത്തില്‍ പുല്ലു വളര്‍ന്ന നിലയില്‍.

വെള്ളപ്പൊക്കവും കൊതുകുശല്യവും മാരകരോഗങ്ങള്‍ പരക്കലും പതിവുപോലെ വര്‍ഷംതോറും ആവര്‍ത്തിച്ചാലും ഭരണകൂടത്തേയും ജനപ്രതിനിധികളേയും അക്കാര്യങ്ങള്‍ ഒരു തരത്തിലും അലട്ടുന്നില്ലെന്നാണ് അനുഭവം പഠിപ്പിക്കുന്നത്.

പട്ടണത്തിലെ കാണകളും ചെറുതോടുകളും മഴക്കാലപൂര്‍വമായി മാലിന്യങ്ങളും പടര്‍പ്പുകളും മണ്ണും ചെളിയും നീക്കിയിട്ടാല്‍ തന്നെ ഒരുമാതിരിപ്പെട്ട വെള്ളം നിമിഷങ്ങള്‍ക്കുള്ളില്‍ ഒഴുകിപ്പോകും. എന്നാലത് ചെയ്യാത്തതിനാല്‍ പട്ടണവാസികള്‍ മൊത്തം പീഢ അനുഭവിക്കണം.

അശാസ്ത്രീയമായ കാണനിര്‍മാണവും അതിനു മുകളിലെ സ്ലാബിടലും ആര്‍ക്കാണ്ടുംവേണ്ടി ഓക്കാനിക്കുന്ന രീതിയിലാണ് നടത്തുന്നത്. കാണയിലേക്ക് വെള്ളം വീഴുമെന്നോ അത് ഒഴുകി എങ്ങോട്ടെങ്കിലും പോകുമെന്നോ ആര്‍ക്കുമറിയില്ല. സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള കുഴല്‍ കാണയിലേക്കു തുറന്നിടാനോ കാണകള്‍ക്കു മുകളില്‍ സ്ഥിരനിര്‍മ്മിതികള്‍ പണിയാനോ പലര്‍ക്കും ഒരു കൂസലുമില്ല. അതൊക്കെ തടയാന്‍ നാട്ടില്‍ അധികാരികളുമില്ല.

മഴ പെയ്തു റോഡിലും മറ്റും വെള്ളം തളംകെട്ടിക്കിടക്കാന്‍ തുടങ്ങുമ്പോള്‍ താത്കാലിക സംവിധാനങ്ങളുമായി നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങുകയാണ് പതിവ്. റോഡിനു കുറുകെ ഡിപ്പ് ഉണ്ടാക്കി യാത്രക്കാരുടെ നടുവൊടിക്കുന്ന വിധത്തില്‍ പോലും വെള്ളം ഒഴുക്കിക്കളയാന്‍ ശ്രമം നടത്തും.

പട്ടണത്തെ മൊത്തമായി എടുത്ത് ശാസ്ത്രീയമായ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ആലപ്പുഴയില്‍ ഉടനേ ചെയ്യേണ്ടത്. അതിന് നിലവിലുള്ള കാണകളില്‍ കൂടി വെള്ളം ഒഴുകുന്നുണ്ടോയെന്നു ആദ്യമായി പരിശോധന നടത്തണം. കാണകളില്‍ മാലിന്യം നിറയാതിരിക്കാന്‍ ശ്രദ്ധ വയ്ക്കണം. സ്വാഭാവികമായി ഉണ്ടാകാവുന്ന തടസ്സങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം. റോഡു നിര്‍മ്മിക്കുമ്പോഴും അറ്റകുറ്റപ്പണികള്‍ നടത്തുമ്പോഴും റോഡിന്റെ നടുഭാഗം ഉയര്‍ന്നു വശങ്ങളിലേക്കു വെള്ളം ഒഴുകുന്ന രീതിയിലാക്കണം. വലിയ ആഴത്തിലുള്ള കാണകള്‍ ഒഴിവാക്കി വെള്ളം ഒഴുകിപ്പോകാന്‍ തക്ക വിധത്തിലുള്ളതും വാഹനങ്ങള്‍ക്കു കയറിയിറങ്ങിപ്പോകാന്‍ തടസമില്ലാത്തതുമായ ചെറുപാത്തികള്‍ക്ക് (ഐറിഷ് ഡ്രെയിന്‍) സമതല പ്രദേശമായ ആലപ്പുഴയില്‍ മുന്‍ഗണന നല്കണം. റോഡുകളില്‍ ചെളി കെട്ടാതിരിക്കാന്‍ ടാര്‍ ചെയ്യുകയോ ടൈലുകള്‍ വിരിക്കുകയോ ചെയ്യണം. ഇടറോഡുകളുടെ വീതി മുഴുവന്‍ ടാര്‍ ചെയ്ത് പാത്തിയും സ്ഥാപിച്ചാല്‍ വഴിവക്കില്‍ പുല്ലുവളര്‍ന്നു മാലിന്യക്കൂമ്പാരമാകുന്നതും ഒഴിവാക്കാം.

പട്ടണത്തിലെ റസിഡന്റ്‌സ് അസോസിയേഷനുകള്‍, ജനപ്രതിനിധികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ വെള്ളക്കെട്ടു റോഡുകളും പ്രദേശങ്ങളും മഴക്കാലത്തു തന്നെ അടയാളപ്പെടുത്തി ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ടി.ആര്‍.എ ആവശ്യപ്പെട്ടു.