Breaking News

Trending right now:
Description
 
Aug 04, 2014

ഇറച്ചിക്കോഴികളില്‍ ആന്റിബയോട്ടിക്കുകള്‍; നടപടിസ്വീകരിക്കണമെന്ന്‌ ഐഎംഎ

image മനുഷ്യ ശരീരത്തിനു ദോഷകരമായ ആന്റിബയോട്ടിക്കുകള്‍ കോഴികളില്‍ രോഗചികില്‍സയ്‌ക്കായി ഉപയോഗിക്കുന്നതു നിരോധിക്കണമെന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. കോഴിയിറച്ചിയിലെ മരുന്നിന്റെ സാന്നിധ്യം മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ കണ്ടെത്തിയിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ഇത്‌ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്‌. കോഴികളുടെ തൂക്കം ഇരട്ടിയാകുന്നതിനായി അമിതമായ അളവില്‍ ഹോര്‍മോണുകള്‍ നല്‍കുന്നതായി നേരത്തേ കണ്ടെത്തിയിട്ടുണ്ട. എന്നാല്‍ ആന്റിബയോട്ടികളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതവേണമെന്ന്‌ ഐഎംഎ പറയുന്നത്‌. ആന്റിബയോട്ടിക്കുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നതോടൊപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷി നശിപ്പിക്കും. ഇവ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക്‌ ഇടവരുത്തുമെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു. സ്റ്റിറോയിഡുകള്‍ അടങ്ങിയ കോഴിയിറച്ചി കഴിച്ചാല്‍ അമിതവണ്ണം, വന്ധ്യത, അണ്ഡാശയ രോഗങ്ങള്‍ തുടങ്ങിയവയ്‌ക്കും കാരണമാകും. ആന്റിബയോട്ടിക്കിന്റെ അമിതമായ സാന്നിധ്യം ഇറച്ചിയിലുണ്ടായാല്‍ മാനസിക പ്രശ്‌നങ്ങള്‍ക്കു കാരണമാകാം. ഇത്തരത്തിലുള്ള കോഴിയിറച്ചിയുടെ ദീര്‍ഘ നാളത്തെ ഉപയോഗം കുട്ടികളുടെ ഓര്‍മശക്‌തിയെയും ബുദ്ധിശക്‌തിയെയും സാരമായി ബാധിക്കുമെന്നു ആരോഗ്യമേഖലയിലെ വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌ നടത്തിയ പഠനത്തിലാണു ഇറച്ചിക്കോഴികളില്‍ മാരകമായ ആറു തരം ആന്റിബയോട്ടിക്കുകള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്‌. ഇറച്ചിക്കോഴികളില്‍ ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരളമുള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ ഭക്ഷ്യ കമ്മീഷണര്‍മാര്‍ക്ക്‌ നിരീക്ഷണം ശക്തമാക്കാന്‍ ഭക്ഷ്യ അഥോറിറ്റി നിര്‍ദേശം നല്‍കികഴിഞ്ഞു. .